IPL 2025 : ഇന്ത്യൻ ടീമിൽ നിന്നും ഔട്ട്, കൊൽക്കത്തയിൽ ഇൻ; ബിസിസിഐ പുറത്താക്കിയ അഭിഷേക് നായർ കെകെആറിൽ
Abhishek Nayar KKR : ഈ വ്യാഴാഴ്ചയാണ് അസിസ്റ്റൻ്റ് കോച്ചായ അഭിഷേക് നായരെയും ഫീൽഡിങ് കോച്ചായ ടി ദിലീപിനെയും ബിസിസിഐ പുറത്താക്കുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫി ടൂർണമെൻ്റിലെ ഇന്ത്യൻ ടീമിൻ്റെ മോശം പ്രകടനത്തെ തുടർന്നായിരുന്നു ബിസിസിഐയുടെ നടപടി

ബിസിസിഐ പുറത്താക്കിയ ഇന്ത്യൻ ടീമിൻ്റെ സഹപരിശീലകൻ അഭിഷേക് നായർ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചേർന്നു. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ടീം കോച്ച് ഗൗതം ഗംഭീർ കെകെആറിൻ്റെ മെൻ്ററായിരിക്കെ ടീമിലെ കോച്ചിങ് സ്റ്റാഫിൽ അഭിഷേക് നായറുണ്ടായിരുന്നു. സഹപരിശീലകനായി തന്നെയാകും അഭിഷേക് നായർ കൊൽക്കത്തയുടെ കോച്ചിങ് സ്റ്റാഫിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയയിൽ വെച്ച് നടന്ന ബോർഡർ-ഗവാസ്കർ ട്രോഫി ടൂർണമെൻ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്നാണ് അഭിഷേക് നായരെ ടീമിൽ നിന്നും പുറത്താക്കിയതെന്നായിരുന്നു റിപ്പോർട്ട്. അഭിഷേകനൊപ്പം ഫീൽഡിങ് കോച്ച് ടി ദിലീപിനെയും ട്രെയിനർ സോഹം ദേശായിയെയും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരിശീലന സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. നായരെ പുറത്താക്കിയതിന് പിന്നാലെ ബിസിസിഐ സിതാൻഷു കൊടക്കിനെ അഡീഷ്ണൽ ബാറ്റിങ് കോച്ചായി നിയമിച്ചു.
അഭിഷേക് നായർ തിരികെ ടീമിലെത്തിയെന്ന് അറിയിച്ചുകൊണ്ടുള്ള കെകെആറിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്
Welcome back home, @abhisheknayar1 💜 pic.twitter.com/IwJQTnAWxa
— KolkataKnightRiders (@KKRiders) April 19, 2025
എട്ട് മാസം മാത്രമായിരുന്നു അഭിഷേക നായർ ഇന്ത്യൻ ടീമിൻ്റെ കോച്ചിങ് സ്റ്റാഫായി പ്രവർത്തിച്ചിട്ടുള്ളത്. 2024 സീസണിൽ ഗംഭീറിൻ്റെ കീഴിൽ കെകെആർ കിരീടം ഉയർത്തിയതിന് പിന്നാലെയാണ്, ഗംഭീറിനൊപ്പം അഭിഷേക് നായരും ഇന്ത്യയുടെ കോച്ചിങ് സ്റ്റാഫിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ ഇന്ത്യൻ ടീമിൻ്റെ മോശം ഓസ്ട്രേലിയൻ പര്യടനവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇടം കണ്ടെത്താതും അഭിഷേക് നായരുടെ അസിസ്റ്റൻ്റ് കോച്ചിങ് സ്ഥാനം തെറിക്കാൻ ഇടയാക്കി. ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് യോഗത്തിലാണ് നായരെ പുറത്താക്കാൻ തീരുമാനമെടുത്തെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ബോർഡർ-ഗവാസ്കർ ടൂർണമെൻ്റിന് ശേഷം അഭിഷേക് നായർക്കെതിരെ ബിസിസിഐ ഒറ്റയടിക്ക് നടപടിയെടുത്തില്ല. പകരം ചാമ്പ്യൻസ് ട്രോഫിക്കായി സുതാൻഷു കൊടാക്കിന് ടീമിൽ ട്രെയിനറായി എത്തിച്ചു. ശേഷം നായർക്കുള്ള സ്വതന്ത്ര ചുമതല ബിസിസിഐ വെട്ടിക്കുറച്ചു. തുടർന്നാണ് ഈ കഴിഞ്ഞ ഏപ്രിൽ 17ന് അഭിഷേക് നായരെ ടീമിൽ നിന്നും പുറത്താക്കിയെന്ന് ഔദ്യോഗികമായി അറിയിക്കുന്നത്.