IPL 2025: ‘ധോണി റിവ്യൂ സിസ്റ്റ’ത്തിന് പിന്നാലെ കിടിലന്‍ റണ്ണൗട്ടും, ലഖ്‌നൗ സ്റ്റേഡിയത്തില്‍ തലയുടെ വിളയാട്ടം; ചെന്നൈയ്ക്ക് 167 റണ്‍സ് വിജയലക്ഷ്യം
Chennai Super Kings vs Lucknow Super Giants: ചെന്നൈയുടെ തീരുമാനം ശരിയെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. ഫോമിലുള്ള എയ്ഡന്‍ മര്‍ക്രം ആദ്യ ഓവറില്‍ തന്നെ പുറത്തായി. ആറു റണ്‍സെടുത്ത താരം ഖലീല്‍ അഹമ്മദിന്റെ പന്തില്‍ രാഹുല്‍ ത്രിപാഠിക്ക് ക്യാച്ച് നല്‍കിയാണ് ഔട്ടായത്. നാലാം ഓവറില്‍ നിക്കോളാസ് പുരനും മടങ്ങിയതോടെ ലഖ്‌നൗ പ്രതിരോധത്തിലായി

ലഖ്‌നൗ: തുടര്‍പരാജയങ്ങളുടെ ക്ഷീണം തീര്‍ക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടത് 167 റണ്‍സ് മാത്രം. ഫോമിലേക്ക് തിരികെയെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഒഴികെയുള്ള ബാറ്റര്‍മാര്‍ മികച്ച റണ്‍സ് നേടുന്നതില്‍ പരാജയപ്പെട്ടതോടെ 20 ഓവറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് മാത്രം. ടോസ് നേടിയ ചെന്നൈ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയുടെ തീരുമാനം ശരിയെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. തകര്‍പ്പന്‍ ഫോമിലുള്ള എയ്ഡന്‍ മര്‍ക്രം ആദ്യ ഓവറില്‍ തന്നെ പുറത്തായി. ആറു പന്തില്‍ ആറു റണ്‍സെടുത്ത താരം ഖലീല്‍ അഹമ്മദിന്റെ പന്തില്‍ രാഹുല്‍ ത്രിപാഠിക്ക് ക്യാച്ച് നല്‍കിയാണ് ഔട്ടായത്.
നാലാം ഓവറില്‍ അപകടകാരിയായ നിക്കോളാസ് പുരനും മടങ്ങിയതോടെ ലഖ്‌നൗ പ്രതിരോധത്തിലായി. ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത പൂരനെ അന്‍ഷുല്‍ കമ്പോജ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. ചെന്നൈ താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. തുടര്‍ന്ന് ക്യാപ്റ്റന്‍ എംഎസ് ധോണി റിവ്യൂ എടുത്തു. പൂരന്‍ ഔട്ടാണെന്ന് തേര്‍ഡ് അമ്പയര്‍ വിധിച്ചു.
തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്തും, ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും ലഖ്‌നൗവിനെ കര കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ലഖ്‌നൗ സ്‌കോര്‍ ബോര്‍ഡ് 73ല്‍ എത്തിയപ്പോള്‍ മാര്‍ഷും പുറത്തായി. രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്. 25 പന്തില്‍ 30 റണ്‍സെടുത്ത മാര്‍ഷിനെ ജഡേജ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.




പിന്നീട് പന്തും, ആയുഷ് ബദോനിയും ചേര്‍ന്ന് ലഖ്‌നൗവിനായി രക്ഷാപ്രവര്‍ത്തനം നടത്തി. ജഡേജ എറിഞ്ഞ 13-ാം ഓവറില്‍ ബദോനിക്കെതിരായ എല്‍ബിഡബ്ല്യുവിനുള്ള അപ്പീലില്‍ അമ്പയര്‍ ഔട്ട് അനുവദിച്ചു. എന്നാല്‍ ഇത്തവണ റിവ്യൂ സിസ്റ്റം ലഖ്‌നൗവിനെ സഹായിച്ചു. ഉടന്‍ തന്നെ ബദോനി ഡിആര്‍എസ് എടുത്തു. താരം ഔട്ടല്ലെന്ന് തേര്‍ഡ് അമ്പയര്‍ വ്യക്തമാക്കി.
എന്നാല്‍ ആ സന്തോഷം അധിക നേരം നീണ്ടില്ല. വെറും മൂന്ന് പന്ത് പിന്നിടും മുമ്പേ ബദോനിയെ എംഎസ് ധോണി സ്റ്റമ്പ്ഡ് ഔട്ട് ചെയ്തു. മത്സരത്തില്‍ ജഡേജയുടെ രണ്ടാം വിക്കറ്റ്. 17 പന്തില്‍ 22 റണ്‍സാണ് ബദോനി നേടിയത്. ഇതോടെ ഐപിഎല്ലില്‍ 200 ‘പുറത്താക്കലുകള്‍’ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പറായി ധോണി മാറി.
തുടര്‍ന്ന് അബ്ദുല്‍ സമദിനൊപ്പം സ്‌കോര്‍ ബോര്‍ഡ് മുന്നോട്ട് ചലിപ്പിക്കാനായിരുന്നു പന്തിന്റെ ശ്രമം. ഇതിനിടെ ലഖ്‌നൗവിന്റെ സ്‌കോറിങ് മന്ദഗതിയിലായി. എന്നാല്‍ മതീഷ പതിരനെ എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സറുകള്‍ പായിച്ച് പന്ത് അര്‍ധശതകം തികച്ചു. 42 പന്തിലാണ് പന്ത് അര്‍ധ സെഞ്ചുറി നേടിയത്.
സീസണിലെ പന്തിന്റെ ആദ്യത്തെ അര്‍ധ ശതകമാണിത്. ഇതിനിടെ ഖലീല്‍ അഹമ്മദ് എറിഞ്ഞ 19-ാം ഓവറില്‍ പന്ത് നല്‍കിയ ക്യാച്ചിനുള്ള അവസരം ചെന്നൈ ഫീല്‍ഡര്‍ ഷെയ്ഖ് റഷീദ് നഷ്ടപ്പെടുത്തി. 19-ാം ഓവറിലെ ആദ്യ പന്തില്‍ ധോണിയുടെ ഒരു കിടിലന്‍ ത്രോയില്‍ സമദ് റണ്ണൗട്ടായി. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുകയായിരുന്ന സമദിനെ നേരിട്ടുള്ള ത്രോയിലൂടെയാണ് ധോണി റണ്ണൗട്ടാക്കിയത്. 11 പന്തില്‍ 20 റണ്‍സാണ് സമദ് നേടിയത്.
തൊട്ടടുത്ത പന്തില്‍ പന്തും പുറത്തായി. പതിരനെ എറിഞ്ഞ ബോളില്‍ പന്ത് ഷോട്ടിന് ശ്രമിച്ചെങ്കിലും വായുവില്‍ ഉയര്‍ന്ന പന്ത് നേരെ ധോണിയുടെ കൈകളില്‍ ചെന്ന് അവസാനിച്ചു. ഷാര്‍ദ്ദുല്‍ താക്കൂറിനും കാര്യമായി ഒന്നും ചെയ്യാനായില്ല. നാല് പന്തില്‍ ആറു റണ്‍സെടുത്ത താരം ഷെയ്ഖ് റഷീദിന് ക്യാച്ച് നല്‍കി മടങ്ങി.