IPL 2025: പ്രതികാരം ചെയ്യാനെത്തിയ ശ്രേയസ് പൂജ്യത്തിന് പുറത്ത്; കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബ് ‘പഞ്ചവടിപ്പാല’മായി
IPL 2025 Punjab Kings vs Kolkata Knight Riders: മൂന്നാം ഓവര്‍ വരെ എല്ലാം ഭംഗിയായി പുരോഗമിച്ചു. തുടര്‍ന്നായിരുന്നു കൊല്‍ക്കത്ത ബൗളര്‍മാര്‍ പഞ്ചാബിന് നാശനഷ്ടം വരുത്താന്‍ ആരംഭിച്ചത്. തകര്‍ത്തടിച്ച് തുടങ്ങിയ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ ഹര്‍ഷിത് റാണ മടക്കി. 12 പന്തില്‍ 22 റണ്‍സ് നേടിയ പ്രിയാന്‍ഷ് മടങ്ങിയതോടെ ശ്രേയസ് ക്രീസിലേക്ക്. രണ്ട് പന്തുകള്‍ മാത്രം നേരിടാനായിരുന്നു ശ്രേയസിന്റെ വിധി

മുന്‍ സീസണില്‍ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ‘നായകനെ’ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടുന്നുവെന്നതായിരുന്നു ഇന്നത്തെ ഐപിഎല്‍ മത്സരത്തിന്റെ പ്രത്യേകത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുണ്ടായ അസ്വാരസ്യം മൂലം ടീം വിട്ട്, താരലേലത്തിലൂടെ പഞ്ചാബ് കിങ്‌സിലെത്തിയ ശ്രേയസിന് ഇന്ന് കണക്ക് തീര്‍ക്കുന്നതിനുള്ള അവസരമായിരുന്നു. എന്നാല്‍ പ്രതികാരം ചെയ്യാനെത്തിയ പഞ്ചാബ് നായകന്‍ കൊല്‍ക്കത്തയ്‌ക്കെതിരെ പൂജ്യത്തിന് പുറത്തായി. ശ്രേയസ് മാത്രമല്ല, ഒട്ടുമിക്ക പഞ്ചാബ് ബാറ്റര്‍മാരും ഇന്ന് അമ്പേ പരാജയമായി. പഞ്ചാബിന്റെ ഇന്നിങ്‌സ് ‘പഞ്ചവടിപ്പാലം’ പോലെ തകര്‍ന്നപ്പോള്‍, കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ വേണ്ടത് 112 റണ്‍സ് മാത്രം.
ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവര്‍ വരെ എല്ലാം ഭംഗിയായി പുരോഗമിച്ചു. തുടര്‍ന്നായിരുന്നു കൊല്‍ക്കത്ത ബൗളര്‍മാര്‍ പഞ്ചാബിന് നാശനഷ്ടം വരുത്താന്‍ ആരംഭിച്ചത്. തകര്‍ത്തടിച്ച് തുടങ്ങിയ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ ഹര്‍ഷിത് റാണ മടക്കി. 12 പന്തില്‍ 22 റണ്‍സ് നേടിയ പ്രിയാന്‍ഷ് മടങ്ങിയതോടെ ശ്രേയസ് ക്രീസിലേക്ക്. രണ്ട് പന്തുകള്‍ മാത്രം നേരിടാനായിരുന്നു ശ്രേയസിന്റെ വിധി. ഹര്‍ഷിത് റാണയ്ക്ക് വിക്കറ്റ് സമ്മാനിച്ച് ശ്രേയസും മടങ്ങി.




ആദ്യമായി പ്ലേയിങ് ഇലവനിലെത്തിയ ജോഷ് ഇംഗ്ലിസും വന്ന പോലെ മടങ്ങി. ആറു പന്തില്‍ രണ്ട് റണ്‍സായിരുന്നു ഇംഗ്ലിസിന്റെ സംഭാവന. വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ടോപ് ഓര്‍ഡറിനെ നിലംപരിശാക്കാനുള്ള നിയോഗം ഏറ്റെടുത്തതു പോലെ ഹര്‍ഷിത് റാണ വീണ്ടും ആഞ്ഞടിച്ചു. പഞ്ചാബിന്റെ ടോപ് സ്‌കോററായ (15 പന്തില്‍ 30) പ്രഭ്‌സിമ്രാന്‍ സിങായിരുന്നു ഇത്തവണ ഹര്‍ഷിതിന്റെ ഇര.
ബാക്കിയെല്ലാം ചടങ്ങ് കഴിക്കുന്നതുപോലെയായിരുന്നു. നെഹാല്‍ വധേര-10, ഗ്ലെന്‍ മാക്‌സ്വെല്‍-7, സുയാന്‍ഷ് ഷെഡ്‌ജെ-4, ശശാങ്ക് സിങ്-18, മാര്‍ക്കോ യാന്‍സണ്‍-1, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്-11, അര്‍ഷ്ദീപ് സിങ്-1 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. കൊല്‍ക്കത്തയ്ക്ക് വേണ്ടി എല്ലാ ബൗളര്‍മാരും വിക്കറ്റ് സ്വന്തമാക്കി. ബൗളര്‍മാരുടെ വിക്കറ്റ് നേട്ടം ഇങ്ങനെ; ഹര്‍ഷിത് റാണ-3, വരുണ്‍ ചക്രവര്‍ത്തി-2, സുനില്‍ നരെയ്ന്‍-2, ആന്റിച്ച് നോര്‍ക്യെ-1, വൈഭവ് അറോറ-1.