AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: തല നേരത്തെ ഇറങ്ങിയിട്ടും രക്ഷയില്ല, റിട്ടയേര്‍ഡ് ഔട്ട് തന്ത്രവും പാളി; ചെന്നൈ പിന്നെയും തോറ്റു

IPL 2025 Punjab Kings Beat Chennai Super Kings By 18 Runs: ഐപിഎല്‍ 2025 സീസണില്‍ ഇത് രണ്ടാം തവണയാണ് റിട്ടയേര്‍ഡ് ഔട്ട് തന്ത്രം പരീക്ഷിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തിലക് വര്‍മയെ ഇത്തരത്തില്‍ പിന്‍വലിച്ച് പകരം മിച്ചല്‍ സാന്റ്‌നറെ ബാറ്റിങിന് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാന തന്ത്രം ചെന്നൈയും പരീക്ഷിച്ചത്

IPL 2025: തല നേരത്തെ ഇറങ്ങിയിട്ടും രക്ഷയില്ല, റിട്ടയേര്‍ഡ് ഔട്ട് തന്ത്രവും പാളി; ചെന്നൈ പിന്നെയും തോറ്റു
പഞ്ചാബ് കിങ്‌സ്‌ Image Credit source: IPL FB Page
jayadevan-am
Jayadevan AM | Published: 09 Apr 2025 06:34 AM

ന്ത്രങ്ങള്‍ പൊളിച്ചെഴുതിയിട്ടും, സീസണില്‍ ആദ്യമായി 200 കടന്നിട്ടും വിജയിക്കാനാകാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. പഞ്ചാബ് കിങ്‌സിനെതിരെ 18 റണ്‍സിനാണ് ചെന്നൈ തോറ്റത്. 220 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മികച്ച ഓപ്പണിങ് തുടക്കം കിട്ടിയ മത്സരമാണ് ചെന്നൈ പിന്നീട് കൈവിട്ടത്. അഞ്ച് മത്സരങ്ങളില്‍ നാലും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ്. നാലു മത്സരങ്ങളില്‍ മൂന്നും ജയിച്ച പഞ്ചാബ് നാലാം സ്ഥാനത്തും.

ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും, ഡെവോണ്‍ കോണ്‍വെയും ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 23 പന്തില്‍ 36 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയെ പുറത്താക്കി ഗ്ലെന്‍ മാക്‌സ്വെല്ലാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 6.3 ഓവറില്‍ 61 റണ്‍സ് ചെന്നൈ സ്‌കോര്‍ബോര്‍ഡില്‍ തികച്ചിരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് ഒരു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ശശാങ്ക് സിങിന് ക്യാച്ച് സമ്മാനിച്ചായിരുന്നു ചെന്നൈ ക്യാപ്റ്റന്റെ മടക്കം. പിന്നാലെ ഇമ്പാക്ട് പ്ലയറായി ക്രീസിലെത്തിയ ശിവം ദുബെയുടെ തകര്‍പ്പന്‍ പ്രകടനം ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി. അര്‍ധശതകത്തിന് തൊട്ടരികില്‍ ദുബെയെ ഫെര്‍ഗൂസണ്‍ വീഴ്ത്തി. 27 പന്തില്‍ 42 റണ്‍സെടുത്ത ദുബെ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

മുന്‍മത്സരങ്ങളില്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തതിന് വിമര്‍ശനം കേട്ട എംഎസ് ധോണി ഇത്തവണ അഞ്ചാമതെത്തി. 12 പന്തില്‍ 27 റണ്‍സെടുത്താണ് താരം പുറത്തായത്. മൂന്ന് സിക്‌സര്‍ ധോണി പറത്തി. ഇതിനിടെ ‘റിട്ടയേര്‍ഡ് ഔട്ട്’ തന്ത്രം ചെന്നൈയും പരീക്ഷിച്ചു.

49 പന്തില്‍ 69 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയെ പിന്‍വലിച്ച് രവീന്ദ്ര ജഡേജയെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. അഞ്ച് പന്തില്‍ ഒമ്പത് റണ്‍സുമായി ജഡേജയും, രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി വിജയ് ശങ്കറും പുറത്താകാതെ നിന്നു.

42 പന്തില്‍ 103 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യ, പുറത്താകാതെ 36 പന്തില്‍ 52 റണ്‍സെടുത്ത ശശാങ്ക് സിങ്, പുറത്താകാതെ 19 പന്തില്‍ 34 റണ്‍സെടുത്ത മാര്‍ക്കാ യാന്‍സണ്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഈ മൂന്ന് പേരൊഴികെ മറ്റൊരു പഞ്ചാബ് ബാറ്റര്‍ പോലും രണ്ടക്കം കടന്നില്ല. പ്രിയാന്‍ഷാണ് കളിയിലെ താരം.

എന്തിന് കോണ്‍വെയെ പിന്‍വലിച്ചു

18-ാം ഓവറിലാണ് ചെന്നൈ കോണ്‍വെയെ പിന്‍വലിച്ചത്. ആ സമയം 13 പന്തില്‍ 49 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടത്. തങ്ങള്‍ രണ്ട്, മൂന്ന് ഹിറ്റുകള്‍ അകലെയായിരുന്നതിനാലാണ് കോണ്‍വെയെ പിന്‍വലിച്ച് ജഡേജയെ ഇറക്കിയതെന്ന് ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പറഞ്ഞു.

Read Also : IPL 2025: പൊരുതിക്കളിച്ച കൊൽക്കത്തയ്ക്ക് എത്തിപ്പിടിക്കാനായില്ല; ലഖ്നൗവിന് ത്രസിപ്പിക്കുന്ന ജയം

കോണ്‍വെ മികച്ച ടൈമറാണ്. ടോപ് ഓര്‍ഡറിലും അദ്ദേഹം ഫലപ്രദമാണ്. എന്നാല്‍ ജഡേജയുടെ റോള്‍ തികച്ചും വ്യത്യസ്തമാണ്. കോണ്‍വെ ബുദ്ധിമുട്ടുകയാണെന്ന് അറിയാമായിരുന്നു. അദ്ദേഹം സമയം കണ്ടെത്തുന്നതുവരെ കാത്തിരുന്നു. അനിവാര്യമാണെന്ന് തോന്നിയപ്പോള്‍ മാറ്റിയെന്നും റുതുരാജ് കൂട്ടിച്ചേര്‍ത്തു.

പാളുന്ന തന്ത്രം

ഐപിഎല്‍ 2025 സീസണില്‍ ഇത് രണ്ടാം തവണയാണ് റിട്ടയേര്‍ഡ് ഔട്ട് തന്ത്രം പരീക്ഷിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തിലക് വര്‍മയെ ഇത്തരത്തില്‍ പിന്‍വലിച്ച് പകരം മിച്ചല്‍ സാന്റ്‌നറെ ബാറ്റിങിന് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാന തന്ത്രം ചെന്നൈയും പരീക്ഷിച്ചത്. റിട്ടയേര്‍ഡ് ഔട്ട് തന്ത്രം പരീക്ഷിച്ച രണ്ട് ടീമുകളും തോറ്റു.