Karun Nair: എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍ അത്ഭുതം തീര്‍ക്കുന്ന മനുഷ്യന്‍; അന്ന് ക്രിക്കറ്റിനോട് ചോദിച്ചത് ഒരേ ഒരു അവസരം
Karun Nair continues his excellence: പണ്ട് ക്രിക്കറ്റിനോട് ആവശ്യപ്പെട്ടത് പോലെ ഒരേയൊരു അവസരമാണ് തനിക്ക് വേണ്ടതെന്നും ബാക്കിയെല്ലാം താനേറ്റെന്നും കരുണ്‍ ഒരിക്കല്‍ കൂടി അടിവരയിട്ടു. ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാന്‍ കളിതന്ത്രങ്ങള്‍ മെനഞ്ഞ മുംബൈ ഇന്ത്യന്‍സ് നേരിട്ട 'ഔട്ട് ഓഫ് സിലബസ്' ചോദ്യമായിരുന്നു കരുണ്‍

‘ഡിയര്‍ ക്രിക്കറ്റ്, ഗീവ് മി വണ്‍ മോര്‍ ചാന്‍സ്’; 2022 ഡിസംബര്‍ 10ന് കരുണ്‍ നായര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ച ഈ വാക്കുകള്‍ ഇന്ന് വീണ്ടും വൈറലാണ്. കരുണിന്റെ ആ ആവശ്യം ‘ക്രിക്കറ്റ്’ കേട്ടു. ഒന്നിന് പകരം ഒന്നിലേറെ അവസരങ്ങള്‍ നല്‍കി. കിട്ടിയ അവസരങ്ങള്‍ കരുണ്‍ വിനിയോഗിച്ചു. കയറ്റിറക്കങ്ങള്‍ നിറഞ്ഞ കരിയറില്‍ കരുണിന് ഇനി ഒരു തിരിച്ചുവരവുണ്ടാകുമോയെന്ന് ചിന്തിച്ചവര്‍ക്ക് മുന്നില്‍ 33-ാം വയസില്‍ അത്ഭുതം തീര്‍ക്കുകയാണ് ഈ മനുഷ്യന്‍. വിരേന്ദര്‍ സെവാഗിന് ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം. ദേശീയ ടീമില്‍ സ്ഥിര സാന്നിധ്യമാകുമെന്ന് കരുതിയിടത്ത്, പതിയെ പതിയെ സ്ഥാനം നഷ്ടമായ നിര്‍ഭാഗ്യവാന്‍. സെലക്ടര്‍മാരുടെ റഡാറില്‍ നിന്ന് പോലും ഒരിക്കല്‍ അപ്രത്യക്ഷനായ ആ താരമാണ് ഇന്ന് ക്രിക്കറ്റ് മൈതാനത്ത് വിസ്മയം തീര്‍ക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് പകരം മറ്റ് ടീമുകളില്‍ അവസരം പരീക്ഷിക്കാനുള്ള തീരുമാനം വഴിത്തിരിവായി. കേരളം, വിദര്‍ഭ ടീമുകളായിരുന്നു മുന്നിലുണ്ടായിരുന്ന ഓപ്ഷന്‍. ഒടുവില്‍ വിദര്‍ഭയിലെത്തി. ‘കരുണ്‍ 2.O’യുടെ തുടക്കം അവിടെ നിന്നായിരുന്നു.
തുടര്‍ന്ന് വിജയ് ഹസാരെയിലും, രഞ്ജി ട്രോഫിയിലും കണ്ടത് ഉജ്ജ്വല പ്രകടനം. ചുരുങ്ങിയ നാളുകള്‍കൊണ്ട് വിദര്‍ഭയുടെ നെടുംതൂണായി മാറി. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിലും കരുണിന്റെ പേര് സെലക്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍, ടീമിലെത്താനായില്ലെന്ന് മാത്രം.




ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിത്തിളങ്ങിയെങ്കിലും, ഐപിഎല്ലില്‍ താരം എത്രമാത്രം പെര്‍ഫോം ചെയ്യുമെന്നതിലായിരുന്നു ആകാംക്ഷ. താരലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയെങ്കിലും പ്ലേയിങ് ഇലവനില്‍ കരുണിന്റെ സ്ഥാനം വിദൂരത്താണെന്ന് അന്നേ ഉറപ്പായിരുന്നു. പ്രതീക്ഷിച്ചതുപോലെ, ആദ്യ അഞ്ച് മത്സരങ്ങളില്‍ സ്ഥാനം ലഭിച്ചതുമില്ല.
ഇതിനിടെയാണ്, ടീമിന്റെ വൈസ് ക്യാപ്റ്റനായ ഫാഫ് ഡു പ്ലെസിസ് പരിക്കിന്റെ പിടിയില്‍ അകപ്പെടുന്നത്. ഇതോടെ ടീം സമവാക്യങ്ങളില്‍ പൊളിച്ചെഴുത്ത് നടത്താന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായി. പ്ലേയിങ് ഇലവനിലെ പുതിയ പരീക്ഷണമാണ് കരുണിനെ അന്തിമ ഇലവനിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരെ ലഭിച്ച അവസരം കരുണിന് നിര്‍ണായകമായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ഇനി ഒരു അവസരം ലഭിക്കുമോയെന്ന് ഉറപ്പില്ലാത്ത സാഹചര്യം.
പക്ഷേ, പണ്ട് ക്രിക്കറ്റിനോട് ആവശ്യപ്പെട്ടത് പോലെ ഒരേയൊരു അവസരമാണ് തനിക്ക് വേണ്ടതെന്നും ബാക്കിയെല്ലാം താനേറ്റെന്നും കരുണ്‍ ഒരിക്കല്‍ കൂടി അടിവരയിട്ടു. ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാന്‍ കളിതന്ത്രങ്ങള്‍ മെനഞ്ഞ മുംബൈ ഇന്ത്യന്‍സ് നേരിട്ട ‘ഔട്ട് ഓഫ് സിലബസ്’ ചോദ്യമായിരുന്നു കരുണ്‍. ആ കടുകട്ടി ചോദ്യം മുംബൈ ഇന്ത്യന്‍സിനെ വെള്ളം കുടിപ്പിച്ചു. പ്രത്യേകിച്ചും ജസ്പ്രീത് ബുംറയെന്ന സമകാലിക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പേസറെ.
Read Also : IPL 2025 : തുടരെ മൂന്ന് റൺഔട്ടുകൾ; ഡൽഹിയുടെ അപരാജിത കുതിപ്പിന് തടയിട്ട് മുംബൈ
ബുംറ ഒരോവറില്‍ രണ്ട് സിക്‌സറുകള്‍ വഴങ്ങുന്നത് ക്രിക്കറ്റില്‍ അപൂര്‍വ കാഴ്ചയാണ്. ഐപിഎല്ലില്‍ പ്രത്യേകിച്ചും. പക്ഷേ, കരുണിന് മുന്നില്‍ ആ അപൂര്‍വതയും വഴിമാറി. നാല് വര്‍ഷം മുമ്പ് ഫാഫ് ഡു പ്ലെസിസാണ് ഇതിന് മുമ്പ് ബുംറയെ ഒരോവറില്‍ ഒന്നില്‍ കൂടുതല്‍ സിക്‌സറുകള്‍ പായിച്ചത്. ശാന്തശീലനായ ബുംറ ‘കലിപ്പ് മോഡി’ലെത്തുന്നതും ക്രിക്കറ്റില്‍ അപൂര്‍വമാണ്. കരുണിന് മുന്നില്‍ ബുംറ പ്രകോപിതനാകുന്ന കാഴ്ചയ്ക്കും ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
ഇമ്പാക്ട് പ്ലയറായെത്തിയ കരുണ്‍ 40 പന്തില്‍ 89 റണ്‍സെടുത്താണ് പുറത്തായത്. ഒടുവില്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് മുന്നില്‍ വീണു. സാന്റ്‌നര്‍ കരുണിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. വിജയം ഉറപ്പിച്ചിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് കരുണ്‍ മടങ്ങിയതിന് പിന്നാലെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഡല്‍ഹിയെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും, കരുണിന്റെ പ്രകടനം എന്നും ഐപിഎല്ലിന്റെ തങ്കലിപികളിലുണ്ടാകും.