5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ചിന്നസ്വാമിയില്‍ പെരിയ അടികളുമായി രാഹുല്‍; ആര്‍സിബിയെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്‌

IPL 2025 Delhi Capitals Beat Royal Challengers Bengaluru: നാലാം വിക്കറ്റില്‍ രാഹുലും, ട്രിസ്റ്റണ്‍ സ്റ്റബ്‌സും ആര്‍സിബിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വമ്പനടികളുമായി കളം നിറഞ്ഞതോടെ ഡല്‍ഹി വിജയം പിടിച്ചുവാങ്ങുകയായിരുന്നു. ക്യാപ്റ്റന്‍സിയുടെ ടെന്‍ഷനുകളില്ലാതെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശുന്ന രാഹുലിനെയാണ് ഐപിഎല്‍ 2025 സീസണില്‍ കാണാനാകുന്നത്

IPL 2025: ചിന്നസ്വാമിയില്‍ പെരിയ അടികളുമായി രാഹുല്‍; ആര്‍സിബിയെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്‌
കെഎല്‍ രാഹുല്‍ Image Credit source: IPL FB Page
jayadevan-am
Jayadevan AM | Published: 11 Apr 2025 06:17 AM

പ്പണേഴ്‌സും, വണ്‍ ഡൗണുമെല്ലാം വന്ന പോലെ മടങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തോല്‍വി ഉറപ്പിച്ചതാണ്. ഒമ്പതോവറുകള്‍ക്കുള്ളില്‍ ഡല്‍ഹിയുടെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ആര്‍സിബി വിജയം സ്വപ്‌നം കണ്ടതുമാണ്. എന്നാല്‍, കെ.എല്‍. രാഹുലിന്റെയും, ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും നാലാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ ആര്‍സിബിക്ക് എല്ലാം നഷ്ടപ്പെട്ടു. അചഞ്ചലമായ നാലാം വിക്കറ്റ് പാര്‍ട്ടണര്‍ഷിപ്പില്‍ ഇരുവരും ചേര്‍ത്തത് 111 റണ്‍സ്. ഡല്‍ഹിക്ക് ആറു വിക്കറ്റിന്റെ അപ്രതീക്ഷിത ജയം. സ്‌കോര്‍: ആര്‍സിബി: 20 ഓവറില്‍ ഏഴു വിക്കറ്റിന് 163. ഡല്‍ഹി ക്യാപിറ്റല്‍സ്: 17.5 ഓവറില്‍ നാലു വിക്കറ്റിന് 169.

വമ്പനടികളുമായി കളം നിറഞ്ഞ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിന്റെ പിന്‍ബലത്തില്‍ നാലോവറിനുള്ളില്‍ 60 റണ്‍സ് കടന്ന ആര്‍സിബി 200-നും മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നിയിടത്ത് നിന്ന് പിന്നീടെല്ലാം തകിടം മറിയുകയായിരുന്നു. 17 പന്തില്‍ 37 റണ്‍സ് നേടിയ സാള്‍ട്ട് റണ്ണൗട്ടായത് ആര്‍സിബിക്ക് ചില്ലറ നഷ്ടമല്ല വരുത്തിയത്. എട്ടാമതെത്തിയ ടിം ഡേവിഡിന് മാത്രമാണ് പിന്നീട് ആര്‍സിബി ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. താരം പുറത്താകാതെ 20 പന്തില്‍ 37 റണ്‍സെടുത്തു.

വിരാട് കോഹ്ലി-14 പന്തില്‍ 22, ദേവ്ദത്ത് പടിക്കല്‍-8 പന്തില്‍ 1, രജത് പട്ടീദാര്‍-25, ലിയം ലിവിങ്സ്റ്റണ്‍-ആറു പന്തില്‍ നാല്, ജിതേഷ് ശര്‍മ-11 പന്തില്‍ മൂന്ന്, ക്രുണാല്‍ പാണ്ഡ്യ-18 പന്തില്‍ 18, ഭുവനേശ്വര്‍ കുമാര്‍-നാല് പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. ഡല്‍ഹിക്കു വേണ്ടി വിപ്രജ് നിഗമും, കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതവും, മുകേഷ് കുമാറും, മോഹിത് ശര്‍മയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. ഓപ്പണര്‍മാരായ ഫാഫ് ഡു പ്ലെസിസും (ഏഴ് പന്തില്‍ രണ്ട്), ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും (ആറു പന്തില്‍ ഏഴ്) നിരാശപ്പെടുത്തി. തുടര്‍ന്ന് ക്രീസിലെത്തിയ ഇമ്പാക്ട് പ്ലയര്‍ അഭിഷേക് പോറലിനും (ഏഴ് പന്തില്‍ ഏഴ്) നിലയുറപ്പിക്കാനായില്ല.

തുടര്‍ന്നായിരുന്നു കെ.എല്‍. രാഹുലിന്റെ വരവ്. ഇതിനിടെ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെയും (11 പന്തില്‍ 15) ഡല്‍ഹിക്ക് നഷ്ടപ്പെട്ടു. നാലാം വിക്കറ്റില്‍ രാഹുലും (53 പന്തില്‍ 93), ട്രിസ്റ്റണ്‍ സ്റ്റബ്‌സും (23 പന്തില്‍ 38) ആര്‍സിബിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വമ്പനടികളുമായി കളം നിറഞ്ഞതോടെ ഡല്‍ഹി വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിക്കായി രണ്ട് വിക്കറ്റും, സുയാഷ് ശര്‍മയും, യാഷ് ദയാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അപരാജിതക്കുതിപ്പ് തുടരുന്ന ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ആര്‍സിബി മൂന്നാമതും.

Read Also : CSK Captain: പരിക്കേറ്റ് ഋതുരാജ് ഗെയ്ക്വാദ് പുറത്ത്; ചെന്നൈയുടെ നായകനായി വീണ്ടും ധോണി

ഡല്‍ഹിയെ തോളിലേറ്റി രാഹുല്‍

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാഹുലാണ് മാന്‍ ഓഫ് ദ മാച്ച്. ചെന്നൈയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 51 പന്തില്‍ താരം 77 റണ്‍സ് നേടിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ടെത്തിയ രാഹുലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്ത്. ക്യാപ്റ്റന്‍സിയുടെ ടെന്‍ഷനുകളില്ലാതെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശുന്ന രാഹുലിനെയാണ് ഐപിഎല്‍ 2025 സീസണില്‍ കാണാനാകുന്നത്.