IPL 2025: ഇമ്പാക്ടെന്ന് പറഞ്ഞാല്‍ ഒന്നൊന്നര ഇമ്പാക്ട്; പകരമെത്തുന്നവരെല്ലാം ഒരേ പൊളി
IPL 2025 Impact Players: ഇമ്പാക്ട് പ്ലെയര്‍ തേരോട്ടത്തിന് തുടക്കമിട്ടത് സഞ്ജു സാംസണാണ്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇമ്പാക്ട് പ്ലയറായെത്തിയ സഞ്ജു 37 പന്തില്‍ 66 റണ്‍സ് നേടി. മത്സരത്തില്‍ റോയല്‍സിന് ജയിക്കാനായില്ലെങ്കിലും സഞ്ജുവിന്റെ പോരാട്ടം ശ്രദ്ധേയമായി

2023 മുതലാണ് ഐപിഎല്ലില്‍ ഇമ്പാക്ട് പ്ലയര്‍ നിയമം അവതരിപ്പിച്ചത്. പ്ലേയിങ് ഇലവനിലെ ഒരു താരത്തെ പിന്‍വലിച്ച് പകരം മറ്റൊരാളെ കളിക്കാന്‍ ഇറക്കുന്ന രീതിക്ക് ഉടന്‍ തന്നെ പ്രചാരവുമേറി. പകരക്കാരനായി മൈതാനത്തെത്തുന്ന താരമാണ് ഇമ്പാക്ട് പ്ലയര്‍. ഐപിഎല്‍ കൂടുതല്‍ ആവേശകരമാക്കുന്നതിനാണ് ഈ പുതുരീതി അവതരിപ്പിച്ചത്. ടീമുകളെ സംബന്ധിച്ച് ഇമ്പാക്ട് പ്ലയര്‍ ഒരു വജ്രായുധമാണ്. സാഹചര്യം അനുസരിച്ച് ബാറ്റിങ്, ബൗളിങ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ അവര്‍ക്ക് ഇമ്പാക്ട് പ്ലയറെ അവതരിപ്പിക്കാം. ചിലപ്പോള്‍ വിജയിക്കാം. അല്ലെങ്കില്‍ പാളാം. അത്തരത്തിലുള്ള സമ്മിശ്രഫലങ്ങളാണ് ഇതുവരെ ഇമ്പാക്ട് പ്ലയറെ അവതരിപ്പിച്ചതിലൂടെ ടീമുകള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ഇതുവരെ നടന്ന മിക്ക മത്സരങ്ങളിലും ഇമ്പാക്ട് പ്ലയര്‍മാര്‍ കളി നിയന്ത്രിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. സഞ്ജു സാംസണും, വിഘ്‌നേഷ് പുത്തൂരും ചില ഉദാഹരണങ്ങള്‍ മാത്രം.
മാര്‍ച്ച് 22ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരും തമ്മില്‍ നടന്ന പോരാട്ടമാണ് സീസണിലെ ആദ്യ മത്സരം. എന്നാല്‍ ഈ മത്സരത്തിലെ ഇമ്പാക്ട് പ്ലയര്‍മാര്‍ക്ക് കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. കൊല്‍ക്കത്തയുടെ ഇമ്പാക്ട് പ്ലയറായി ബൗള്‍ ചെയ്യാനെത്തിയ വൈഭവ് അറോറ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങി. ദേവ്ദത്ത് പടിക്കലായിരുന്നു ആര്‍സിബിയുടെ ഇമ്പാക്ട് പ്ലയര്‍. നേടിയത് 10 പന്തില്‍ 10 റണ്‍സ് മാത്രം.
ഇത്തവണത്തെ ഇമ്പാക്ട് പ്ലെയര്‍ തേരോട്ടത്തിന് തുടക്കമിട്ടത് സഞ്ജു സാംസണാണ്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇമ്പാക്ട് പ്ലയറായെത്തിയ സഞ്ജു 37 പന്തില്‍ 66 റണ്‍സ് നേടി. മത്സരത്തില്‍ റോയല്‍സിന് ജയിക്കാനായില്ലെങ്കിലും സഞ്ജുവിന്റെ പോരാട്ടം ശ്രദ്ധേയമായി. സണ്‍റൈസേഴ്‌സ് ഇമ്പാക്ട് പ്ലയറാക്കിയത് ആദം സാമ്പയെയായിരുന്നു. നേടിയത് ഒരു വിക്കറ്റ്. പക്ഷേ, നാലോവറില്‍ 48 റണ്‍സ് വഴങ്ങി.




തുടര്‍ന്ന് നടന്നത് മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം. ഈ സീസണിലെ ഇതുവരെ നടന്ന മത്സരങ്ങളില്‍ ഏറ്റവും ഞെട്ടിച്ച ഇമ്പാക്ട് പ്ലയറെ കണ്ടത് ഈ പോരാട്ടത്തിലായിരുന്നു. മുംബൈ ഇമ്പാക്ട് പ്ലയറായി കളത്തിലിറക്കിയ മലയാളിതാരം വിഘ്‌നേഷ് പുത്തൂര്‍ നാലോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ചെന്നൈയെ പ്രതിരോധത്തിലാക്കി. പക്ഷേ, ചെന്നൈയുടെ ഇമ്പാക്ട് പ്ലയറായെത്തിയ രാഹുല്‍ ത്രിപാഠി (മൂന്ന് പന്തില്‍ രണ്ട്) നിരാശപ്പെടുത്തി.
ഡല്‍ഹി ക്യാപിറ്റല്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടത്തില്‍ മാന്‍ ഓഫ് ദ മാച്ചായത് ഒരു ഇമ്പാക്ട് പ്ലയറായിരുന്നു. പേര് അശുതോഷ് ശര്‍മ. തോല്‍വിയുടെ വക്കിലെത്തിയ ഡല്‍ഹിക്ക് അപ്രതീക്ഷിത ജയം അശുതോഷ് സമ്മാനിച്ചു. നേടിയത് പുറത്താകാതെ 31 പന്തില്‍ 66 റണ്‍സ്. ലഖ്‌നൗവിന്റെ ഇമ്പാക്ട് പ്ലയറായെത്തിയ എം. സിദ്ധാര്‍ത്ഥും തിളങ്ങി. രണ്ട് വിക്കറ്റുകളാണ് താരം പിഴുതത്.
ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തിലെ ഇമ്പാക്ട് പ്ലെയര്‍മാരും തിളങ്ങി. ഗുജറാത്തിന്റെ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് നേടിയത് 28 പന്തില്‍ 46 റണ്‍സ്. പഞ്ചാബിന്റെ വൈശാഖ് വിജയ് കുമാറിന് വിക്കറ്റ് വീഴ്ത്താനായില്ല. മൂന്ന് ഓവറില്‍ 28 റണ്‍സ് വഴങ്ങുകയും ചെയ്തു. പക്ഷേ, ഗുജറാത്ത് ബാറ്റര്‍മാരെ വട്ടം കറക്കുന്നതായിരുന്നു വൈശാഖിന്റെ പല പന്തുകളും.