IPL 2025: മായങ്ക് യാദവ് മാച്ച് ഫിറ്റല്ലെന്ന് പറയാൻ എൻസിഎയോട് ലഖ്നൗ മാനേജ്മെൻ്റ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകൾ; വിവാദം പുകയുന്നു
IPL 2025 - Mayank Yadav: തങ്ങളുടെ ഫാസ്റ്റ് ബൗളറായ മായങ്ക് യാദവ് മാച്ച് ഫിറ്റല്ലെന്ന് പറയാൻ നാഷണൽ ക്രിക്കറ്റ് അക്കാദമിയോട് ലഖ്നൗ സൂപ്പർ ജയൻ്റ്സ് മാനേജ്മെൻ്റ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇതിന് സാധ്യമല്ലെന്ന് എൻസിഎ മറുപടി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.

നാഷണൽ ക്രിക്കറ്റ് അക്കാദമിയും (എൻസിഎ) ഐപിഎൽ ടീമായ ലഖ്നൗ സൂപ്പർ ജയൻ്റ്സ് മാനേജ്മെൻ്റും തമ്മിൽ അസ്വാരസ്യങ്ങളെന്ന് റിപ്പോർട്ട്. പരിക്കേറ്റ് ചികിത്സയിലുള്ള ഫാസ്റ്റ് ബൗളർ മായങ്ക് യാദവ് സീസൺ അവസാനിക്കുന്നത് വരെ മാച്ച് ഫിറ്റാവില്ലെന്ന് പറയാൻ എൽഎസ്ജി മാനേജ്മെൻ്റ് എൻസിഎയോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.
ഐപിഎലിൻ്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച മായങ്ക് യാദവ് മാച്ച് ഫിറ്റാവുമെന്നാണ് എൻസിഎ അറിയിച്ചിരിക്കുന്നത്. എന്നാൽ, അത് തങ്ങളുടെ പദ്ധതികൾ തകിടം മറിയ്ക്കുമെന്ന് എൽഎസ്ജി മാനേജ്മെൻ്റ് കരുതുന്നു. അതുകൊണ്ട് തന്നെ സീസൺ അവസാനിക്കും വരെ മായങ്ക് യാദവ് മാച്ച് ഫിറ്റാവില്ലെന്ന് പറയാൻ ലഖ്നൗ മാനേജ്മെൻ്റ് എൻസിഎയോട് ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ മായങ്കിൻ്റെ ഇഞ്ചുറി റീപ്ലേസ്മെൻ്റായി എൽഎസ്ജിയ്ക്ക് മറ്റൊരു താരത്തെ ടീമിലെത്തിക്കാനാവും. ലഖ്നൗവിൻ്റെ മറ്റ് ചില പേസർമാർക്കും ഫിറ്റ്നസ് പ്രശ്നങ്ങളുണ്ട്. അതിനാൽ റീപ്ലേസ്മെൻ്റ് താരത്തെ ടീമിലെത്തിക്കാൻ എൽഎസ്ജി ശ്രമിക്കുന്നുണ്ട്. എന്നാൽ, മായങ്ക് അൺഫിറ്റാണെന്ന് പറയുക സാധ്യമല്ലെന്ന് എൻസിഎ പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലഖ്നൗ മാനേജ്മെൻ്റിലെ ഒരു മുതിർന്ന അംഗം എൻസിഎയെ ബന്ധപ്പെട്ട് ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലൊരാവശ്യം ആദ്യമായാണ് ഒരു ഐപിഎൽ ടീം ഉയർത്തുന്നത് എന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആവശ്യം കേട്ട് എൻസിഎ ഞെട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.




ലഖ്നൗവിൻ്റെ പ്രധാന പേസർമാരായ മൊഹ്സിൻ ഖാനും ആവേശ് ഖാനും മാച്ച് ഫിറ്റല്ലെന്ന് സൂചനകളുണ്ട്. ഇരുവരും ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസിനായി കാത്തിരിക്കുകയാണ്. മാർച്ച് 24ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ആദ്യ മത്സരം.
Also Read: IPL 2025: ഐപിഎലിൽ നിന്ന് പിന്മാറി; ഹാരി ബ്രൂക്കിനെ രണ്ട് വർഷത്തേക്ക് വിലക്കിയെന്ന് റിപ്പോർട്ട്
2025 ഐപിഎൽ ലേലത്തിൽ 11 കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് മായങ്ക് യാദവിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ ഐപിഎലിലെ തകർപ്പൻ പ്രകടനങ്ങളെ തുടർന്ന് താരം ഇന്ത്യക്കായി അരങ്ങേറിയിരുന്നു. എന്നാൽ, ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ മത്സരത്തിന് ശേഷം 2024 ഒക്ടോബർ മുതൽ മായങ്ക് പരിക്കേറ്റ് ചികിത്സയിലാണ്.
ഈ മാസം 22നാണ് ഐപിഎലിൻ്റെ 18ആം സീസൺ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഈഡൻ ഗാർഡൻസിൽ തന്നെയാണ് ഫൈനൽ.