IPL 2025: ഓപ്പണറായി എത്തി അടിച്ചുതകര്‍ത്ത് കരുണ്‍, അവസാന ഓവറുകളില്‍ അശുതോഷിന്റെ മിന്നലാട്ടം
IPL 2025 Delhi Capitals vs Gujarat Titans: സീസണില്‍ മികച്ച ഫോമിലുള്ള സായ് കിഷോറിന് അവസാന ഓവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. താരം ആ ഓവറില്‍ വിക്കറ്റെടുക്കുകയും ചെയ്തു. സായ് കിഷോറിന് ഒരോവര്‍ മാത്രം നല്‍കിയ ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിചിത്ര തീരുമാനത്തില്‍ ആരാധകരും അത്ഭുതപ്പെട്ടു

ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെ വലിച്ച് താഴെയിട്ട് ആ സ്ഥാനത്തേക്ക് എത്താന്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടത് 204 റണ്‍സ്. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 203 റണ്‍സെടുത്തത്. ടോസ് നേടിയ ഗുജറാത്ത് ഡല്‍ഹിയെ ബാറ്റിങിന് അയക്കുകയായിരുന്നു. മോശം ഫോമിലുള്ള ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കിന് പകരം കരുണ്‍ നായരാണ് അഭിഷേക് പോറലിനൊപ്പം ഓപ്പണിങിന് ഇറങ്ങിയത്. തുടക്കം മുതല്‍ ഇരു ബാറ്റര്‍മാരും അടിച്ചുതകര്‍ത്തു. മികച്ച തുടക്കം നല്‍കിയ പോറല്‍ രണ്ടാം ഓവറില്‍ പുറത്തായി. ഒമ്പത് പന്തില്‍ 18 റണ്‍സെടുത്ത താരം അര്‍ഷദ് ഖാന്റെ പന്തിലാണ് പുറത്തായത്. പോറലിന്റെ ബാക്കിപത്രമായിരുന്നു തുടര്‍ന്ന് ക്രീസിലെത്തിയ കെ.എല്‍. രാഹുലും. പോറല്‍ നിര്‍ത്തിയിടത്ത് രാഹുല്‍ തുടങ്ങി.
14 പന്തില്‍ 28 റണ്‍സെടുത്ത രാഹുല്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി അഞ്ചാം ഓവറില്‍ പുറത്തായി. തുടര്‍ന്ന് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനൊപ്പം കരുണ്‍ നായര്‍ ഡല്‍ഹിയെ മുന്നോട്ട് നയിച്ചു. ഒരുവശത്ത് അക്‌സര്‍ കരുതലോടെ ബാറ്റേന്തിയപ്പോള്‍, അടിച്ചുതകര്‍ക്കുകയായിരുന്നു കരുണിന്റെ നയം. 18 പന്തില്‍ 31 റണ്‍സെടുത്ത കരുണിനെ വീഴ്ത്തിയതും പ്രസിദ്ധ് കൃഷ്ണയായിരുന്നു.




എന്നാല്‍ കരുണിന്റെ വിക്കറ്റ് ഡല്‍ഹിക്ക് നഷ്ടമല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ ബാറ്റിങ്. 15-ാം ഓവറില്‍ സ്റ്റബ്‌സ് (21 പന്തില്‍ 31) മടങ്ങുമ്പോഴേക്കും ഡല്‍ഹി 150ന് അടുത്തെത്തിയിരുന്നു. മറ്റ് ബാറ്റര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഏകദിന ശൈലിയിലായിരുന്നു അക്‌സറിന്റെ ബാറ്റിങ്. 32 പന്തില്‍ 39 റണ്‍സെടുത്ത അക്‌സറിനെയും പ്രസിദ്ധ് വീഴ്ത്തി. വിപ്രജ് നിഗമിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ പ്രസിദ്ധ് പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറുടെ തകര്‍പ്പന്‍ ക്യാച്ചാണ് വിപ്രജിന് പുറത്തോട്ടുള്ള വഴിയൊരുക്കിയത്.
ഇമ്പാക്ട് പ്ലയറായി അവസരം ലഭിച്ചെങ്കിലും ഡൊനോവന്‍ ഫെരേര നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത ഫെരേര ഇഷാന്ത് ശര്‍മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുമ്പോഴും അശുതോഷ് ശര്‍മയുടെ ബാറ്റിങ് ഡല്‍ഹിക്ക് ബലം പകര്‍ന്നു. 19 പന്തില്‍ 37 റണ്‍സാണ് താരം നേടിയത്. ഗുജറാത്തിനു വേണ്ടി പ്രസിദ്ധ് കൃഷ്ണ നാലു വിക്കറ്റ് വീഴ്ത്തി.
സീസണില്‍ മികച്ച ഫോമിലുള്ള സായ് കിഷോറിന് അവസാന ഓവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. താരം ആ ഓവറില്‍ വിക്കറ്റെടുക്കുകയും ചെയ്തു. സായ് കിഷോറിന് ഒരോവര്‍ മാത്രം നല്‍കിയ ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിചിത്ര തീരുമാനത്തില്‍ ആരാധകരും അത്ഭുതപ്പെട്ടു.