5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajasthan Royals: ബട്ട്‌ലറുടെ അഭാവം വലിയ വിടവ് തന്നെ; പക്ഷേ റോയല്‍സിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാം; സഞ്ജുവിന്‌ തന്ത്രമോതി ഭോഗ്ലെ

IPL 2025 Rajasthan Royals: റോയല്‍സിന്റെ ലേലത്തില്‍ വളരെ കൗതുകമുണ്ടായിരുന്നുവെന്ന് ഭോഗ്ലെ. അവരുടെ സ്പിന്‍ കോമ്പിനേഷനും, പേസ് ബൗളിംഗും നല്ലതായിരുന്നു. മിക്ക താരങ്ങളെയും നിലനിര്‍ത്തിയില്ല. ധാരാളം ബാറ്റര്‍മാരെ നിലനിര്‍ത്തിയെന്നും ഭോഗ്ലെ. ജോസ് ബട്ട്‌ലറെ നിലനിര്‍ത്താത്തത് ഒരു നിഴല്‍ പോലെ റോയല്‍സിനെ മൂടുമെന്ന് കരുതുന്നുവെന്നും ഭോഗ്ലെ

Rajasthan Royals: ബട്ട്‌ലറുടെ അഭാവം വലിയ വിടവ് തന്നെ; പക്ഷേ റോയല്‍സിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാം; സഞ്ജുവിന്‌ തന്ത്രമോതി ഭോഗ്ലെ
ഹര്‍ഷ ഭോഗ്ലെ, സഞ്ജു സാംസണ്‍ Image Credit source: Social Media, PTI
jayadevan-am
Jayadevan AM | Updated On: 18 Mar 2025 12:24 PM

ല്ലാ തവണയും രാജസ്ഥാന്‍ റോയല്‍സ്‌ മികച്ച രീതിയിലാണ് സീസണ്‍ തുടങ്ങുന്നതെന്നും പിന്നീടാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതെന്നും കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. കഴിഞ്ഞ വര്‍ഷം ആദ്യ ഒമ്പത് മത്സരങ്ങളില്‍ എട്ടെണ്ണത്തില്‍ അവര്‍ വിജയിച്ചു. എന്നാല്‍ പിന്നീട് സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് അവര്‍ പരിഹരിക്കേണ്ടതെന്നും ഒരു സ്‌പോര്‍ട്‌സ് യൂട്യൂബ് ചാനലിനോട് അദ്ദേഹം പ്രതികരിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച മാനസികാവസ്ഥ പുലര്‍ത്തുന്ന താരമാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ഓപ്പണറുമായി. അദ്ദേഹം ധാരാളം റണ്‍സും നേടുന്നുണ്ട്. റണ്‍സ് നേടുന്നതിലെ സഞ്ജുവിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നാണ് തോന്നുന്നതെന്നും ഭോഗ്ലെ വ്യക്തമാക്കി.

റോയല്‍സിന്റെ ലേലത്തില്‍ വളരെ കൗതുകമുണ്ടായിരുന്നു. ബൗളിംഗ് ആയിരുന്നു അവരുടെ ശക്തി. അവരുടെ സ്പിന്‍ കോമ്പിനേഷനും, പേസ് ബൗളിംഗും നല്ലതായിരുന്നു. മിക്ക താരങ്ങളെയും നിലനിര്‍ത്തിയില്ല. ധാരാളം ബാറ്റര്‍മാരെ നിലനിര്‍ത്തിയെന്നും ഭോഗ്ലെ ചൂണ്ടിക്കാട്ടി.

ജീവിതത്തിന്റെ മികച്ച ഘട്ടങ്ങളിലൂടെയാണ് യശ്വസി ജയ്‌സ്വാള്‍ കടന്നുപോകുന്നത്. റിയാന്‍ പരാഗിനെയും, ഷിമ്രോണ്‍ ഹെറ്റ്‌മെയറെയും, ധ്രുവ് ജൂറലിനെയും നിലനിര്‍ത്തി. അണ്‍ക്യാപ്ഡ് പ്ലയറായി സന്ദീപ് ശര്‍മയെയും നിലനിര്‍ത്താന്‍ സാധിച്ചു. അദ്ദേഹം ലൈംലൈറ്റില്ലില്ലായിരുന്നെങ്കിലും മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണില്‍ പുറത്തെടുത്തത്.

എന്നാല്‍ ജോസ് ബട്ട്‌ലറെ നിലനിര്‍ത്താത്തത് ഒരു നിഴല്‍ പോലെ റോയല്‍സിനെ മൂടുമെന്ന് കരുതുന്നു. അദ്ദേഹത്തിന് പ്രായമായെന്നും, 34 വയസ് ആയെന്നും പറയുമായിരിക്കും. എന്നാലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ മുന്‍നിരയില്‍ ബട്ട്‌ലറുമുണ്ടായിരുന്നു. ബട്ട്‌ലറുടെ അഭാവത്തില്‍ എല്ലാ ബാറ്റര്‍മാര്‍ക്കും ഒരു സ്ലോട്ട് മുകളിലേക്ക് പോകേണ്ടി വരുമോയെന്നും ഭോഗ്ലെ ചോദിച്ചു.

