IPL 2025: കടലാസിൽ കരുത്തരായ ഗുജറാത്തിനെ ശ്രേയാസ് അയ്യറെന്ന ക്യാപ്റ്റൻ തളയ്ക്കുമോ?; അഹ്മദാബാദിൽ റണ്ണൊഴുകുമെന്ന് റിപ്പോർട്ട്
IPL 2025 GT vs PBKS: ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിംഗ്സിനെതിരെ. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. അഹ്മദാബാദിലെ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് സ്വന്തം ഹോം ഗ്രൗണ്ടിൽ പഞ്ചാബ് കിംഗ്സിനെ നേരിടും. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. രണ്ട് ടീമുകളും കടലാസിൽ ഒരുപോലെ കരുത്തരാണ്. എന്നാൽ, ശ്രേയാസ് അയ്യരെപ്പോലെ ഒരു ക്യാപ്റ്റനുള്ളത് പഞ്ചാബിന് കരുത്തായേക്കും. അഹ്മദാബാദിലെ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുമെന്നാണ് റിപ്പോർട്ട്.
ടോപ്പ് ഓർഡറിൽ ജോസ് ബട്ട്ലറിൻ്റെ സാന്നിധ്യം ഗുജറാത്തിന് നൽകുന്ന ബാലൻസ് ചില്ലറയല്ല. ശുഭ്മൻ ഗില്ലും ബട്ട്ലറും ചേർന്ന ഓപ്പണിങ് എതിർ ടീമുകൾക്ക് പേടിസ്വപ്നമാവും. സായ് സുദർശൻ മൂന്നാം നമ്പറിലിറങ്ങുന്നതോടെ ഗുജറാത്തിൻ്റെ ടോപ്പ് ഓർഡറെ വേഗം മടക്കുക എന്നതാവും പഞ്ചാബിൻ്റെ ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ, ഈ ടോപ്പ് ഓർഡർ കഴിഞ്ഞാൽ ടീമിൻ്റെ സ്ഥിതി അല്പം മോശമാണ്. മഹിപാൽ ലോംറോർ, അനുജ് റാവത്ത്, കുമാർ ഖുശാഗ്ര എന്നിവരിൽ ഒരാൾക്കാവും നാലാം നമ്പറിൽ സാധ്യത. വാഷിംഗ്ടൺ സുന്ദറിനെയും ഈ പൊസിഷനിൽ പരിഗണിച്ചേക്കും. ശേഷം ഷാരൂഖ് ഖാൻ, ഗ്ലെൻ ഫിലിപ്സ് അല്ലെങ്കിൽ ഷെർഫെയിൻ റതർഫോർഡ് എന്നിവർ ഇറങ്ങിയേക്കും. രാഹുൽ തെവാട്ടിയയിൽ ഫിനിഷിംഗ് ഭദ്രം. മുഹമ്മദ് സിറാജ്, കഗീസോ റബാഡ എന്നിവർക്കൊപ്പം പ്രസിദ്ധ് കൃഷ്ണയാവും മൂന്നാം പേസർ. ജെറാൾഡ് കോട്ട്സിയ, അർഷദ് ഖാൻ എന്നിവർക്കും സാധ്യതയുണ്ട്. റാഷിദ് ഖാൻ ആണ് സ്പിൻ ഓപ്ഷൻ. ജയന്ത് യാദവ്, മാനവ് സൂത്തർ എന്നീ മറ്റ് ഓപ്ഷനുകളുമുണ്ട്.
Also Read: IPL 2025 : ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഡൽഹി; ലഖ്നൗവിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചു
പഞ്ചാബ് കിംഗ്സിൽ ഓസ്ട്രേലിയൻ താരങ്ങൾ അധികമാണ്. റിക്കി പോണ്ടിംഗ് എന്ന ഓസീസ് കോച്ചിൻ്റെ ഇടപെടൽ ഇതിലുണ്ടെന്ന് വ്യക്തം. പ്രഭ്സിമ്രാൻ സിംഗിനൊപ്പം ആര് ഓപ്പൺ ചെയ്യുമെന്ന ചോദ്യമുണ്ട്. ഡൽഹി പ്രീമിയർ ലീഗിലും ആഭ്യന്തര മത്സരങ്ങളിലും തട്ടുപൊളിപ്പൻ ബാറ്റിംഗ് കാഴ്ചവെക്കുന്ന പ്രിയാൻഷ് ആര്യയോ ജോഷ് ഇംഗ്ലിസോ ഓപ്പണിംഗിലിറങ്ങും. ശ്രേയാസ് അയ്യർ, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്‌വെൽ എന്നിവർക്ക് ശേഷം നേഹൽ വധേരയ്ക്കോ സൂര്യാൻഷ് ഷെഗ്ഡെയ്ക്കോ മലയാളി താരം വിഷ്ണു വിനോദിനോ അവസരം ലഭിക്കും. ശശാങ്ക് സിംഗിനാവും ഫിനിഷിംഗ് ചുമതല. അർഷ്ദീപ് സിംഗ്, മാർക്കോ യാൻസൻ, ലോക്കി ഫെർഗൂസൻ അല്ലെങ്കിൽ വിജയകുമാർ വൈശാഖ് എന്നിവർ പേസ് ബൗളിംഗ് നിയന്ത്രിക്കും. യഷ് താക്കൂറും നല്ല ചോയ്സാണ്. യുസി ചഹൽ ഹർപ്രീത് ബ്രാർ എന്നിവർ സ്പിൻ ബൗളിംഗും കൈകാര്യം ചെയ്യും. ടീമിൽ ഓൾറൗണ്ടർമാരുള്ളതിനാൽ ബൗളിംഗിൽ പ്രശ്നമുണ്ടാവില്ല. അസ്മതുള്ള ഒമയ്സായെപ്പോലുള്ള ഒരു ലോകോത്തര ഓൾറൗണ്ടറിന് ഇടം കണ്ടെത്തുക ബുദ്ധിമുട്ടാണ് എന്നത് പഞ്ചാബ് ടീമിൻ്റെ കരുത്താണ്.