IPL 2025: കൊല്‍ക്കത്തയുടെ തമ്പുരാനേ ! തകര്‍ത്തടിച്ച് നായകന്‍ രഹാനെ; ആര്‍സിബിയുടെ വിജയലക്ഷ്യം 175 റണ്‍സ്
Kolkata Knight Riders vs Royal Challengers Bengaluru: അജിങ്ക്യ രഹാനെയും, സുനില്‍ നരേനും മത്സരം കൊല്‍ക്കത്തയുടെ വരുതിയിലാക്കുന്നുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍ക്കാണ് ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സാക്ഷിയായത്. നരേനെ മറുക്രീസില്‍ സാക്ഷിയാക്കി രഹാനെയാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രഹാനെ എവിടെ നിര്‍ത്തിയോ, അത് ഐപിഎല്ലിലും തുടരുകയായിരുന്നു

കൊല്‍ക്കത്ത: മികച്ച തുടക്കം മുതലാക്കാനാകാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റര്‍മാര്‍ക്ക് അമ്പേ പിഴച്ച മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയലക്ഷ്യം 175 റണ്‍സ്. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാറിന് പിഴച്ചില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യ ഓവര്‍. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ക്വിന്റോണ്‍ ഡി കോക്കിനെ പുറത്താക്കി ജോഷ് ഹേസല്‍വുഡാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചത്. അഞ്ച് പന്തില്‍ നാലു റണ്‍സെടുത്ത ഡികോക്ക് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.
എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും, ഓപ്പണര്‍ സുനില്‍ നരേനും മത്സരം കൊല്‍ക്കത്തയുടെ വരുതിയിലാക്കുന്നുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍ക്കാണ് ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സാക്ഷിയായത്. നരേനെ മറുക്രീസില്‍ സാക്ഷിയാക്കി രഹാനെയാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്.




സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രഹാനെ എവിടെ നിര്‍ത്തിയോ, അത് ഐപിഎല്ലിലും തുടരുകയായിരുന്നു. ഉടന്‍ തന്നെ നരേനും കൃത്യമായ ഇടവേളകളില്‍ ബൗണ്ടറി കണ്ടെത്തി ട്രാക്കിലെത്തി. ഒമ്പതോവറില്‍ 103 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ഒടുവില്‍ റാസിക് സലാമിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി നരേന്‍ പുറത്താകുമ്പോള്‍ (26 പന്തില്‍ 44) കൊല്‍ക്കത്തയുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ്. പിന്നിട്ടത് പത്തോവറും.
കൊല്‍ക്കത്ത അനായാസം 200 കടക്കുമെന്ന് തോന്നിപ്പിച്ച മത്സരത്തില്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. സ്‌കോര്‍ബോര്‍ഡില്‍ അധികമായി രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ കൊല്‍ക്കത്തയുടെ ടോപ് സ്‌കോററായ രഹാനെയും മടങ്ങി. 31 പന്തില്‍ ആറു ഫോറുകളുടെയും, നാല് സിക്‌സുകളുടെയും അകമ്പടിയോടെ 56 റണ്‍സാണ് രഹാനെ നേടിയത്. ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ റാസിക് സലാം ക്യാച്ചെടുക്കുകയായിരുന്നു.
പിന്നീട് കൊല്‍ക്കത്തയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. തുടര്‍ന്ന് വന്നവരില്‍ 22 പന്തില്‍ 30 റണ്‍സെടുത്ത ആങ്ക്രിഷ് രഘുവന്‍ശിക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. വെങ്കടേഷ് അയ്യര്‍-6, ആന്ദ്രെ റസല്‍-4 എന്നിവര്‍ക്ക് രണ്ടക്കം പോലും കടക്കാനായില്ല. റിങ്കു സിങ് 12 റണ്‍സെടുത്ത് പുറത്തായി. ആര്‍സിബിക്ക് വേണ്ടി ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹേസല്‍വുഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.