നാലാം നമ്പറില്‍ പരാഗ് മികച്ചതാണ്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. അതിനാല്‍ അവര്‍ക്ക് മൂന്നാം സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തേണ്ടി വരും. നിതീഷ് റാണ ആ സ്ഥാനത്തേക്ക് എത്തുമെന്ന് കരുതുന്നു. അദ്ദേഹം ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് അത്ര മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് മികച്ച സീസണ്‍ ഉണ്ടാകുമെന്ന് കരുതുന്നു. പരാഗിന് ശേഷം ഹെറ്റ്‌മെയറും, തുടര്‍ന്ന് ജൂറലും ബാറ്റ് ചെയ്യും. അങ്ങനെ ടോപ് സിക്‌സില്‍ റോയല്‍സിന്‌ മൂന്ന് വീതം ഇടംകൈയ്യന്‍മാരെയും, വലംകൈയ്യന്‍മാരെയും ലഭിക്കും. അത് മികച്ചതാകുമെന്നും ഭോഗ്ലെ കൂട്ടിച്ചേര്‍ത്തു.

ബൗളിംഗില്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം. ഇത്തവണ അശ്വിനും ചഹലുമില്ല. പകരം ഹസരങ്കയും തീക്ഷണയുമുണ്ട്. പക്ഷേ, അവരെ രണ്ട് പേരെയും ഒരുമിച്ച് കളിപ്പിക്കാനാകുമോയെന്നതാണ് പ്രശ്‌നം. ഹസരങ്കയ്ക്ക് പരിക്കുകളില്ലെങ്കില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താനായേക്കും. പക്ഷേ, സമീപകാലത്ത് അദ്ദേഹം പരിക്കുകളുമായി മല്ലിടുകയാണ്. എന്നാല്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചാല്‍, ഏഴാം നമ്പറില്‍ മികച്ച ഓപ്ഷനായിരിക്കും. നാലോവറും മികച്ച രീതിയില്‍ എറിയാന്‍ കഴിയുന്ന താരമാണ്. ബാറ്റിംഗും മെച്ചപ്പെട്ടിട്ടുണ്ട്.

റോയല്‍സ്‌ ജോഫ്ര ആര്‍ച്ചറില്‍ വലിയ നിക്ഷേപമാണ് നടത്തിയത്. പീക്ക് ടൈമില്‍ അദ്ദേഹം വളരെ മികച്ചതായിരുന്നു. പിന്നാലെ പരിക്കുകള്‍ വലച്ചു. മികച്ച രീതിയില്‍ കളിക്കാനായാല്‍ ആര്‍ച്ചറിന് ഗെയിം ചേഞ്ചറാകാനാകും. പക്ഷേ, ഇതൊക്കെ ആര്‍ച്ചറിന്റെ ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കുമെന്നും ഹര്‍ഷ ഭോഗ്ലെ വ്യക്തമാക്കി.

Read Also : Sanju Samson: ക്യാപ്റ്റനുമെത്തി, സഞ്ജുവും വന്നതോടെ രാജസ്ഥാന്‍ റോയല്‍സ് ‘ഡബിള്‍ ഹാപ്പി’; ഇനി പടയൊരുക്കം

ഫസല്‍ഹഖ് ഫറൂഖിയെ പോലുള്ള ബൗളര്‍മാരും അവര്‍ക്കുണ്ട്. ഹെറ്റ്‌മെയറും, ഹസരങ്കയും, ആര്‍ച്ചറും പ്ലേയിങ് ഇലവനിലുണ്ടെങ്കില്‍ അവര്‍ക്ക് ഫറൂഖി, തീക്ഷ്ണ എന്നിവരില്‍ ഒരാളെയെ കളിപ്പിക്കാന്‍ പറ്റൂ. ഫറൂഖിയെയാണ് പ്ലേയിങ് ഇലനില്‍ ഉള്‍പ്പെടുത്തുന്നതെങ്കില്‍ കുമാര്‍ കാര്‍ത്തികേയയെ പോലുള്ള സ്പിന്നറെയും കളിപ്പിക്കാം. ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം മികച്ചതായിരുന്നു.

തീക്ഷ്ണയെയാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതെങ്കില്‍ സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് മധ്വാല്‍ എന്നീ ഓപ്ഷനുകളും ഒപ്പം പരിഗണിക്കാം. അതിനാല്‍ അവര്‍ക്ക് മികച്ച ഓപ്ഷനുകളുണ്ട്. താരങ്ങളെല്ലാം ഫിറ്റാണെങ്കില്‍ റോയല്‍സ് മികച്ച സൈഡാണ്. ശുഭം ദുബെയെ പോലുള്ള താരത്തെ ഇമ്പാക്ട് സബ്ബായും പരിഗണിക്കാം. പരാഗിനെയും, നിതീഷ് റാണയെയും ബൗളിംഗിലും പരീക്ഷിക്കാവുന്നതാണ്. ബാറ്റിംഗില്‍ ബട്ട്‌ലറുടെ അഭാവം വലിയ വിടവാണെങ്കിലും ടോപ് ഓര്‍ഡറിലെ മൂന്ന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെടിക്കെട്ട് ബാറ്റിംഗിലൂടെ ആ പ്രശ്‌നം പരിഹരിക്കാമെന്നും ഭോഗ്ലെ പറഞ്ഞു.

സഞ്ജുവിനെക്കുറിച്ച്‌

”2022ല്‍ രാജസ്ഥാന്‍ റോയല്‍സിന് ഒരു പ്രശ്‌നം നേരിടേണ്ടി വന്നു. അന്ന് സഞ്ജു സാംസണ് മറ്റ് ഫ്രാഞ്ചെസികളിലും വലിയ ഡിമാന്‍ഡായിരുന്നു. സഞ്ജു താങ്കളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും, ക്യാപ്റ്റനാക്കുമെന്നും, മികച്ച തുക നല്‍കുമെന്നും റോയല്‍സ് പറഞ്ഞു. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് നോക്കൂ.അവരുടെ വിശ്വാസത്തിന് വലിയ അളവില്‍ സഞ്ജു തിരികെ പ്രതിഫലം നല്‍കിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”-ഭോഗ്ലെയുടെ വാക്കുകള്‍.