IPL 2025: തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്; ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ ജയം 36 റൺസിന്
Gujarat Titans vs Mumbai Indians: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 36 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോൽവി ഏറ്റുവാങ്ങിയത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരുന്നു വാശിയേറിയ മത്സരം നടന്നത്. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനാണ് സാധിച്ചത്.

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL 2025) ആദ്യ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. അതേസമയം മുംബൈ ഇന്ത്യൻസാകട്ടെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഏറ്റുവാങ്ങുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 36 റൺസിനാണ് മുംബൈ ഇന്ത്യൻസ് തോൽവി ഏറ്റുവാങ്ങിയത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരുന്നു വാശിയേറിയ മത്സരം നടന്നത്. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനാണ് സാധിച്ചത്.
28 പന്തിൽ 48 റൺസെടുത്ത സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിലെ ടോപ് സ്‌കോററായി മാറി. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ സായ് സുദർശന്റെ (41 പന്തിൽ 63) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് കൊണ്ടെത്തിച്ചത്. ശുഭ്മാൻ ഗിൽ (38), ജോസ് ബട്‌ലർ (39) എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്.
ആദ്യം തന്നെ തകർച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. സ്‌കോർബോർഡിൽ 35 റൺസ് മാത്രമുള്ളപ്പോൾ രോഹിത് ശർമ (8), റ്യാൻ റിക്കിൾട്ടൺ (6) എന്നിവരുടെ വിക്കറ്റുകൾ മുംബൈക്ക് നഷ്ടമായത് വലിയ തിരിച്ചടിയായി. ഇരുവരും മുഹമ്മദ് സിറാജിന്റെ പന്തിലാണ് ബൗൾഡായത്. തുടർന്നെത്തിയ തിലക് വർമയ്ക്ക് (39), സൂര്യക്കൊപ്പം ചേർന്ന് 63 റൺസ് മാത്രമാണ് കൂട്ടിചേർക്കാനായത്.
എന്നാൽ 12-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ മുംബൈക്ക് പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ച്ചവച്ചു. അതേടെ തിലക് പുറത്താവുകയും ചെയ്തു. എന്നാൽ പിന്നീടെത്തിയ റോബിൻ മിൻസ് (3), ഹാർദിക് പാണ്ഡ്യ (11) എന്നിവർക്ക് തിളങ്ങാനായില്ല. ഇതിനിടെ സൂര്യയും മടങ്ങിയത് വിലയ നിരാശയായി. 28 പന്തുകൾ നേരിട്ട താരം നാല് സിക്‌സും ഒരു ഫോറും നേടി. നമൻ ദിർ (18), മിച്ചൽ സാന്റ്‌നർ (18) പുറത്താവാതെ പിടിച്ചുനിന്നു. ഗുജറാത്തിന് മികച്ച തുടക്കമായിരുന്നു.