IPL 2025: മുംബൈ നിരയിലേക്ക് ബുംറയുടെ തിരിച്ചുവരവ് വൈകും; താരം എൻസിഐയിലേക്ക് തിരികെ പോയെന്ന് റിപ്പോർട്ട്
Japsrit Bumrah Heads Back To NCA: ജസ്പ്രീത് ബുംറ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരികെപോയെന്ന് വിവരം. അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യൻസിലേക്ക് ബുംറയുടെ തിരിച്ചുവരവ് വൈകും.

ഐപിഎലിലേക്ക് ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് വൈകും. ഏറെ വൈകാതെ താരം മുംബൈ നിരയിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും താരം നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് (എൻസിഎ) തിരികെ പോയെന്നാണ് വിവരം. ഒരാഴ്ചയ്ക്ക് മുൻപാണ് താരം എൻസിഎയിൽ നിന്ന് മുംബൈ ക്യാമ്പിലെത്തിയത്. ഏറെ വൈകാതെ ബുംറ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നും ഐപിഎലിൽ കളിക്കുമെന്നും മാനേജ്മെൻ്റിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, താരം എൻസിഎയിലേക്ക് മടങ്ങിയതോടെ ഈ സാധ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.
കഴിഞ്ഞ തവണ എൻസിഎ സന്ദർശിച്ചപ്പോൾ പന്തെറിയുന്നതിനിടെ വേദനയും ബുദ്ധിമുട്ടും ഉള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് എൻസിഎ പരിശീലകൻ ചില പ്രത്യേക വ്യായാമമുറകൾ നിർദ്ദേശിച്ചു. മറ്റൊരു ദിവസം തിരികെവരാനായിരുന്നു നിർദ്ദേശം. ഈ നിർദ്ദേശപ്രകാരമാണ് അദ്ദേഹം തിരികെ എൻസിഎയിലേക്ക് പോയത്. ഇനി നടത്തുന്ന പരിശോധനയിൽ വേദനയുണ്ടായില്ലെങ്കിൽ ബുംറയ്ക്ക് ഐപിഎലിൽ കളിക്കാനാവും. എന്നാൽ, ഈ നടപടിക്രമങ്ങൾ സാധാരണയായി ഒരാഴ്ച വരെ നീളാനിടയുണ്ട്. അങ്ങനെയെങ്കിൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നെങ്കിലും ബുംറ പുറത്താവും.
ഏകദേശം ഇതേ അവസ്ഥ തന്നെയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റേതും. ഭാഗികമായ ക്ലിയറൻസാണ് മലയാളി താരത്തിന് ലഭിച്ചിരിക്കുന്നത്. നിലവിൽ താരത്തിന് ബാറ്റ് ചെയ്യാനാവും. വിക്കറ്റ് കീപ്പിങ് ക്ലിയറൻസിനായി അടുത്ത മാസം എൻസിഎയിലെത്തണം. വലത് കയ്യിലെ ചൂണ്ടുവിരലിലാണ് സഞ്ജുവിന് സർജറി നടത്തിയത്. അതുകൊണ്ട് തന്നെ ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ സഞ്ജു ഇംപാക്ട് പ്ലയറായാവും കളിക്കുക. റിയാൻ പരഗ് ടീമിനെ നയിക്കുമ്പോൾ ധ്രുവ് ജുറേലാവും വിക്കറ്റ് കീപ്പർ. മൂന്ന് മത്സരങ്ങൾക്ക് ശേഷം സഞ്ജു വീണ്ടും എൻസിഎയിലെത്തും. ഈ പരിശോധനയിലാവും താരത്തിന് ഫുൾ ഫിറ്റ്നസ് നൽകണോ എന്ന് തീരുമാനിക്കുക.




ഈ മാസം 22നാണ് ഐപിഎൽ ആരംഭിക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ വച്ച് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഈ മാസം 23ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വച്ചാണ് മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ മത്സരം.