IPL 2025: ബാറ്റിങിന് ഇറങ്ങാന്‍ മടി, ഒടുവില്‍ നേരിട്ട രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡ്; പന്തിന് എന്തുപറ്റി?
IPL 2025 Delhi Capitals vs Lucknow Super Giants: വിക്കറ്റുകള്‍ കൊഴിഞ്ഞുവീഴുമ്പോഴും ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് ബാറ്റിങിന് ഇറങ്ങാന്‍ മടിക്കുന്നതെന്ത് എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യം. ഡല്‍ഹിക്കെതിരെ ഏഴാമതാണ് താരം ബാറ്റിങിന് എത്തിയത്. സീസണില്‍ അങ്ങേയറ്റം മോശം ഫോമിലാണ് താരം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 160 റണ്‍സ് വിജയലക്ഷ്യം. ലഖ്‌നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍പ്പന്‍ ഫോമിലുള്ള എയ്ഡന്‍ മര്‍ക്രമും, മിച്ചല്‍ മാര്‍ഷും ഇത്തവണയും ലഖ്‌നൗവിന് മികച്ച തുടക്കം നല്‍കി. ഇരുവരുടെയും ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് പത്തോവറില്‍ ലഖ്‌നൗവിന് 87 റണ്‍സ് സമ്മാനിച്ചു. ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ ഇതാദ്യമായി അവസരം ലഭിച്ച ശ്രീലങ്കന്‍ താരം ദുശ്മന്ത ചമീരയാണ് ലഖ്‌നൗവിന്റെ ഓപ്പണിങ് കൂട്ടുക്കെട്ടില്‍ വിള്ളല്‍ വീഴ്ത്തിയത്. 33 പന്തില്‍ 52 റണ്‍സെടുത്ത മര്‍ക്രം ചമീരയുടെ പന്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കി ഔട്ടാവുകയായിരുന്നു.
ലഖ്‌നൗവിന്റെ കരുത്തായ നിക്കോളാസ് പുരന് ഡല്‍ഹിക്കെതിരെ തിളങ്ങാന്‍ സാധിച്ചില്ല. അഞ്ച് പന്തില്‍ ഒമ്പത് റണ്‍സെടുത്ത പുരനെ മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ സന്ദീപ് ശര്‍മയെ അവസാന ഓവറില്‍ നാല് സിക്‌സറുകള്‍ക്ക് പറത്തി ലഖ്‌നൗവിന്റെ വിജയശില്‍പിയായ അബ്ദുല്‍ സമദും ഡല്‍ഹിക്കെതിരെ നിരാശപ്പെടുത്തി. എട്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത സമദ് മുകേഷ് കുമാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.




മുകേഷ് കുമാര്‍ വീണ്ടും ആഞ്ഞടിച്ചതോടെ മിച്ചല്‍ മാര്‍ഷും ഔട്ടായി. 36 പന്തില്‍ 45 റണ്‍സാണ് മാര്‍ഷ് നേടിയത്. മാര്‍ഷ് കൂടി ഔട്ടായതോടെ ലഖ്‌നൗ പ്രതിരോധത്തിലായി. ഇമ്പാക്ട് പ്ലയറായെത്തിയ ആയുഷ് ബദോനി അവസാന ഓവറുകളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ലഖ്‌നൗവിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
21 പന്തില്‍ 39 റണ്‍സെടുത്ത ബദോനിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മുകേഷ് കുമാര്‍ മത്സരത്തിലെ മൂന്നാം വിക്കറ്റ് തികച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ഋഷഭ് പന്തിനെ നേരിട്ട രണ്ടാം പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് മുകേഷ് വിക്കറ്റ് നേട്ടാം നാലാക്കി ഉയര്‍ത്തി. പന്ത് പൂജ്യത്തിന് പുറത്തായി. 15 പന്തില്‍ 14 റണ്‍സെടുത്ത മില്ലര്‍ പുറത്താകാതെ നിന്നു.
Read Also: IPL 2025: 23.75 കോടിയുടെ താരം, തുഴഞ്ഞ് ടീമിനെ തോല്‍പിച്ചു; വെങ്കടേഷ് അയ്യര്‍ക്ക് പൊങ്കാല
ബാറ്റിങിന് ഇറങ്ങാന്‍ മടിച്ച് ഋഷഭ് പന്ത്
വിക്കറ്റുകള്‍ കൊഴിഞ്ഞുവീഴുമ്പോഴും ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് ബാറ്റിങിന് ഇറങ്ങാന്‍ മടിക്കുന്നതെന്ത് എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യം. ഡല്‍ഹിക്കെതിരെ ഏഴാമതാണ് താരം ബാറ്റിങിന് എത്തിയത്. സീസണില്‍ അങ്ങേയറ്റം മോശം ഫോമിലാണ് താരം. ഒരേയൊരു മത്സരത്തിലാണ് താരം അര്‍ധ സെഞ്ചുറി നേടിയത്. നേരത്തെ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിലും താരം ലോവര്‍ ഓര്‍ഡറിലേക്ക് സ്വയം തരംതാഴ്ത്തിയിരുന്നു. പന്തിന് എന്തു പറ്റിയെന്നതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.