Dhruv Jurel: ‘സർക്കാർ ജോലി കിട്ടണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം, ഒരു ഘട്ടത്തിൽ ക്രിക്കറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു’
Dhruv Jurel on his cricketing career: ക്യാമ്പില്‍ കുറേ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നത് കണ്ടപ്പോള്‍ ആഗ്രഹം തോന്നി. അങ്ങനെ കളിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ക്രിക്കറ്റ് കളിക്കുന്ന കാര്യം മാതാപിതാക്കളെ അറിയിച്ചില്ല. നീന്താന്‍ പോകുന്നുവെന്ന് മാത്രമാണ് അവരോട് പറഞ്ഞിരുന്നത്. രണ്ട് മാസത്തോളം താന്‍ ക്രിക്കറ്റ് കളിച്ചത് അവര്‍ അറിഞ്ഞിട്ടില്ല. പക്ഷേ, പിന്നീട് അവര്‍ അത് കണ്ടെത്തിയെന്നും ജൂറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി പ്രതീക്ഷയാണ് ധ്രുവ് ജൂറൽ. ഇതിനകം ഈ 24കാരൻ ഇന്ത്യൻ ടീമിനായി നാല് വീതം ടെസ്റ്റുകളും, ടി20കളും കളിച്ചുകഴിഞ്ഞു. ഐപിഎൽ 2025 സീസണിൽ താരം തകർപ്പൻ ഫോമിലാണ്. സൺറൈസേഴ്സിനെതിരായ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി 35 പന്തിൽ 70 റൺസാണ് താരം നേടിയത്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലും ജൂറലായിരുന്നു രാജസ്ഥാന്റെ ടോപ് സ്കോറർ. 28 പന്തിൽ 33 റൺസാണ് ആ മത്സരത്തിൽ താരം നേടിയത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ മാത്രമാണ് ഇതുവരെ ഈ സീസണിൽ താരം നിരാശപ്പെടുത്തിയത്. ഏഴ് പന്തിൽ മൂന്ന് റൺസ് മാത്രമാണ് ചെന്നൈയ്ക്കെതിരെ നേടാനായത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബിനെതിരായ മത്സരത്തിൽ ജൂറൽ പുറത്താകാതെ അഞ്ച് പന്തിൽ 13 റൺസ് നേടി.
ഇപ്പോഴിതാ, താൻ ക്രിക്കറ്റിലേക്ക് എങ്ങനെ എത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്രുവ് ജൂറൽ. ദക്ഷിണാഫ്രിക്കൻ മുൻതാരം എബി ഡി വില്ലിയേഴ്സിന്റെ യൂട്യൂബ് ചാനലിലാണ് ധ്രുവ് ഇക്കാര്യം തുറന്നുപറഞ്ഞത്. താൻ ക്രിക്കറ്റ് കളിക്കുന്നത് പിതാവിന് ഇഷ്ടമല്ലായിരുന്നുവെന്നും തനിക്ക് സർക്കാർ ജോലി ലഭിക്കുന്നത് കാണാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും ജൂറൽ പറഞ്ഞു.
അച്ഛന്‍ സൈന്യത്തിലായിരുന്നു. അദ്ദേഹം 20 വര്‍ഷത്തോളം രാജ്യത്തെ സേവിച്ചു. തനിക്ക് സര്‍ക്കാര്‍ ജോലി കിട്ടുന്നത് കാണാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇന്ത്യയില്‍ ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ അവരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. കാരണം അത് ജീവിതം സുരക്ഷിതമാക്കുന്നു. ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് അച്ഛനോട് പറഞ്ഞപ്പോള്‍ അത് പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് ജൂറൽ വ്യക്തമാക്കി.




സമ്മര്‍ ക്യാമ്പില്‍ കുറേ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നത് കണ്ടപ്പോള്‍ ആഗ്രഹം തോന്നി. അങ്ങനെ കളിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ക്രിക്കറ്റ് കളിക്കുന്ന കാര്യം മാതാപിതാക്കളെ അറിയിച്ചില്ല. നീന്താന്‍ പോകുന്നുവെന്ന് മാത്രമാണ് അവരോട് പറഞ്ഞിരുന്നത്. രണ്ട് മാസത്തോളം താന്‍ ക്രിക്കറ്റ് കളിച്ചത് അവര്‍ അറിഞ്ഞിട്ടില്ല. പക്ഷേ, പിന്നീട് അവര്‍ അത് കണ്ടെത്തിയെന്നും ജൂറൽ പറഞ്ഞു.
ജീവിതത്തില്‍ ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു ഘട്ടമുണ്ടായിരുന്നു. കാരണം ടൂര്‍ണമെന്റുകളില്‍ അവസരം കിട്ടുന്നില്ലായിരുന്നു. ഉയര്‍ന്ന തലത്തില്‍ കളിക്കാന്‍ സാധിച്ചില്ല. ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍, പരിശ്രമം തുടരാനായിരുന്നു നിര്‍ദ്ദേശം. തന്റെ ഒപ്പം എന്നും ഉണ്ടാകുമെന്നും അച്ഛന്‍ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന് ഒരു അക്കാദമിയുണ്ട്. അത് 12 മാസവും പ്രവര്‍ത്തിക്കും. അവിടെ എപ്പോള്‍ വേണമെങ്കിലും പോകാം. ഈ വര്‍ഷം റോയല്‍സ് കപ്പ് നേടുമെന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി.