IPL 2025: പന്ത് പൂജ്യത്തിന് പുറത്ത്, മാര്‍ഷും നിക്കോളാസും തിളങ്ങി; ഡല്‍ഹിയുടെ വിജയലക്ഷ്യം 210 റണ്‍സ്
Lucknow Super Giants vs Delhi Capitals: മാര്‍ഷും പൂരനും ഡല്‍ഹി ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി. രണ്ടാം വിക്കറ്റില്‍ 87 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. 11.4 ഓവറില്‍ മുകേഷ് കുമാറിന്‍രെ പന്തില്‍ മാര്‍ഷിനെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് പിടികൂടിയതോടെ ആ കൂട്ടുക്കെട്ടിന് അവസാനമായി. പിന്നീടെത്തി ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ ഒരു വശത്ത് സാക്ഷിയാക്കി പൂരന്‍ അടിച്ചുതകര്‍ക്കുകയായിരുന്നു

രണ്ടേ രണ്ടു പേരുടെ ബാറ്റിങ് കരുത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 209 റണ്‍സാണ് ലഖ്‌നൗ നേടിയത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെയും നിക്കോളാസ് പുരന്റെയും ബാറ്റിങാണ് ലഖ്‌നൗവിന് തുണയായത്. 36 പന്തുകള്‍ നേരിട്ട മാര്‍ഷ് 72 റണ്‍സെടുത്തു. ആറു വീതം ഫോറും സിക്‌സറും താരം പായിച്ചു. 30 പന്തില്‍ ആറു ഫോറിന്റെയും ഏഴ് സിക്‌സിന്റെയും മേമ്പൊടിയോടെ 75 റണ്‍സാണ് പൂരന്‍ നേടിയത്.
ടോസ് നേടിയ ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗവിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ എയ്ഡന്‍ മര്‍ക്രമും, മാര്‍ഷും 4.4 ഓവറില്‍ 46 റണ്‍സെടുത്തു. 13 പന്തില്‍ 15 റണ്‍സെടുത്ത മാര്‍ക്രം വിപ്രജ് നിഗമിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി ഔട്ടാവുകയായിരുന്നു. രണ്ടാം വിക്കറ്റിലെ മാര്‍ഷ്-പൂരന്‍ കൂട്ടുക്കെട്ട് ഡല്‍ഹിക്ക് തലവേദനയായി.




ഇരുവരും ഡല്‍ഹി ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി. രണ്ടാം വിക്കറ്റില്‍ 87 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. 11.4 ഓവറില്‍ മുകേഷ് കുമാറിന്‍രെ പന്തില്‍ മാര്‍ഷിനെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് പിടികൂടിയതോടെ ആ കൂട്ടുക്കെട്ടിന് അവസാനമായി. പിന്നീടെത്തി ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ ഒരു വശത്ത് സാക്ഷിയാക്കി പൂരന്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.
ലഖ്‌നൗ സ്‌കോര്‍ബോര്‍ഡ് 161ല്‍ എത്തിയപ്പോള്‍ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ആറു പന്തു നേരിട്ട പന്തിന് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല. കുല്‍ദീപ് യാദവിന്റെ പന്തിലാണ് പന്തിന് പിഴച്ചത്. പന്തിന്റെ ഷോട്ടിനുള്ള ശ്രമം ഫാഫ് ഡു പ്ലെസിസിന്റെ കൈകളില്‍ ചെന്നാണ് അവസാനിച്ചത്. തൊട്ടുപിന്നാലെ പൂരനും പുറത്തായി.
മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ആയുഷ് ബദോനിയും പെട്ടെന്ന് മടങ്ങി. അഞ്ച് പന്തില്‍ നാല് റണ്‍സെടുത്ത ബദോനി കുല്‍ദീപിന് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. തുടര്‍ന്ന് അവസാന ഓവറുകളില്‍ ഡേവിഡ് മില്ലര്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ലഖ്‌നൗ സ്‌കോര്‍ 200 കടത്തിയത്. താരം പുറത്താകാതെ 19 പന്തില്‍ 27 റണ്‍സെടുത്തു. ഡല്‍ഹിക്ക് വേണ്ടി സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും, കുല്‍ദീപ് രണ്ട് വിക്കറ്റും, വിപ്രജും, മുകേഷും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.