IPL 2025: ഇന്നലെ 14കാരന്‍ വൈഭവ്, ഇന്ന് 17കാരന്‍ ആയുഷ്; ഐപിഎല്ലില്‍ തിമിര്‍ത്താടി ‘പയ്യന്‍സ്’
IPL 2025 CSK vs MI: രവീന്ദ്ര ജഡേജയുടെയും, ശിവം ദുബെയുടെയും നാലാം വിക്കറ്റ് കൂട്ടുകെട്ട് ചെന്നൈയെ കരയ്ക്കടുപ്പിച്ചു. 79 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ദുബെയെ പുറത്താക്കി ജസ്പ്രീത് ബുംറ ഈ പാര്‍ട്ണര്‍ഷിപ്പ് തകര്‍ത്തു. 32 പന്തില്‍ 50 റണ്‍സെടുത്താണ് ദുബെ മടങ്ങിയത്. അവസാന ഓവറില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജ ചെന്നൈയുടെ സ്‌കോര്‍ 170 കടത്തി

രാഹുല്‍ ത്രിപാഠിക്ക് പകരം, ആയുഷ് മാത്രെയ്ക്ക് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കിയ എംഎസ് ധോണിയുടെ തീരുമാനത്തിന് നൂറില്‍ നൂറു മാര്‍ക്ക് നല്‍കുകയാണ് ആരാധകര്‍. പരിക്കേറ്റ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് പകരം ടീമിലെത്തിയ 17കാരന്‍ ആയുഷ് മാത്രെ കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ അടിച്ചുതകര്‍ത്തു. 15 പന്തില്‍ 32 റണ്‍സാണ് കന്നി അവസരത്തില്‍ താരം നേടിയത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 14കാരന്‍ വൈഭവ് സൂര്യവന്‍ശി തകര്‍ത്തടിച്ചതിന് സമാനമായിരുന്നു മാത്രെയുടെയും ഇന്നിങ്‌സ്. മാത്രെയുടെയും, അര്‍ധ സെഞ്ചുറികള്‍ നേടിയ ശിവം ദുബെയുടെയും, രവീന്ദ്ര ജഡേജയുടെയും ബാറ്റിങ് മികവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി.
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിങിന് അയക്കുകയായിരുന്നു. പതിഞ്ഞ തുടക്കമായിരുന്നു ചെന്നൈയുടേത്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതില്‍ വീണ്ടും രചിന്‍ രവീന്ദ്ര പരാജയപ്പെട്ടു. ഒമ്പത് പന്തില്‍ അഞ്ച് റണ്‍സെടുത്ത രചിന്റെ വിക്കറ്റ് മൂന്നാം ഓവറില്‍ ചെന്നൈയ്ക്ക് നഷ്ടമായി.




തുടര്‍ന്നായിരുന്നു മാത്രെയുടെ വരവ്. നാല് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുന്നതില്‍ ഓപ്പണര്‍ ഷെയ്ഖ് റഷീദ് പരാജയപ്പെട്ടു. ഇതിനിടെ ദീപക് ചഹറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി മാത്രെ മടങ്ങി. തൊട്ടുപിന്നാലെ റഷീദും പുറത്തായി. 20 പന്തില്‍ 19 റണ്‍സ് മാത്രമായിരുന്നു റഷീദിന്റെ സംഭാവന.
തുടര്‍ന്ന് രവീന്ദ്ര ജഡേജയുടെയും, ശിവം ദുബെയുടെയും നാലാം വിക്കറ്റ് കൂട്ടുകെട്ട് ചെന്നൈയെ കരയ്ക്കടുപ്പിച്ചു. 79 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ദുബെയെ പുറത്താക്കി ജസ്പ്രീത് ബുംറ ഈ പാര്‍ട്ണര്‍ഷിപ്പ് തകര്‍ത്തു. 32 പന്തില്‍ 50 റണ്‍സെടുത്താണ് ദുബെ മടങ്ങിയത്.
അവസാന ഓവറില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജ ചെന്നൈയുടെ സ്‌കോര്‍ 170 കടത്തി. പുറത്താകാതെ 35 പന്തില്‍ 53 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. എംഎസ് ധോണി ആറു പന്തില്‍ നാല് റണ്‍സെടുത്ത് പുറത്തായി. ജാമി ഒവര്‍ട്ടണ്‍ മൂന്ന് പന്തില്‍ നാല് റണ്‍സുമായി പുറത്താകാതെ നിന്നു.
മുംബൈയ്ക്ക് വേണ്ടി ബുംറ രണ്ട് വിക്കറ്റും, അശ്വനി കുമാറും, മിച്ചല്‍ സാന്റ്‌നറും, ദീപക് ചഹറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അശ്വനി കുമാര്‍ രണ്ടോവറില്‍ 42 റണ്‍സ് വഴങ്ങി. വിഘ്‌നേഷ് പുത്തൂരിന് ഇന്നും പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല.