IPL 2025: ദൈവത്തിൻ്റെ പോരാളികൾക്ക് ഇന്ന് രണ്ടാം മത്സരം; എതിരാളികൾ ഗുജറാത്ത്: ഇരു ടീമുകളുടെയും ലക്ഷ്യം ആദ്യ ജയം
IPL 2025 GT vs MI Preview: ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു.

ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഗുജറാത്ത് ടൈറ്റൻസ് ആണ് എതിരാളികൾ. ഗുജറാത്തിൻ്റെ തട്ടകമായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ഇരു ടീമുകളും ജയം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങുക.
ആദ്യ മത്സരത്തിൽ 243 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്ത് 11 റൺസിനായിരുന്നു തോറ്റത്. അഹ്മദാബാദിൽ തന്നെയായിരുന്നു മത്സരം. അതുകൊണ്ട് തന്നെ ടീമിൻ്റെ മികവും പ്രശ്നങ്ങളും അതുപോലെ തന്നെ തുടരുകയാണ്. അത്ര കരുത്തരല്ലാത്ത ബൗളർമാരും കരുത്തുറ്റ ബാറ്റിംഗ് നിരയുമാണ് ഗുജറാത്തിനുള്ളത്. പഴയ ഫോമിൻ്റെ നിഴൽ മാത്രമായ റാഷിദ് ഖാൻ ഇപ്പോൾ എതിരാളികൾക്ക് അത്ര ഭീഷണിയല്ല. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരും ഐപിഎലിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തിയിട്ടില്ല. കഗീസോ റബാഡയും സായ് കിഷോറുമാണ് ബൗളിംഗ് നിരയിലെ ആശ്വാസം. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ഇഷാന്ത് ശർമ്മയ്ക്ക് സാധ്യതയുണ്ട്. അർഷദ് ഖാന് പകരം നിഷാന്ത് സിന്ധു, മാനവ് സൂത്തർ, വാഷിംഗ്ടൺ സുന്ദർ എന്നീ താരങ്ങളിൽ ആരെങ്കിലും കളിക്കാനും ഇടയുണ്ട്.
മുംബൈ ഇന്ത്യൻസ് നിരയിൽ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് മാത്രമാവും മാറ്റം. റോബിൻ മിൻസ് ആവും പുറത്തിരിക്കുക. സത്യനാരായണ രാജുവിന് പകരം ഹാർദിക്കിനെ പരിഗണിക്കാനും ഇടയുണ്ട്. ആദ്യ മത്സരത്തിൽ തകർത്ത മലയാളി താരം വിഗ്നേഷ് പുത്തൂർ ടീമിൽ തുടരും. ട്രെൻ്റ് ബോൾട്ട്, ദീപക് ചഹാർ എന്നിവരിൽ പവർപ്ലേ ഭദ്രമാണെങ്കിലും ഡെത്ത് ഓവറുകളിൽ ആര് പന്തെറിയുമെന്നതാണ് മുംബൈയുടെ പ്രതിസന്ധി. ജസ്പ്രീത് ബുംറ പരിക്കിൽ നിന്ന് തിരികെയെത്തുന്നത് വരെ ഈ പ്രതിസന്ധി തുടരും. ഹാർദിക് പാണ്ഡ്യ തന്നെ ഈ റോൾ സ്വീകരിച്ചേക്കാനാണ് സാധ്യത. പക്ഷേ, അതത്ര സുരക്ഷിതമല്ല. മറ്റ് വഴികളില്ലാത്തതിനാൽ ഇതാവും ഇന്ന് മുംബൈയുടെ പദ്ധതി.




ഇരു ടീമുകളുടെയും സാധ്യതാ ടീം (ഇംപാക്ട് പ്ലയർ ഉൾപ്പെടെ)
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ഗിൽ, ജോസ് ബട്ട്ലർ, സായ് സുദർശൻ, ഷാരൂഖ് ഖാൻ, ഷെർഫെയിൻ റതർഫോർഡ്, വാഷിംഗ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, ആർ സായ് കിഷോർ, കഗീസോ റബാഡ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്
മുംബൈ ഇന്ത്യൻസ്: റയാൻ റിക്കിൾട്ടൺ, രോഹിത് ശർമ്മ, വിൽ ജാക്ക്സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റോബിൻ മിൻസ്, നമൻ ധിർ, മിച്ചൽ സാൻ്റ്നർ, ദീപക് ചഹാർ, ട്രെൻ്റ് ബോൾട്ട്, വിഗ്നേഷ് പുത്തൂർ