IPL 2025: ഒരിക്കൽ ചെന്നൈയുടെ ജീവനായിരുന്നവൻ ഇന്ന് അവർക്കെതിരെ; എൽ ക്ലാസിക്കോയ്ക്കൊരുങ്ങി ഐപിഎൽ
IPL 2025 CSK vs MI Preview: ഐപിഎൽ സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന് നടക്കും. രാത്രി 7.30നാണ് ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.

ഐപിഎൽ 18ആം സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന്. മാർച്ച് 23 രാത്രി 7.30നാണ് ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം ആരംഭിക്കുക. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണുകളിലൊക്കെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പ്രകടനങ്ങളിൽ നിർണായക പങ്കുവഹിച്ച ദീപക് ചഹാർ ഇത്തവണ മുംബൈ ജഴ്സിയിൽ കളിക്കുമെന്നതാണ് ഈ കളിയിലെ ഹൈലൈറ്റ്.
ചെപ്പോക്കിൽ സ്പിന്നർമാരെക്കൊണ്ട് എതിരാളികളെ കറക്കിവീഴ്ത്താനാണ് ചെന്നൈയുടെ പദ്ധതി. ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണിംഗിൽ ഡെവോൺ കോൺവെയോ രചിൻ രവീന്ദ്രയോ എന്ന ചോദ്യമുണ്ട്. നിലവിലെ സാഹചര്യത്തിൽ രചിനാവും നറുക്ക് വീഴുക. രാഹുൽ ത്രിപാഠി, ശിവം ദുബെ, സാം കറൻ, രവീന്ദ്ര ജഡേജ, എംഎസ് ധോണി എന്നിങ്ങനെയാണ് ബാറ്റിംഗ് നിര നീളുക. അതിശക്തം എന്ന് പറയാനാവില്ലെങ്കിലും ഈ ഫോർമുലയിൽ മുൻപ് ചെന്നൈ നേട്ടമുണ്ടാക്കിയിട്ടുണ്ട്. മുംബൈയ്ക്കായി കഴിഞ്ഞ സീസണിൽ അരങ്ങേറിയ, നിലവിൽ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ പെട്ട അൻഷുൽ കംബോജ്, ഐപിഎലിൽ കളിച്ച് തെളിയിച്ചിട്ടുള്ള ഖലീൽ അഹ്മദ് എന്നിവർ പവർ പ്ലേ കവർ ചെയ്യും. പതിവുപോലെ ഡെത്ത് ഓവറുകളിൽ പതിരന. ഇതിൽ കംബോജ്, നൂർ അഹ്മദ്, അശ്വിൻ എന്നിവർക്ക് ബാറ്റിംഗും വഴങ്ങും.
Also Read: IPL 2025: സഞ്ജുവിൻ്റെ രാജസ്ഥാന് ഇന്ന് ആദ്യ മത്സരം; എതിരാളികൾ കരുണയില്ലാത്ത സൺറൈസേഴ്സ് ഹൈദരാബാദ്




മുംബൈയാവട്ടെ കടലാസിൽ കരുത്തരാണ്. ജസ്പ്രീത് ബുംറയില്ലെന്നത് തിരിച്ചടിയാണെങ്കിലും ട്രെൻ്റ് ബോൾട്ട്, ദീപക് ചഹാർ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരിൽ പേസ് അറ്റാക്ക് ഭദ്രം. ഡെത്ത് ഓവറുകളിൽ അല്പം ബുദ്ധിമുട്ടുമെന്ന് മാത്രം. ഓപ്പണിംഗിൽ റയാൻ റിക്കിൾട്ടണോ വിൽ ജാക്ക്സോ എന്നതാണ് മറ്റൊരു ചോദ്യം. രണ്ട് പേരെയും ഉൾപ്പെടുത്തിയുള്ള ഇലവനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കോർബിൻ ബോഷിന് പകരം രാജ് ബാവ കളിക്കും. രോഹിത്, റിക്കിൾട്ടൺ, ജാക്ക്സ്, തിലക്, സൂര്യ, നമൻ ധിർ, റോബിൻ മിൻസ്, രാജ് ബാവ, മിച്ചൽ സാൻ്റ്നർ, ദീപക് ചഹാർ, ട്രെൻ്റ് ബോൾട്ട് എന്ന ഫസ്റ്റ് ഇലവനിൽ മലയാളി സ്പിന്നർ വിഗ്നേഷ് പുത്തൂർ ഇംപാക്ട് പ്ലയറാവും. കരൺ ശർമ്മയ്ക്കും സാധ്യതയുണ്ട്. മുജീബ് റഹ്മാൻ, കരൺ ശർമ്മ, ബെവോൺ ജേക്കബ്സ്, സത്യനാരായണ രാജു എന്നിങ്ങനെ മുംബൈയുടെ ബെഞ്ച് സ്ട്രെങ്തും മികച്ചതാണ്.