IPL 2025: ഗോയങ്കെയില്‍ നിന്നും രക്ഷപ്പെടാന്‍ പന്തിന് നിര്‍ണായകം; ലഖ്‌നൗ ഇന്ന് മുംബൈയ്‌ക്കെതിരെ
Lucknow Super Giants vs Mumbai Indians: ഋഷഭ് പന്തിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരം ബാറ്റിങില്‍ അമ്പേ പരാജയമായിരുന്നു. 0, 15, 2 എന്നിങ്ങനെയാണ് മൂന്ന് മത്സരങ്ങളിലെ താരത്തിന്റെ പ്രകടനം. ലഖ്‌നൗവിന്റെ ഓരോ മത്സരത്തിനും ശേഷവും ടീമുടമ സഞ്ജീവ് ഗോയങ്ക അതൃപ്തി ഭാവത്തില്‍ പന്തുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിവുകാഴ്ചയാണ്

ഐപിഎല്ലില്‍ ഇന്ന് തുല്യദുഖിതരുടെ പോരാട്ടം. മുംബൈ ഇന്ത്യന്‍സും, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടും. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം തോല്‍വികളും, ഓരോ ജയവുമാണ് ഇരുടീമുകളുടെയും സമ്പാദ്യം.ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ ലഖ്‌നൗ, രണ്ടാമത്തെ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചിരുന്നു. മൂന്നാമത്തെ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റു. മൂന്ന് മത്സരങ്ങളിലും ടോപ് സ്‌കോററായ നിക്കോളാസ് പുരന്റെ ബാറ്റിങ് ഫോമിലാണ് (75, 70, 44) ലഖ്‌നൗവിന്റെ പ്രതീക്ഷ. മിച്ചല്‍ മാര്‍ഷും തകര്‍പ്പന്‍ ഫോമിലാണ്. പഞ്ചാബിനെതിരെ പൂജ്യത്തിന് പുറത്തായെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും മാര്‍ഷ് അര്‍ധശതകം നേടിയിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ മുംബൈ ഇന്ത്യന്‍സ്, മൂന്നാമത്തെ പോരാട്ടത്തില്‍ കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്തിരുന്നു. സൂര്യകുമാര്‍ യാദവ്, റിയാന്‍ റിക്കല്‍ട്ടണ്‍ തുടങ്ങിയവര്‍ ഫോമായത് മുംബൈയ്ക്ക് ആത്മവിശ്വാസം സമ്മാനിക്കുന്നുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ബൗളര്‍മാരും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.
പുതുമുഖ താരം അശ്വനി കുമാറാണ് ബൗളിങ് ആക്രമണത്തിലെ തുറുപ്പുചീട്ട്. കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന അരങ്ങേറ്റ മത്സരത്തില്‍ താരം നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ഇന്ന് പ്ലേയിങ് ഇലവനിലുണ്ടാകുമോയെന്ന് വ്യക്തമല്ല. ചെന്നൈയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഉജ്ജ്വല പ്രകടനം കാഴ്ചവച്ച വിഘ്‌നേഷിനെ ഗുജറാത്തിനെതിരെ കളിപ്പിച്ചിരുന്നില്ല. കൊല്‍ക്കത്തയ്‌ക്കെതിരെ താരം ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും രണ്ടോവറില്‍ 21 റണ്‍സ് വഴങ്ങി.




പന്തിന് നിര്‍ണായകം
ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്തിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും താരം ബാറ്റിങില്‍ അമ്പേ പരാജയമായിരുന്നു. 0, 15, 2 എന്നിങ്ങനെയാണ് മൂന്ന് മത്സരങ്ങളിലെ താരത്തിന്റെ പ്രകടനം. ലഖ്‌നൗവിന്റെ ഓരോ മത്സരത്തിനും ശേഷവും ടീമുടമ സഞ്ജീവ് ഗോയങ്ക അതൃപ്തി ഭാവത്തില്‍ പന്തുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിവുകാഴ്ചയാണ്. ഇന്നും ഫോം ഔട്ടായാല്‍ താരം ഏറെ വിമര്‍ശിക്കപ്പെടുമെന്ന് തീര്‍ച്ച.
Read More: IPL 2025: ‘അവരെ കളിക്കാൻ വിടൂ; ഇതൊക്കെ രഹസ്യമായി ആവാമല്ലോ’: സഞ്ജീവ് ഗോയങ്കക്കെതിരെ മുൻ താരം
നിരാശപ്പെടുത്തുന്ന രോഹിത്
മുന്‍ക്യാപ്റ്റന്‍ രോഹിത് ശര്‍മ കാഴ്ചവയ്ക്കുന്ന പരിതാപകരമായ പ്രകടനമാണ് മുംബൈയുടെ തലവേദന. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ രോഹിതിന് ഗുജറാത്തിനെതിരെ നേടാനായത് എട്ടു റണ്‍സ് മാത്രം. കൊല്‍ക്കത്തയ്‌ക്കെതിരെയും താരം നിരാശപ്പെടുത്തി (13 റണ്‍സ്).
മത്സരം എപ്പോള്‍, എവിടെ?
ലഖ്‌നൗ ഏകാന സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. സ്റ്റാര്‍സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോ ഹോട്ട്‌സ്റ്റാറിലും കാണാം.