IPL 2025: ‘ആ പരിചയം ഇനി വേണ്ട’; സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് കെഎൽ രാഹുൽ: വിഡിയോ വൈറൽ
KL Rahul Ignores Sanjiv Goenka: സഞ്ജീവ് ഗോയങ്കയെ അവഗണിക്കുന്ന കെഎൽ രാഹുലിൻ്റെ വിഡിയോ വൈറൽ. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിന് ശേഷമായിരുന്നു സംഭവം.

തൻ്റെ മുൻ ടീമായ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് ഡൽഹി ക്യാപിറ്റൽസ് താരം കെഎൽ രാഹുൽ. മത്സരത്തിൽ വിജയിച്ചതിന് ശേഷം തിരികെ മടങ്ങുന്നതിനിടെ പരസ്പരം ഹസ്തദാനം നൽകുന്നതിനിടെയാണ് രാഹുൽ ഗോയങ്കയെ അവഗണിച്ചത്. ഹസ്തദാനം ചെയ്തെങ്കിലും ഗോയങ്ക എന്തോ പറഞ്ഞത് കേൾക്കാൻ നിൽക്കാതെ രാഹുൽ നടക്കുകയായിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കഴിഞ്ഞ സീസണിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ക്യാപ്റ്റനായിരുന്ന കെഎൽ രാഹുലിനെ പരസ്യമായി സഞ്ജീവ് ഗോയങ്ക ശാസിച്ചത് ഏറെ ചർച്ചയായിരുന്നു. സീസണൊടുവിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് കെഎൽ രാഹുലിനെ റിലീസ് ചെയ്യുകയും ചെയ്തു. തങ്ങളുടെ ആദ്യ മത്സരത്തിൽ ഡൽഹി ലഖ്നൗവിനെയാണ് നേരിട്ടത്. ഈ കളി രാഹുൽ കളിച്ചിരുന്നില്ല. തൻ്റെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ടായിരുന്നു രാഹുൽ മത്സരത്തിൽ നിന്ന് വിട്ടുനിന്നത്. പിന്നീട് ഇരു ടീമുകളും തമ്മിൽ കളിച്ചത് ഇന്നലെ. ഈ കളി പുറത്താവാതെ ഫിഫ്റ്റിയടിച്ച് താരം ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ഗോയങ്ക – രാഹുൽ പ്രശ്നം.




വിഡിയോ കാണാം
KL Rahul walking away from Goenka 😭😭😭😭
Absolute Cinema ❤️🥵🥵#LSGvsDC #KLRahulpic.twitter.com/28QpmZnBJR
— Pan India Review (@PanIndiaReview) April 22, 2025
ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻ സ്ഥാനം കെഎൽ രാഹുലിന് ആദ്യം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, രാഹുൽ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തയ്യാറായില്ല. ലേലത്തിൽ 14 കോടി രൂപ മുടക്കിയാണ് കെഎൽ രാഹുലിനെ ഡൽഹി ടീമിലെത്തിച്ചത്. ഡൽഹിയുടെ മുൻ ക്യാപ്റ്റൻ ഋഷഭ് പന്തിനെ 27 കോടിയെന്ന റെക്കോർഡ് തുകയ്ക്ക് ലഖ്നൗവും ടീമിലെത്തിച്ചു. ടീം ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നതെങ്കിലും സീസണിൽ പന്ത് വളരെ മോശം ഫോമിലാണ്.
മത്സരത്തിൽ ലഖ്നൗവിനെ എട്ട് വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസ് തോല്പിച്ചത്. ഇതോടെ ഡൽഹി ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ചു. ലഖ്നൗ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം 18ആം ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടന്നു. കെഎൽ രാഹുൽ (57 നോട്ടൗട്ട്) ആണ് ഡൽഹിയുടെ ടോപ്പ് സ്കോറർ.