AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: രാജസ്ഥാന്‍ റോയല്‍സ് കണ്ടുപഠിക്ക് ! ‘ബട്ട്‌ലറിസ’ത്തില്‍ ഡല്‍ഹിയെ ചുരുട്ടിക്കെട്ടി ഗുജറാത്ത് ടൈറ്റന്‍സ്‌

Gujarat Titans beat Delhi Capitals: ഈ വിജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഡല്‍ഹി ക്യാപിറ്റല്‍സാണ് രണ്ടാമത്. ഇരുടീമുകളും ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം ജയവും, രണ്ട് തോല്‍വിയും ഇതുവരെ നേടി. റണ്‍ റേറ്റിന്റെ പിന്‍ബലമാണ് ഗുജറാത്തിനെ ഒന്നാമതെത്തിച്ചത്

IPL 2025: രാജസ്ഥാന്‍ റോയല്‍സ് കണ്ടുപഠിക്ക് ! ‘ബട്ട്‌ലറിസ’ത്തില്‍ ഡല്‍ഹിയെ ചുരുട്ടിക്കെട്ടി ഗുജറാത്ത് ടൈറ്റന്‍സ്‌
ജോസ് ബട്ട്‌ലറും, സായ് സുദര്‍ശനും Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 19 Apr 2025 20:12 PM

ഗുജറാത്ത് ടൈറ്റന്‍സിനെ തോളിലേറ്റി ജോസ് ബട്ട്‌ലര്‍ നടത്തിയ മാസ്മരിക പ്രകടനത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റിന് തോറ്റമ്പി. ഡല്‍ഹി മുന്നോട്ടു വച്ച 204 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ ഗുജറാത്ത് മറികടന്നു. പുറത്താകാതെ 54 പന്തില്‍ 97 റണ്‍സാണ് ബട്ട്‌ലര്‍ അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ (അഞ്ച് പന്തില്‍ ഏഴ്) തുടക്കത്തില്‍ തന്നെ റണ്ണൗട്ടിലൂടെ നഷ്ടപ്പെട്ടെങ്കിലും സായ് സുദര്‍ശനൊപ്പം ചേര്‍ന്ന് ബട്ട്‌ലര്‍ ഗുജറാത്തിന്റെ പോരാട്ടത്തെ നയിച്ചു.

ബട്ട്‌ലര്‍-സുദര്‍ശന്‍ സഖ്യത്തിന്റെ പോരാട്ടം ഗുജറാത്തിനെ എട്ടോവറില്‍ 70 കടത്തി. ഇതിന് പിന്നാലെ സുദര്‍ശന്‍ പുറത്തായി. 21 പന്തില്‍ 36 റണ്‍സെടുത്ത സുദര്‍ശന്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കി ഔട്ടാവുകയായിരുന്നു. തുടര്‍ന്ന് ഇമ്പാക്ട് പ്ലയറായെത്തിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡിനൊപ്പം ചേര്‍ന്ന് ബട്ട്‌ലര്‍ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.

34 പന്തില്‍ 43 റണ്‍സെടുത്ത റുഥര്‍ഫോര്‍ഡ് മുകേഷ് കുമാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ഗുജറാത്തിന് വിജയിക്കാന്‍ വേണ്ടത്. റുഥര്‍ഫോര്‍ഡിന് ശേഷം ക്രീസിലെത്തിയ രാഹുല്‍ തെവാട്ടിയ ആവേശം ഒട്ടും ചോരാതെ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് പന്ത് നേരിട്ട തെവാട്ടിയ 11 റണ്‍സെടുത്തു. ഒരു ഫോറും സിക്‌സറും താരം പായിച്ചു.

ഈ വിജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഡല്‍ഹി ക്യാപിറ്റല്‍സാണ് രണ്ടാമത്. ഇരുടീമുകളും ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം ജയവും, രണ്ട് തോല്‍വിയും ഇതുവരെ നേടി. റണ്‍ റേറ്റിന്റെ പിന്‍ബലമാണ് ഗുജറാത്തിനെ ഒന്നാമതെത്തിച്ചത്. ജോസ് ബട്ട്‌ലറെ കൈവിട്ടതിലൂടെ രാജസ്ഥാന്‍ റോയല്‍സ് വരുത്തിയത് എത്ര ഭീമമായ നഷ്ടമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗുജറാത്തിനായി താരം പുറത്തെടുത്ത പ്രകടനം.

Read Also : IPL 2025: സഞ്ജു ഔട്ട്, ഇമ്പാക്ട് പ്ലയറായും കളിക്കില്ല; ഐപിഎല്ലില്‍ ഇന്ന് 14കാരന്റെ അരങ്ങേറ്റം

സഞ്ജുവിന്റെ റെക്കോഡ് തകര്‍ന്നു

ഐപിഎല്ലില്‍ അതിവേഗം 200 സിക്‌സറുകള്‍ തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സഞ്ജു സാംസണിനെ മറികടന്ന് കെഎല്‍ രാഹുല്‍ സ്വന്തമാക്കി. ഇന്ന് നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലാണ് ഡല്‍ഹി താരമായ രാഹുല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 129 മത്സരങ്ങളില്‍ നിന്നാണ് രാഹുല്‍ റെക്കോഡ് സ്വന്തമാക്കിയത്. 159 മത്സരങ്ങളില്‍ നിന്നാണ് സഞ്ജു 200 സിക്‌സറുകള്‍ തികച്ചത്.