IPL 2025 : തുടരെ മൂന്ന് റൺഔട്ടുകൾ; ഡൽഹിയുടെ അപരാജിത കുതിപ്പിന് തടയിട്ട് മുംബൈ
IPL 2025 DC vs MI : 119ന് ഒന്ന് എന്ന ശക്തമായ നിലയിൽ നിന്നുമാണ് ഡൽഹി ക്യാപിറ്റൽസ് തോൽവി ഏറ്റു വാങ്ങിയത്. സീസണിലെ ഡൽഹിയുടെ ആദ്യ തോൽവിയാണിത്

ന്യൂ ഡൽഹി : ഐപിഎൽ 2025ലെ ഡൽഹി ക്യാപിറ്റൽസിൻ്റെ അപരാജിത കുതിപ്പിന് തടയിട്ട് മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 193 റൺസെടുക്കാനെ സാധിച്ചുള്ളൂ. പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിൽ ശക്തമായിരുന്ന ഡൽഹിയുടെ ബാറ്റിങ്ങാണ് പിന്നീട് തകർന്നടിഞ്ഞത്. അനാവശ്യമായി വിക്കറ്റുകൾ കൈവിട്ട് കളഞ്ഞതാണ് ഡിസി തോൽവി നേരിടാനുള്ള പ്രധാന കാരണം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് തിലക് വർമ്മയുടെയും നമൻ ധിറിൻ്റെയും ബാറ്റിങ് മികവിലാണ് 205 റൺസെടുക്കുന്നത്. തിലക് വർമ അർധ സെഞ്ചുറി നേടുകുകയും ചെയ്തു. അവസാന ഓവറിൽ തിലക് വർമയും നമനും ചേർന്ന് തകർത്തടിച്ചാണ് മുംബൈയുടെ സ്കോർ ബോർഡ് 200 പിന്നിടുന്നത്. ഡൽഹിക്കായി വിപ്രാജ് നിഗവും കുൽദീപ് യാദവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മുകേഷ് കുമാറാണ് മറ്റൊരു വിക്കറ്റ് നേടിയത്.
തിരുച്ചുവരുവുമായി കരുൺ നായർ
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് തുടക്കത്തിൽ തന്നെ പ്രഹരമേറ്റെങ്കിലും ഇംപാക്ട് താരം കരുൺ നായരുടെ മികവിൽ തിരിച്ചു വരികയായിരുന്നു. ഗോൾഡൻ ഡക്കായി ജേക്ക് ഫ്രേസർ-മക്ഗർക്ക് പുറത്തായതിന് പിന്നാലെയാണ് മൂന്നാമനായി മലയാളി താരം കരുൺ നായർ ക്രൂസിലെത്തുന്നത്. യുവതാരം അഭിഷേക് പോറലുമായി ചേർന്ന് 119 റൺസിൻ്റെ കൂട്ടുകെട്ടാണ് കരുൺ അടിച്ചെടുത്തത്. 40 പന്തിൽ 89 റൺസെടുത്ത് കരുൺ പുറത്തായതോ ഡൽഹിയുടെ വിധി മാറുകയും ചെയ്തു. കെ. എൽ രാഹുൽ ഉൾപ്പെടെയുള്ള മധ്യനിര താരങ്ങളും മുംബൈയുടെ സ്പിൻ ആക്രമണത്തിന് മുന്നിൽ പതറി പോയി.
ആ മൂന്ന് റൺഔട്ടുകൾ
മധ്യനിര പതറിയെങ്കിലും ഡൽഹിക്ക് ജയിക്കാൻ സാധ്യതയേറെയുണ്ടായിരുന്നു. എന്നാൽ വാലറ്റ താരങ്ങൾ വിക്കറ്റുകൾ കളഞ്ഞുകുളിച്ചപ്പോൾ ഡൽഹി ആദ്യ പരാജയം രുചിച്ച് അറിഞ്ഞു. വിപ്രാജ് നിഗം സ്റ്റമ്പിങ്ങിലൂടെ പുറത്തായതോടെ ഡൽഹി വിക്കറ്റുകൾ വലിച്ചെറിയാൻ തുടങ്ങിയത്. തുടർന്ന് 19-ാം ഓവറിൽ അഷുതോഷ് ശർമ, കുൽദീപ് യാദവ്, മോഹിത് ശർമ എന്നിവരാണ് റൺഔട്ടിലൂടെ പുറത്തായത്. തുടർന്ന് മുംബൈയുടെ വിജയാഘോഷം ആരംഭിക്കുകയും ചെയ്തു.
മുംബൈക്കായി ഇംപാക്ട് താരം കരൺ ശർമ മൂന്ന് വിക്കറ്റുകൾ നേടി. മിച്ചൽ സാൻ്റനെർ രണ്ടും ജസ്പ്രിത് ബുമ്രയും ദീപക് ചഹറും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ഐപിഎല്ലിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു രാജസ്ഥാൻ റോയൽസിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു. നാളെ ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ലഖ്നൗ ഏഖന സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 7.30നാണ് മത്സരം.