IPL 2025: അപമാനിച്ചിറക്കിവിട്ടവർക്ക് മുന്നിൽ കെഎൽ രാഹുലിൻ്റെ ക്ലിനിക്കൽ ഷോ; ലഖ്നൗവിനെ വീഴ്ത്തി പ്ലേ ഓഫിലേക്കടുത്ത് ഡൽഹി
DC Wins Against LSG: ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ എട്ട് വിക്കറ്റ് ജയവുമായി ഡൽഹി ക്യാപിറ്റൽസ്. പഴയ ടീമിനെതിരെ ഫിഫ്റ്റിയടിച്ച് മുന്നിൽ നയിച്ച കെഎൽ രാഹുലിൻ്റെ മികവിലാണ് ഡൽഹി തകർപ്പൻ ജയം കുറിച്ചത്.

ഐപിഎലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തോല്പിച്ച് ഡൽഹി ക്യാപിറ്റൽസ്. എട്ട് വിക്കറ്റിന് ലഖ്നൗവിനെ വീഴ്ത്തിയ ഡൽഹി ഇതോടെ ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ചു. ലഖ്നൗ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി 18ആം ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു. കെഎൽ രാഹുൽ (57) ആണ് ഡൽഹിയുടെ ടോപ്പ് സ്കോറർ.
അനായാസമായിരുന്നു ഡൽഹിയുടെ റൺ ചേസ്. കരുൺ നായരെ (15) വേഗത്തിൽ നഷ്ടമായെങ്കിലും അഭിഷേക് പോറലും കെഎൽ രാഹുലും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഡൽഹിയുടെ വിജയം ഉറപ്പിച്ചു. രാഹുൽ സാവധാനം തുടങ്ങിയപ്പോൾ പോറൽ തൻ്റെ മികച്ച ഫോം തുടർന്നു. 33 പന്തിലാണ് പോറൽ ഫിഫ്റ്റി തികച്ചത്. പിന്നാലെ 36 പന്തിൽ 81 റൺസ് നേടി താരം പുറത്താവുകയും ചെയ്തു.
നാലാം നമ്പറിലെത്തിയ ക്യാപ്റ്റൻ അക്സർ പട്ടേൽ ആക്രമണം തുടർന്നപ്പോൾ ഡൽഹി അനായാസം കുതിച്ചു. അനായാസം ബാറ്റ് വീശിയ താരത്തിനൊപ്പം രാഹുലും ക്രീസിൽ ഉറച്ചുനിന്നു. ഈ സഖ്യം തന്നെ ഡൽഹിയെ വിജയത്തിലെത്തിക്കുകയും ചെയ്തു. അപരാജിതമായ 56 റൺസ് കൂട്ടുകെട്ടാണ് സഖ്യം മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയത്. ഇതിനിടെ 40 പന്തിൽ ഫിഫ്റ്റി നേടിയ രാഹുൽ ഒരു സിക്സറിലൂടെ വിജയറൺ കുറിച്ചു. രാഹുലും (42 പന്തിൽ 57) അക്സർ പട്ടേലും (20 പന്തിൽ 34) നോട്ടൗട്ടാണ്.
ജയത്തോടെ ഡൽഹി രണ്ടാം സ്ഥാനം ഉറപ്പിച്ചു. എട്ട് മത്സരങ്ങളിൽ ആറ് ജയം സഹിതം ഡൽഹിയ്ക്ക് 12 പോയിൻ്റുണ്ട്. 9 കളി അഞ്ച് ജയം സഹിതം 10 പോയിൻ്റുള്ള ലഖ്നൗ അഞ്ചാം സ്ഥാനത്താണ്.