IPL 2025: ജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം ഉറപ്പ്; ഇന്ന് പോരാട്ടം ഗുജറാത്തും ഡൽഹിയും തമ്മിൽ
GT vs DC Match Preview: ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെതിരെ. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തും.

ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടായ അഹ്മദാബാദിൽ വൈകിട്ട് 3.30ന് മത്സരം ആരംഭിക്കും. പോയിൻ്റ് പട്ടികയിൽ ഡൽഹി ക്യാപിറ്റൽസ് ഒന്നാമതും ഗുജറാത്ത് ടൈറ്റൻസ് മൂന്നാമതുമാണ്. ഇന്ന് വിജയിക്കുന്ന ടീം പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തും.
ലഖ്നൗവിനെതിരായ പരാജയത്തിന് ശേഷമാണ് ഗുജറാത്ത് ടൈറ്റൻസ് എത്തുന്നത്. പക്ഷേ, ടീമിന് കാര്യമായ തലവേദനകളില്ല. സായ് സുദർശനും ശുഭ്മൻ ഗില്ലും ജോസ് ബട്ട്ലറും ചേർന്ന ടോപ്പ് ഓർഡർ തന്നെയാണ് ബാറ്റിംഗ് നിരയുടെ കരുത്തെങ്കിലും ഷെർഫെയിൻ റതർഫോർഡ്, വാഷിംഗ്ടൺ സുന്ദർ, ഷാരൂഖ് ഖാൻ തുടങ്ങിയവരും ചില നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. റാഷിദ് ഖാൻ്റെ പ്രകടനം പഴയതുപോലെ നന്നാവുന്നില്ലെന്നത് ഗുജഭ്റാത്തിൻ്റെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ട്. എന്നാൽ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കൊപ്പം ആർ സായ് കിഷോറിൻ്റെ പ്രകടനങ്ങൾ ഗുജറാത്തിന് കരുത്താവുന്നു. മധ്യ ഓവറുകളിൽ പ്രസിദ്ധ് കൃഷ്ണ നടത്തുന്ന പ്രകടനങ്ങൾ ഗംഭീരമാണ്. ടീമിൽ മാറ്റങ്ങളുണ്ടായേക്കില്ല.




മറുവശത്ത് ഡൽഹി ക്യാപിറ്റൽസും കരുത്തരാണ്. ടോപ്പ് ഓർഡറിൽ ജേക്ക് ഫ്രേസർ മക്കർക്കിനെ മാറ്റിനിർത്തിയാൽ ടീം സമ്പൂർണം. കരുൺ നായരിൻ്റെ വരവ് ടീമിന് നൽകുന്ന ബാലൻസ് ചെറുതല്ല. അഭിഷേക് പോറൽ, കെഎൽ രാഹുൽ, ട്രിസ്റ്റൻ സ്റ്റബ്സ്, അശുതോഷ് ശർമ്മ, അക്സർ പട്ടേൽ എന്നിങ്ങനെ നീളുന്ന ബാറ്റിംഗ് നിരയുടെ കരുത്ത് അപാരമാണ്. രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിലടക്കം അസാമാന്യ പ്രകടനങ്ങൾ നടത്തിയ മിച്ചൽ സ്റ്റാർക്കിനൊപ്പം കുൽദീപ് യാദവും മോഹിത് ശർമ്മയും അടങ്ങിയ ബൗളിംഗ് നിരയും വളരെ മികച്ചതാണ്. ഫോമൗട്ടായ മക്കർക്കിന് പകരം ഫാഫ് ഡുപ്ലെസി ടീമിൽ തിരികെയെത്തിയേക്കും. ഡുപ്ലെസിയുടെ പരിക്ക് മാറിയെന്നാണ് വിവരം. ഡുപ്ലെസി തിരികെയെത്തിയാൽ ഡൽഹിയെ പിടിച്ചുകെട്ടുക എളുപ്പമാവില്ല.
ആറ് മത്സരങ്ങളിൽ കളിച്ച് അഞ്ചിലും വിജയിച്ച ഡൽഹിയ്ക്ക് 10 പോയിൻ്റുണ്ട്. പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഡൽഹി. ആറ് മത്സരങ്ങൾ തന്നെ കളിച്ച ഗുജറാത്ത് ആവട്ടെ നാല് ജയം സഹിതം എട്ട് പോയിൻ്റുമായി മൂന്നാം സ്ഥാനത്തുണ്ട്.