IPL 2025: മാർഷിൻ്റെ അടിയോടടി; പൂരാൻ്റെ ദാക്ഷിണ്യമില്ലാത്ത അടി: ലഖ്നൗവിന് കൂറ്റൻ സ്കോർ
IPL 2025 LSG First Innings vs KKR: ഐപിഎലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിജയലക്ഷ്യം 239 റൺസ്. 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് എൽഎസ്ജി റൺസ് അടിച്ചുകൂട്ടിയത്.

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 238 റൺസ് നേടി. മിച്ചൽ മാർഷും നിക്കോളാസ് പൂരാനുമാണ് ലഖ്നൗവിനെ തകർപ്പൻ സ്കോറിലേക്ക് നയിച്ചത്. 36 പന്തിൽ 87 റൺസ് നേടിയ പൂരാൻ ടോപ്പ് സ്കോററായപ്പോൾ മിച്ചൽ മാർഷ് 48 പന്തിൽ 81 റൺസ് നേടി. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് മിച്ചൽ മാർഷും എയ്ഡൻ മാർക്രവും ചേർന്ന ഓപ്പണിംഗ് സഖൂം തകർപ്പൻ തുടക്കം നൽകി. പതിവിന് വിപരീതമായി മാർക്രമാണ് ആക്രമിച്ചുകളിച്ചത്. മാർഷിനെ ക്രീസിൽ നിയന്ത്രിച്ചുനിർത്താൻ ആദ്യ ഘട്ടത്തിൽ കൊൽക്കത്ത ബൗളർമാർക്ക് സാധിച്ചു. എന്നാൽ, സാവധാനം ഫോം കണ്ടെത്തിയ മാർഷും ആക്രമണം അഴിച്ചുവിട്ടു. 99 റൺസാണ് ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 28 പന്തിൽ 47 റൺസ് നേടിയ മാർക്രമിനെ മടക്കി ഹർഷിത് റാണയാണ് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ മിച്ചൽ മാർഷ് ഫിഫ്റ്റി തികച്ചു. 36 പന്തിലാണ് മാർഷിൻ്റെ ഫിഫ്റ്റി.
മൂന്നാം നമ്പറിലെത്തിയ നിക്കോളാസ് പൂരാൻ പതിവുപോലെ ഒരു ദാക്ഷിണ്യവുമില്ലാതെ ബൗളർമാരെ പ്രഹരിച്ചു. മാർഷും ആക്രമണം തുടർന്നപ്പോൾ രണ്ടാം വിക്കറ്റിൽ സ്കോർബോർഡിലെത്തിയത് 71 റൺസ്. ഒടുവിൽ ആന്ദ്രേ റസൽ കൊൽക്കത്തയുടെ രക്ഷയ്ക്കെത്തി. 48 പന്തിൽ 81 റൺസ് നേടിയ മിച്ചൽ മാർഷിനെ വീഴ്ത്തിയാണ് റസൽ ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇതിനിടെ കേവലം 21 പന്തിൽ പൂരാൻ അർദ്ധസെഞ്ചുറിയിലെത്തി.




ഫിഫ്റ്റിയ്ക്ക് ശേഷവും പൂരാൻ ആക്രമണം തുടർന്നു. ഇതിനിടെ ആറ് റൺസ് നേടിയ അബ്ദുൽ സമദിനെ ഹർഷിത് റാണ വീഴ്ത്തി. 87 റൺസ് നേടിയ പൂരാനും ഡേവിഡ് മില്ലറും (4) നോട്ടൗട്ടാണ്.