IPL 2025: ഓരോ ഡോട്ട് ബോളിനും 500 തൈകള്‍; ഇങ്ങനെ പോയാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കാട് നിര്‍മ്മിക്കുമെന്ന് ആരാധകര്‍
CSK reeling from successive defeats: രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ തുടങ്ങിയവര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് തിരിച്ചടിയാണ്. ടി20ക്ക് അനുസൃതമായ ശൈലിയില്‍ അല്ല വിജയ് ശങ്കറിന്റെ ബാറ്റിങ്. രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകുന്നില്ല

‘തല’ മാറിയിട്ടും തലവര മാറാത്ത ടീം. മറ്റ് ടീമുകള്‍ അടിച്ചുതകര്‍ക്കുമ്പോഴും റണ്‍റൈറ്റ് ഉയര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന ബാറ്റര്‍മാര്‍. അനിവാര്യ ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്താനാകാതെ പതറുന്ന ബൗളര്‍മാര്‍. ഐപിഎല്‍ 2025 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇത്തരമൊരു പതനം എതിരാളികള്‍ പോലും ആഗ്രഹിച്ച് കാണില്ല. ആറു മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. പോയിന്റ് പട്ടികയില്‍ ഇനി തിരിച്ചുവരവിന് സാധ്യതയില്ലെന്ന് തോന്നിക്കുന്ന തരത്തില്‍ ഒമ്പതാമതാണ് സ്ഥാനം. പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിന് പകരം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി നായകസ്ഥാനത്തെത്തുമ്പോള്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും തെറ്റി. ധോണിയിലെ ക്യാപ്റ്റന്‍സിയിലാണ് ഈ സീസണിലെ ഏറ്റവും നാണംകെട്ട തോല്‍വി ചെന്നൈ ഏറ്റുവാങ്ങിയത്. എട്ട് വിക്കറ്റിന്, അതും 59 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് കൊല്‍ക്കത്ത ചെന്നൈയെ തറപറ്റിച്ചത്.
നാണക്കേടുകളുടെ റെക്കോഡാണ് ചെപ്പോക്കില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സാണ് നേടിയത്. ചെപ്പോക്കിൽ ചെന്നൈ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ മൂന്നാമത്തെ ചെറിയ സ്‌കോറും കൂടിയാണിത്.




ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പിച്ച ചെന്നൈ പിന്നീട് നടന്ന അഞ്ച് മത്സരങ്ങളിലും തോറ്റു. ഒരു ഐപിഎൽ സീസണിൽ തുടർച്ചയായി അഞ്ച് മത്സരങ്ങൾ സിഎസ്‌കെ തോൽക്കുന്നത് ഇതാദ്യം.. ചെപ്പോക്കിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ സിഎസ്‌കെ തോൽക്കുന്നതും ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമാണ്.
Read Also : IPL 2025 : ചെപ്പോക്കിൽ സിഎസ്കെയുടെ ടെസ്റ്റ് കളി; പത്ത് ഓവറിൽ കളി തീർത്ത് കെകെആർ
തുടര്‍ച്ചയായി 63 പന്തുകളില്‍ സിഎസ്‌കെയ്ക്ക് ബൗണ്ടറി കണ്ടെത്താനായില്ല. 7.5 ഓവറില്‍ രാഹുല്‍ ത്രിപാഠി ഫോര്‍ നേടിയതിന് ശേഷം 18.3 ഓവറില്‍ ശിവം ദുബെയാണ് ഒരു ബൗണ്ടറി ചെന്നൈയ്ക്കായി അടിക്കുന്നത്. ഐപിഎല്ലില്‍ ഓരോ ഡോട്ട് ബോളിനും 500 മരങ്ങളാണ് നടുന്നത്. പരിസ്ഥിതി സൗഹൃദ സംരംഭത്തിന്റെ ഭാഗമായി ബിസിസിഐ ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയാണിത്. ഇങ്ങനെ പോയാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു കാടു നിര്‍മ്മിക്കുമെന്നാണ് ആരാധകരുടെ പരിഹാസം.
CHEPAUK AT END OF THIS SEASON pic.twitter.com/no6TTJEixj
— ‘ (@Ashwin_tweetz) April 11, 2025
രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ തുടങ്ങിയവര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ചെന്നൈയ്ക്ക് തിരിച്ചടിയാണ്. റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും ടി20ക്ക് അനുസൃതമായ ശൈലിയില്‍ അല്ല വിജയ് ശങ്കറിന്റെ ബാറ്റിങ്. രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകുന്നില്ല.