IPL 2025: ഇങ്ങനെ ബാറ്റ് ചെയ്താല്‍ എങ്ങനെ വിക്കറ്റ് വീഴ്ത്തും? നഷ്ടമായത് മൂന്നേ മൂന്ന് വിക്കറ്റ്, ഗുജറാത്തിന് മികച്ച സ്‌കോര്‍
IPL 2025 Gujarat Titans vs Kolkata Knight Riders: ബട്ട്‌ലര്‍-ഷാരൂഖ് ഖാന്‍ കൂട്ടുക്കെട്ട് തകര്‍ത്തടിച്ച് നോക്കിയെങ്കിലും ഗുജറാത്തിനെ 200 കടത്താന്‍ സാധിച്ചില്ല. ബട്ട്‌ലര്‍ 23 പന്തില്‍ 41 റണ്‍സുമായും, ഷാരൂഖ് ഖാന്‍ അഞ്ച് പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ നിന്നു. മോശം ഫോമിലുള്ള ക്വിന്റോണ്‍ ഡി കോക്കിന് പകരം അഫ്ഗാന്‍ താരം റഹ്‌മാനുല്ല ഗുര്‍ബാസാണ് ഇന്ന് കൊല്‍ക്കത്തയുടെ വിക്കറ്റ് കീപ്പറായി കളിക്കുന്നത്

കൊല്‍ക്കത്ത: ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള നിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയിക്കാന്‍ വേണ്ടത് 199 റണ്‍സ്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 198 റണ്‍സ് നേടിയത്. ടോസ് നേടിയിട്ടും പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ ബാറ്റിങിന് വിട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ അജിങ്ക്യ രഹാനെയുടെ തീരുമാനം അല്‍പം പാളിയോ എന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ഗുജറാത്തിന്റെ ഓപ്പണര്‍മാരായ സായ് സുദര്‍ശന്റെയും, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും തുടക്കം.
ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ ഇരുവരും സെഞ്ചുറി കൂട്ടുക്കെട്ട് ഉണ്ടാക്കിയതിന് ശേഷമാണ് വേര്‍പിരിഞ്ഞത്. 114 റണ്‍സിലാണ് ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പതിമൂന്നാം ഓവറിലെ രണ്ടാം പന്തില്‍ സായ് സുദര്‍ശനെ പുറത്താക്കി ആന്ദ്രെ റസലാണ് ഗുജറാത്തിന്റെ കരുത്തുറ്റ ഓപ്പണിങ് കൂട്ടുക്കെട്ട് പൊളിച്ചത്. 36 പന്തില്‍ 52 റണ്‍സെടുത്ത സുദര്‍ശന്‍ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുല്ല ഗുര്‍ബാസിന് ക്യാച്ച് നല്‍കിയാണ് ഔട്ടായത്.
എട്ട് മത്സരങ്ങളില്‍ നിന്ന് സായ് സുദര്‍ശന്‍ നേടുന്ന അഞ്ചാമത്തെ അര്‍ധ ശതകമാണിത്. ഒപ്പം, ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിനുള്ള പോരാട്ടത്തില്‍ താരം ഒന്നാമതെത്തി. 417 റണ്‍സാണ് സീസണില്‍ ഇതുവരെ സായ് സുദര്‍ശന്‍ നേടിയത്. 368 റണ്‍സുമായി നിക്കോളാസ് പുരനാണ് രണ്ടാമത്.




Read Also: IPL 2025: രാജസ്ഥാന്‍ റോയല്‍സിന് കണ്ടകശനി; സഞ്ജു ആര്‍സിബിക്കെതിരെയും കളിക്കില്ല
സായ് സുദര്‍ശനെ വീഴ്ത്തിയെങ്കിലും കൊല്‍ക്കത്ത ബൗളര്‍മാര്‍ പിന്നെയും ഏറെ പണി പെടേണ്ടി വന്നു. രണ്ടാം വിക്കറ്റില്‍ ജോസ് ബട്ട്‌ലറുമായി ചേര്‍ന്ന് ഗില്‍ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചുകൊണ്ടേയിരുന്നു. ബട്ട്‌ലര്‍-ഗില്‍ സഖ്യം 56 റണ്‍സാണ് ഗുജറാത്തിന് സമ്മാനിച്ചത്. സെഞ്ചുറിക്ക് 10 റണ്‍സ് അകലെ ഗില്ലിനെ വൈഭവ് അറോറ വീഴ്ത്തി. റിങ്കു സിങിന്റെ ക്യാച്ചിലാണ് ഗില്‍ പുറത്തായത്. 55 പന്തില്‍ 90 റണ്‍സ് നേടിയായിരുന്നു ഗുജറാത്ത് നായകന്റെ മടക്കം.
പിന്നീട് രാഹുല്‍ തെവാട്ടിയ ക്രീസിലേക്ക്. രണ്ട് പന്ത് മാത്രം നേരിട്ട തെവാട്ടിയയെ അക്കൗണ്ട് തുറക്കും മുമ്പ് ഹര്‍ഷിത് റാണ രമണ്‍ദീപിന്റെ കൈകളിലെത്തിച്ചു. മത്സരത്തില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് ആശ്വസിക്കാന്‍ സാധിച്ച ഏക നിമിഷവും ഇതായിരിക്കാം.
ഒടുവില്‍ ബട്ട്‌ലര്‍-ഷാരൂഖ് ഖാന്‍ കൂട്ടുക്കെട്ട് തകര്‍ത്തടിച്ച് നോക്കിയെങ്കിലും ഗുജറാത്തിനെ 200 കടത്താന്‍ സാധിച്ചില്ല. ബട്ട്‌ലര്‍ 23 പന്തില്‍ 41 റണ്‍സുമായും, ഷാരൂഖ് ഖാന്‍ അഞ്ച് പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ നിന്നു. മോശം ഫോമിലുള്ള ക്വിന്റോണ്‍ ഡി കോക്കിന് പകരം അഫ്ഗാന്‍ താരം റഹ്‌മാനുല്ല ഗുര്‍ബാസാണ് ഇന്ന് കൊല്‍ക്കത്തയുടെ വിക്കറ്റ് കീപ്പറായി കളിക്കുന്നത്.