IPL 2025: ധോണി ഐപിഎലിൽ നിന്ന് പുറത്താവുമോ? മുടന്തി നടക്കുന്ന താരത്തിൻ്റെ വിഡിയോ വൈറൽ
MS Dhoni Limping Video: ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി മുടന്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ലഖ്നൗവിനെതിരായ മത്സരത്തിന് ശേഷം താരം മുടന്തുന്ന വിഡിയോ പുറത്തുവന്നത് ആരാധകർക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിംഗ്സ് പരാജയങ്ങളുടെ പടുകുഴിയിൽ നിന്ന് കഴിഞ്ഞ മത്സരത്തിലാണ് വിജയത്തിലേക്ക് തിരികെ എത്തിയത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ എംഎസ് ധോണിയുടെ തകർപ്പൻ ഫിനിഷിംഗാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ഈ സന്തോഷത്തിനിടെയിലും ചെന്നൈ ആരാധകർക്ക് ആശങ്കയുണ്ടാക്കുന്ന ചില ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ക്യാപ്റ്റൻ എംഎസ് ധോണി മുടന്തുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ച ചെന്നൈയ്ക്കായി 11 പന്തിൽ 26 റൺസ് നേടി പുറത്താവാതെ നിന്ന എംഎസ് ധോണി കളിയിലെ താരമായിരുന്നു. മത്സരത്തിന് ശേഷം ടീം അംഗങ്ങൾക്കൊപ്പം ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് താരം മുടന്തിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലഖ്നൗവിനെതിരായ മത്സരത്തിൽ സിംഗിൾ ഓടുന്നതിനിടെ ധോണി ഓട്ടം പൂർത്തിയാക്കാൻ ബുദ്ധിമുട്ടുന്നതും ആരാധകർ ശ്രദ്ധിച്ചു. താരത്തിൻ്റെ കാൽമുട്ട് പൂർണാരോഗ്യത്തിലല്ലെന്ന് മാനേജ്മെൻ്റ് തന്നെ അറിയിച്ചിരുന്നു.




വൈറൽ വിഡിയോ കാണാം
Thala Dhoni literally limping after yesterday’s game 🫠 this guy is literally giving everything to csk and fans#CSKvsLSG #MSDhoni #LSGvsCSKpic.twitter.com/KYHYg5NJVo
— Riya Agrahari (@Riyaagrahari8) April 15, 2025
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് എംഎസ് ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തിയത്. മുടന്തുന്ന വിഡിയോ പുറത്തുവന്നതോടെ ഋതുരാജിനെപ്പോലെ ധോണിയും ഐപിഎലിൽ നിന്ന് പുറത്താവുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഇതേപ്പറ്റി മാനേജ്മെൻ്റ് ഒന്നും അറിയിച്ചിട്ടില്ല.
Also Read: IPL 2025: ‘എന്തൊരു കഴിവുള്ള മനുഷ്യൻ’; ചഹാലിനെ പുകഴ്ത്തി ആർജെ മഹ്‌വാഷ്
ലഖ്നൗവിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 166 റൺസ് നേടി. 49 പന്തിൽ 63 റൺസ് നേടിയ ക്യാപ്റ്റൻ ഋഷഭ് പന്താണ് ലഖ്നൗവിൻ്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ മൂന്ന് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 43 റൺസ് നേടിയ ശിവം ദുബെയാണ് ചെന്നൈക്കായി ടോപ്പ് സ്കോററായത്. ഏഴ് മത്സരങ്ങളിൽ രണ്ട് വിജയം സഹിതം നാല് പോയിൻ്റുള്ള ചെന്നൈ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.