IPL 2025: ഗ്ലെൻ ഫിലിപ്സ് പരിക്കേറ്റ് കിടക്കുമ്പോൾ ഗില്ലും കിഷനും തമാശ പറഞ്ഞ് ചിരിച്ചോ?; സത്യമെന്തെന്നറിയാം
Did Shubhman Gill Joke With Ishan Kishan: ഗ്ലെൻ ഫിലിപ്സ് പരിക്കേറ്റ് കിടക്കെ ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും തമാശ പറഞ്ഞ് ചിരിച്ചു എന്ന ആരോപണങ്ങളുയരുകയാണ്. ഇതിലെ സത്യാവസ്ഥ പരിശോധിക്കാം.

സഹതാരം ഗ്ലെൻ ഫിലിപ്സ് പരിക്കേറ്റ് വീണുകിടക്കുമ്പോൾ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീം അംഗം ഇഷാൻ കിഷനോട് തമാശ പറഞ്ഞ് ചിരിച്ചു എന്ന ആരോപണമുയരുകയാണ്. സ്വന്തം ടീമംഗം പരിക്കേറ്റ് കിടക്കുമ്പോൾ ക്യാപ്റ്റൻ തമാശ പറഞ്ഞ് ചിരിച്ചുല്ലസിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം. എന്നാൽ, ഇത് പൂർണമായും സത്യമല്ല.
സൺറൈസേഴ്സ് ഇന്നിംഗ്സിൻ്റെ ആറാം ഓവറിലായിരുന്നു സംഭവം. ഇഷാൻ കിഷനാണ് ബാറ്റ് ചെയ്തിരുന്നത്. കിഷൻ ഒരു ഷോട്ട് കളിച്ച് സിംഗിൾ പൂർത്തിയാക്കി. എന്നാൽ, പകരക്കാനായി ഫീൽഡിലുണ്ടായിരുന്ന ഗ്ലെൻ ഫിലിപ്സ് പന്തെടുത്ത് എറിയാൻ ശ്രമിക്കവേ പരിക്കേറ്റ് നിലത്തുവീണു. ഉടൻ ഫിസിയോ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഈ സമയത്ത് ഗില്ലും കിഷനും തമാശപറഞ്ഞ് ചിരിക്കുന്നത് കാണാമായിരുന്നു. ഇതാണ് വിവാദമായത്.
എന്നാൽ, ഫിലിപ്സിൻ്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നതിനെപ്പറ്റി ഗില്ലിന് ധാരണയുണ്ടായിരുന്നില്ല. ഇതറിഞ്ഞപ്പോൾ ഗിൽ ഓടി ഫിലിപ്സിൻ്റെ അടുത്ത് ചെല്ലുന്നുണ്ട്.




മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് അനായാസ വിജയം കുറിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദിനെ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 152 റൺസിലൊതുക്കാൻ ഗുജറാത്തിന് സാധിച്ചു. നാല് ഓവറിൽ കേവലം 17 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഹൈദരാബാദിനെ തകർത്തെറിഞ്ഞത്. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (43 പന്തിൽ 61) മുന്നിൽ നിന്ന് നയിച്ചപ്പോൾ ഗുജറാത്ത് അനായാസ വിജയത്തിലെത്തി. വാഷിംഗ്ടൺ സുന്ദർ (29 പന്തിൽ 49), ഷെർഫെയിൻ റതർഫോർഡ് (16 പന്തിൽ 35) എന്നിവരും ഗുജറാത്തിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 17ആം ഓവറിൽ കേവലം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ച ഗുജറാത്ത് ഇതോടെ പോയിൻ്റ് പട്ടികയിൽ രണ്ടാമതെത്തി.
Also Read: IPL 2025: വാംഖഡെയിൽ അവതരിച്ച് വിരാട് കോലി; ഒപ്പം നിന്ന് ക്യാപ്റ്റൻ: മുംബൈയെ അടിച്ചൊതുക്കി ആർസിബി
ആകെ നാല് മത്സരങ്ങൾ കളിച്ച ഗുജറാത്തിന് മൂന്നിലും വിജയിക്കാൻ സാധിച്ചു. ആദ്യ കളി പഞ്ചാബ് കിംഗ്സിനോട് 11 റൺസിന് തോറ്റ ഗുജറാത്ത് പിന്നീട് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരെ കീഴടക്കി. ഈ മാസം 9ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഗുജറാത്തിൻ്റെ അടുത്ത മത്സരം.