IPL 2025: പിടിച്ചുകെട്ടാൻ ആളില്ലാതെ ജൈത്രയാത്ര തുടർന്ന് ഗുജറാത്ത്; കൊൽക്കത്തയെ വീഴ്ത്തി ആറാം ജയം
GT Wins Against KKR: ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസിന് ആറാം ജയം. 39 റൺസിനാണ് ഗുജറാത്ത് വിജയിച്ചത്. ശുഭ്മൻ ഗിൽ കളിയിലെ താരമായി.

ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ കുതിപ്പ് തുടരുന്നു. കൊൽക്കത്തനൈറ്റ് റൈഡേഴ്സിനെ 39 റൺസിന് തോല്പിച്ച ഗുജറാത്ത് തങ്ങളുടെ ആറാം ജയമാണ് കണ്ടെത്തിയത്. ഗുജറാത്ത് മുന്നോട്ടുവച്ച 199 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനേ സാധിച്ചുള്ളൂ. 90 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് കളിയിലെ താരം.
ആദ്യ ഓവറിൽ തന്നെ റഹ്മാനുള്ള ഗുർബാസിനെ (1) മടക്കി മുഹമ്മദ് സിറാജ് ഗുജറാത്തിന് ഗംഭീര തുടക്കം സമ്മാനിച്ചു. പിന്നീട് ഇടയ്ക്കിടെ കൊൽക്കത്തയ്ക്ക് വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ അജിങ്ക്യ രഹാനെയും സുനിൽ നരേനും ചേർന്ന 41 റൺസ് കൂട്ടുകെട്ട് റാഷിദ് ഖാൻ തകർത്തു. 17 റൺസ് നേടിയ നരേനാണ് പുറത്തായത്. നാലാം നമ്പറിൽ വെങ്കടേഷ് അയ്യർ ടൈമിങ് കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടി. 19 പന്തിൽ 14 റൺസ് നേടിയ താരം സായ് കിഷോറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. അജിങ്ക രഹാനെ (50) വാഷിംഗ്ടൺ സുന്ദറിന് മുന്നിൽ വീണു.
ആന്ദ്രേ റസലിനെ (21) മടക്കി റാഷിദ് ഖാൻ തൻ്റെ രണ്ടാം വിക്കറ്റ് നേടി. രമൺദീപ് സിംഗ് (1), മൊയീൻ അലി (0) എന്നിവരെ പ്രസിദ്ധ് കൃഷ്ണ ഒരോവറിലാണ് മടക്കിയത്. 17 റൺസ് നേടിയ റിങ്കു സിംഗ് ഇഷാന്ത് ശർമ്മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ കൊൽക്കത്ത തോൽവി ഉറപ്പിച്ചു. അങ്ക്ക്രിഷ് രഘുവൻശി പുറത്താവാതെ 13 പന്തിൽ 27 റൺസെടുത്ത് പൊരുതിയെങ്കിലും വിജയലക്ഷ്യം ഭേദിക്കാനായില്ല.




ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. എട്ട് മത്സരങ്ങളിൽ ആറിലും വിജയിച്ച ഗുജറാത്തിന് 12 പോയിൻ്റുണ്ട്. എട്ട് കളിയിൽ മൂന്നിലും തോറ്റ കൊൽക്കത്ത ഏഴാം സ്ഥാനത്തേക്ക് വീണു. കൊൽക്കത്തയ്ക്ക് ആറ് പോയിൻ്റുണ്ട്.