IPL 2025: ചെപ്പോക്കിൽ എതിരാളികളെ കാത്തിരിക്കുന്നത് സ്പിൻ കെണി; അശ്വിൻ – ജഡേജ – നൂർ ത്രയത്തിലൊരുങ്ങി സിഎസ്കെ
CSK Is Ready With Spin Options: ഐപിഎലിൽ ഇത്തവണ ചെന്നൈയുടെ കരുത്ത് സ്പിന്നർമാരാണ്. ചെന്നൈയിലെ സ്പിൻ പിച്ചിൽ ആർ അശ്വിൻ, രവീന്ദ്ര ജഡേജ, നൂർ അഹ്മദ്, ശ്രേയാസ് ഗോപാൽ എന്നീ സ്പെഷ്യലിസ്റ്റ് സ്പിൻ ഓപ്ഷനൊപ്പം രവിൻ രവീന്ദ്രയും ചെന്നൈയ്ക്ക് കരുത്താണ്.

എംഎസ് ധോണി ക്യാപ്റ്റൻസി ഒഴിഞ്ഞതിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ നിറം മങ്ങിയിട്ടുണ്ട്. അത് ടീമിൻ്റെ ആകെ പ്രഭാവത്തിൽ മാത്രമല്ല, പ്രകടനങ്ങളിലും ഈ നിറം മങ്ങൽ കാണാം. 2022 ഐപിഎൽ സീസണിൽ ധോണിയല്ലാതെ മറ്റൊരാൾ ആദ്യമായി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മുഴുവൻ സമയ നായകനായി. രവീന്ദ്ര ജഡേജ ക്യാപ്റ്റനായെങ്കിലും മോശം പ്രകടനങ്ങളെ തുടർന്ന് സീസൺ പാതിയിൽ ധോണി തന്നെ വീണ്ടും ക്യാപ്റ്റനായി. ഇതോടെ ജഡേജയും ചെന്നൈയുമായുള്ള ബന്ധം വഷളായത് വേറെ കാര്യം. അതിന് ശേഷം കഴിഞ്ഞ സീസണിലാണ് ഋതുരാജ് ഗെയ്ക്‌വാദ് ടീം നായകനാവുന്നത്. സീസണിൽ ടീമിന് പ്ലേ ഓഫ് യോഗ്യത നേടാനായില്ല. എങ്കിലും ധോണിയിലേക്ക് തിരിച്ചുപോകാതെ ഗെയ്ക്‌വാദിന് ഈ സീസണിലും ചെന്നൈ അവസരം നൽകി.
ചെപ്പോക്കിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതാണ്. മഹീഷ് തീക്ഷണ, മിച്ചൽ സാൻ്റ്നർ, രവീന്ദ്ര ജഡേജ എന്നിവരാണ് കഴിഞ്ഞ സീസണിൽ ചെന്നൈയുടെ സ്പിൻ ബൗളിംഗിനെ നിയന്ത്രിച്ചത്. ഈ സീസണിൽ ചെന്നൈ ഇതൊന്ന് അപ്ഗ്രേഡ് ചെയ്തു. അശ്വിനെ ടീമിലേക്ക് തിരികെയെത്തിച്ച ചെന്നൈ അഫ്ഗാൻ മിസ്റ്റരി സ്പിന്നർ നൂർ അഹ്മദിനെയും ടീമിലെത്തിച്ചു. അശ്വിൻ – ജഡേജ – നൂർ അഹ്മദ് ത്രയത്തിൽ വെറൈറ്റി മാത്രമല്ല, കൃത്യതയും വർധിക്കും. ശ്രേയാസ് ഗോപാലിൽ നാലാമതൊരു സ്പിൻ ഓപ്ഷൻ കൂടിയുണ്ട്. ഇവരാവും സീസണിൽ ചെന്നൈയുടെ കുതിപ്പിനെ നിയന്ത്രിക്കുക.




ഖലീൽ അഹ്മദ്, മുകേഷ് ചൗധരി, മതീഷ പതിരന, നഥാൻ എല്ലിസ്, അൻഷുൽ കംബോജ് എന്നീ പേരുകളാണ് പേസ് ഓപ്ഷനായി ഉള്ളത്. ഈ പേരുകൾക്കത്ര തിളക്കമൊന്നുമില്ല. പക്ഷേ, ഫലം ചെയ്യും. പവർപ്ലേയിലും ഡെത്തിലും എറിയാൻ കൃത്യമായി ആളുകളുണ്ട്. ഋതുരാജ് ഗെയ്ക്‌വാദ്, ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, ശിവം ദുബെ എന്നിങ്ങനെയാവും ബാറ്റിംഗ് ലൈനപ്പ്. ദീപക് ഹൂഡ, വിജയ് ശങ്കർ ആന്ദ്രേ സിദ്ധാർത്ഥ് എന്നിങ്ങനെ പകരക്കാരും ഉണ്ട്. ആകെമൊത്തത്തിൽ ചെന്നൈയ്ക്ക് ഇത്തവണ എല്ലാ മേഖലയിലും ആവശ്യത്തിലധികം ആളുകളുണ്ട്. ബാലൻസ്ഡ് ടീം.