IPL 2025: ഈ ചെക്കന്‍ ഇത് എന്തു ഭാവിച്ചാ ! സായ് സുദര്‍ശന് നാലാം അര്‍ധ സെഞ്ചുറി; ലഖ്‌നൗവിന് വേണം 181 റണ്‍സ്‌

Gujarat Titans vs Lucknow Super Giants: ഗുജറാത്തിന്റെ കരുത്തരായ ഓപ്പണിങ് സഖ്യം ഈ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ലഖ്‌നൗ ബൗളര്‍മാര്‍ നന്നേ പാടുപെട്ടു. ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും, സായ് സുദര്‍ശനും ഓപ്പണിങ് വിക്കറ്റില്‍ 120 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും അര്‍ധ സെഞ്ചുറി നേടി

IPL 2025: ഈ ചെക്കന്‍ ഇത് എന്തു ഭാവിച്ചാ ! സായ് സുദര്‍ശന് നാലാം അര്‍ധ സെഞ്ചുറി; ലഖ്‌നൗവിന് വേണം 181 റണ്‍സ്‌

സായ് സുദര്‍ശന്‍

jayadevan-am
Updated On: 

12 Apr 2025 17:43 PM

സായ് സുദര്‍ശന്റെയും, ശുഭ്മന്‍ ഗില്ലിന്റെയും ബാറ്റിങ് കരുത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് ഗുജറാത്ത് നേടിയത്. ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിന്റെ കരുത്തരായ ഓപ്പണിങ് സഖ്യം ഈ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ലഖ്‌നൗ ബൗളര്‍മാര്‍ നന്നേ പാടുപെട്ടു. ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും, സായ് സുദര്‍ശനും ഓപ്പണിങ് വിക്കറ്റില്‍ 120 റണ്‍സ് അടിച്ചുകൂട്ടി. ഇരുവരും അര്‍ധ സെഞ്ചുറി നേടി.

ഗില്‍ 38 പന്തില്‍ 60 റണ്‍സും, സുദര്‍ശന്‍ 37 പന്തില്‍ 56 റണ്‍സും നേടി. 12.1 ഓവറില്‍ ആവേശ് ഖാന്റെ പന്തില്‍ എയ്ഡന്‍ മര്‍ക്രം ക്യാച്ചെടുത്ത് ഗില്ലിനെ പുറത്താക്കി. ഗുജറാത്ത് സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് അധികം കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ സായ് സുദര്‍ശനും മടങ്ങി. രവി ബിഷ്‌ണോയിക്കായിരുന്നു വിക്കറ്റ്.

തുടര്‍ന്ന് ക്രീസിലെത്തിയ ബാറ്റര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല. ജോസ് ബട്ട്‌ലര്‍-16, വാഷിങ്ടണ്‍ സുന്ദര്‍-2, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്-22, ഷാരൂഖ് ഖാന്‍-11 നോട്ടൗട്ട്, രാഹുല്‍ തെവാട്ടിയ-0, റാഷിദ് ഖാന്‍-4 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ലഖ്‌നൗവിനായി ഷാര്‍ദ്ദുല്‍ താക്കൂറും, രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതവും, ദിഗ്വേശ് സിങും, ആവേശ് ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

വിക്കറ്റ് വീഴ്ത്തിയ ദിഗ്വേശ് തന്റെ തനത് ആഘോഷപ്രകടനം ഇത്തവണയും ആവര്‍ത്തിച്ചു. ബട്ട്‌ലറുടെ വിക്കറ്റ് ലഭിച്ചതിന് പിന്നാലെ ‘ഗ്രൗണ്ടിലെഴുതുന്ന’ തരത്തിലായിരുന്നു ദിഗ്വേശിന്റെ ആഘോഷം.

Read Also : IPL 2025: ഓരോ ഡോട്ട് ബോളിനും 500 തൈകള്‍; ഇങ്ങനെ പോയാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കാട് നിര്‍മ്മിക്കുമെന്ന് ആരാധകര്‍

ആറു മത്സരം, നാല് അര്‍ധ സെഞ്ചുറി

ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലുള്ള സായ് സുദര്‍ശന്‍, ലഖ്‌നൗവിനെതിരെയും ആ പ്രകടനം തുടര്‍ന്നു. സീസണില്‍ ഇതുവരെ നടന്ന ആറു മത്സരങ്ങളില്‍ നാല് അര്‍ധ സെഞ്ചുറിയാണ് താരം നേടിയത്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ താരം 49 റണ്‍സെടുത്തിരുന്നു.

സണ്‍റൈസേഴ്‌സിനെതിരെ മാത്രമാണ് നിരാശപ്പെടുത്തിയത്. ആ മത്സരത്തില്‍ നേടാനായത് അഞ്ച് റണ്‍സ് മാത്രം. പഞ്ചാബിനെതിരെ-41 പന്തില്‍ 74, മുംബൈയ്‌ക്കെതിരെ-41 പന്തില്‍ 63, രാജസ്ഥാനെതിരെ 53 പന്തില്‍ 82 എന്നിങ്ങനെയായിരുന്നു പ്രകടനം.

Related Stories
മാമ്പഴം അമിത വണ്ണത്തിന് കാരണമാകുമോ?
ജീവിതത്തിൽ രക്ഷപ്പെടാം, നായകളിൽ നിന്നും പഠിക്കാനുണ്ട് ഒട്ടേറെ
ശരീരഭാരം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ മതി
നല്ല ചുവന്ന് തുടുത്ത ചുണ്ടുകൾ സ്വന്തമാക്കാം