IPL 2025: ചെപ്പോക്കിൽ നൂറിനെ എയറിലാക്കി രാഹുലിൻ്റെ ഫിഫ്റ്റി; ഡൽഹിയ്ക്ക് മികച്ച സ്കോർ
IPL 2025 CSK vs DC: ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 184 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി കെഎൽ രാഹുലിൻ്റെ ഫിഫ്റ്റിയുടെ മികവിൽ 183 റൺസാണ് നേടിയത്. ചെന്നൈയ്ക്കായി 2 വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹ്മദ് തിളങ്ങി.

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. ഫാഫ് ഡുപ്ലെസിയുടെ അഭാവത്തിൽ ഓപ്പണിങ് റോളിലേക്ക് തിരികെയെത്തിയ കെഎൽ രാഹുലിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് ഡൽഹിയെ തകർപ്പൻ സ്കോറിലെത്തിച്ചത്. രാഹുൽ 77 റൺസ് നേടി. ചെന്നൈയ്ക്കായി ഖലീൽ അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മോശം ഫോം തുടരുന്ന ജേക്ക് ഫ്രേസർ മക്കർക്ക് പതിവുപോലെ വേഗം മടങ്ങി. അഞ്ച് പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. ഖലീൽ അഹ്മദിനായിരുന്നു വിക്കറ്റ്. മൂന്നാം നമ്പറിലെത്തിയ അഭിഷേക് പോറൽ തൻ്റെ ഫോം തുടർന്നു. വേഗത്തിൽ സ്കോർ ചെയ്ത അഭിഷേകിന് രാഹുൽ പിന്തുണ നൽകി. ഇരുവരും ചേർന്ന് 54 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ 20 പന്തിൽ 33 റൺസ് നേടിയ അഭിഷേകിനെ രവീന്ദ്ര ജഡേജ പുറത്താക്കി. നാലാം നമ്പറിലെത്തിയ അക്സർ പട്ടേലും പോസിറ്റീവായാണ് തുടങ്ങിയത്. മൂന്നാം വിക്കറ്റിൽ രാഹുലുമൊത്ത് 36 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷം അക്സർ മടങ്ങി. 14 പന്തിൽ 21 റൺസ് നേടിയ അക്സർ നൂർ അഹ്മദിൻ്റെ ഇരയായി മടങ്ങുകയായിരുന്നു.
Also Read: IPL 2025: ഹൈ ഇൻവെസ്റ്റ്‌മെന്റ്, ലോ റിട്ടേൺ ! മോശം ബാറ്റിങ് പ്രകടനത്തിനിടെ ഋഷഭ് പന്തിന് അടുത്ത ‘പണി’




അഞ്ചാം നമ്പറിലെത്തിയ ചെന്നൈയുടെ മുൻ താരം സമീർ റിസ്‌വിയും ആക്രമിച്ച് കളിച്ചു. ചെപ്പോക്കിൽ എതിരാളികൾ വലഞ്ഞിരുന്ന നൂർ അഹ്മദിനെപ്പോലും ഇരുവരും കടന്നാക്രമിച്ചു. മൂന്ന് ഓവർ എറിഞ്ഞ നൂർ 36 റൺസ് വഴങ്ങി കേവലം ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഇതിനിടെ 33 പന്തിൽ രാഹുൽ സീസണിലെ ആദ്യ ഫിഫ്റ്റി കണ്ടെത്തി. പിന്നാലെ 15 പന്തിൽ 20 റൺസ് നേടിയ റിസ്‌വി ഖലീൽ അഹ്മദിന് മുന്നിൽ വീണു. രാഹുലുമൊത്ത് നാലാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് താരം പവലിയനിലേക്ക് മടങ്ങിയത്. പിന്നാലെയെത്തുയ ട്രിസ്റ്റൻ സ്റ്റബ്സും മികച്ച പ്രകടനം കാഴ്ചവച്ചു. അവസാന ഓവറിൽ കെഎൽ രാഹുൽ പുറത്തായി. 51 പന്തിൽ 77 റൺസ് നേടിയ രാഹുലിനെ മതീഷ പതിരന മടക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ അശുതോഷ് ശർമ്മ റണ്ണൗട്ടായി. ഡെത്ത് ഓവറുകളിൽ തകർത്തെറിഞ്ഞ പതിരനയാണ് ഡൽഹിയെ കൂറ്റൻ സ്കോറിൽ നിന്ന് തടഞ്ഞത്. സ്റ്റബ്സ് 12 പന്തിൽ 24 റൺസ് നേടി നോട്ടൗട്ടാണ്.