IPL 2025: പൊരുതിക്കളിച്ച കൊൽക്കത്തയ്ക്ക് എത്തിപ്പിടിക്കാനായില്ല; ലഖ്നൗവിന് ത്രസിപ്പിക്കുന്ന ജയം
IPL 2025 LSG Wins Against KKR: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. 4 റൺസിനാണ് ലഖ്നൗവിൻ്റെ ജയം. ലഖ്നൗവിൻ്റെ മൂന്നാം ജയവും കൊൽക്കത്തയുടെ മൂന്നാം തോൽവിയുമാണിത്.

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 4 റൺസിനാണ് ലഖ്നൗവിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 239 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത യ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ക്വിൻ്റൺ ഡികോക്കിനെ (15) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ സുനിൽ നരേനും അജിങ്ക്യ രഹാനെയും ചേർന്ന കൂട്ടുകെട്ട് കൊൽക്കത്തയ്ക്ക് മേൽക്കൈ നൽകി. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും ചേർന്ന് ആദ്യ പവർപ്ലേയിൽ അടിച്ചുകൂട്ടിയത് 90 റൺസാണ്. പവർപ്ലേയ്ക്ക് പിന്നാലെ 13 പന്തിൽ 30 റൺസ് നേടിയ സുനിൽ നരേനെ മടക്കി ദിഗ്‌വേഷ് റാഠി ഈ കൂട്ടുകെട്ട് പൊളിച്ചു. രഹാനെയുമൊത്ത് 57 റൺസിൻ്റെ കൂട്ടുകെട്ടിലാണ് നരേൻ പങ്കാളിയായത്.
നാലാം നമ്പറിലെത്തിയ വെങ്കടേഷ് അയ്യരും മികച്ച രീതിയിൽ ബാറ്റ് വീശി. ഇതിനിടെ 26 പന്തിൽ രഹാനെ ഫിഫ്റ്റി തികച്ചു. മൂന്നാം വിക്കറ്റിൽ രഹാനെയും വെങ്കടേഷും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. 35 പന്തിൽ 61 റൺസ് നേടിയ രഹാനെയെ വീഴ്ത്തി ശാർദ്ദുൽ താക്കൂർ ആണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്. രഹാനെ വീണതോടെ കൊൽക്കത്തയ്ക്ക് വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. രമൺദീപ് സിംഗിനെ (1) രവി ബിഷ്ണോയ് വീഴ്ത്തിയപ്പോൾ അങ്ക്ക്രിഷ് രഘുവൻശിയെ (5) ആവേശ് ഖാനും വെങ്കടേഷ് അയ്യരെ (29 പന്തിൽ 45) ആകാശ് ദീപും മടക്കി അയച്ചു.




Also Read: IPL 2025: ഇംപാക്ട് സബ് രോഹിത്; പാനൽ ചർച്ചയിൽ പരസ്പരം തർക്കിച്ച് റായുഡുവും ബംഗാറും
ആന്ദ്രേ റസലിനെ (7) പവലിയനിലെത്തിച്ച ശാർദ്ദുൽ താക്കൂർ ലഖ്നൗവിൻ്റെ ജയം ഉറപ്പിച്ചു. അവസാന ഓവറുകളിൽ റിങ്കു സിംഗ് ചില ബൗണ്ടറികൾ നേടിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. 15 പന്തിൽ 38 റൺസ് നേടിയ റിങ്കു സിംഗും 9 പന്തിൽ 10 റൺസ് നേടിയ ഹാർഷിത് റാണയും നോട്ടൗട്ടാണ്.