IPL 2025 Auction : വിഗ്നേഷ് പുത്തൂർ ഇനി രോഹിതിനും ബുംറയ്ക്കുമൊപ്പം കളിക്കും; സീനിയർ ടീമിൽ കളിച്ചിട്ടില്ലാത്ത മലയാളി താരം മുംബൈയിൽ

IPL 2025 Auction Who Is Vignesh Puthur : കേരള സീനിയർ ടീമിൽ കളിച്ചിട്ടില്ലാത്ത 19 വയസുകാരൻ വിഗ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസിൽ. അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഗ്നേഷിനെ മുംബൈ ടീമിലെത്തിച്ചത്. നേരത്തെ താരം ലേലപ്പട്ടികയിൽ ഇടം പിടിച്ചത് ടിവി9 മലയാളം റിപ്പോർട്ട് ചെയ്തിരുന്നു.

IPL 2025 Auction : വിഗ്നേഷ് പുത്തൂർ ഇനി രോഹിതിനും ബുംറയ്ക്കുമൊപ്പം കളിക്കും; സീനിയർ ടീമിൽ കളിച്ചിട്ടില്ലാത്ത മലയാളി താരം മുംബൈയിൽ

വിഗ്നേഷ് പുത്തൂർ

Published: 

25 Nov 2024 23:38 PM

ഐപിഎൽ ഐപിഎൽ ലേലത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവന്നപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷനിൽ (KCA) നിന്ന് 14ഓളം താരങ്ങളുടെ പേരാണ് ഉണ്ടായിരുന്നത്. ചുരുക്കപ്പട്ടികയിൽ വിഗ്നേഷ് പുത്തൂർ എന്നൊരു താരവും ഉണ്ടായിരുന്നു. ഇതുവരെ സീനിയർ ടീമിൽ കളിച്ചിട്ടില്ലാത്ത, വെറും 19 വയസ് മാത്രമുള്ള മലയാളി താരം. വിഗ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ടീമിലെത്തിക്കുകയും ചെയ്തു.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഗ്നേഷ് പുത്തൂർ ആദ്യ ഘട്ടത്തിലോ ആക്സിലറേറ്റഡ് ഘട്ടത്തിലോ ലേലത്തിലെത്തിയില്ല. ഏറ്റവും അവസാന ആക്സിലറേറ്റഡ് ഘട്ടത്തിലാണ് വിഗ്നേഷിൻ്റെ പേര് ഉയർന്നത്. ഇതോടെ മുംബൈ താരത്തിനായി പാഡിൽ ഉയർത്തുകയായിരുന്നു. ഐപിഎൽ ട്രയൽസിനായി മുംബൈ ക്യാമ്പിൽ മൂന്ന് തവണ എത്തിയ താരത്തോടെ ഫ്രാഞ്ചൈസി തന്നെ ലേലത്തിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം ടിവി9 മലയാളം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതുവരെ കേരളത്തിൻ്റെ സീനിയർ ടീമിൽ വിഗ്നേഷ് കളിച്ചിട്ടില്ല. 11-ാം വയസിലാണ് ഈ 19 വയസുകാരൻ ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത്. കേരള അണ്ടർ 14, അണ്ടർ 19, അണ്ടർ 23 ടീമുകളിലും ഇൻവിറ്റേഷൻ ടൂർണമെൻ്റുകളിലും വിഗ്നേഷ് കളിച്ചു. കേരള ക്രിക്കറ്റ് ലീഗ് ടി20 ടൂർണമെൻ്റിൻ്റെ പ്രഥമ സീസണിലാണ് വിഗ്നേഷിൻ്റെ കഴിവ് പുറംലോകം കണ്ടത്. ഈ വർഷം നടന്ന കെസിഎല്ലിൽ ആലപ്പി റിപ്പിൾസിൻ്റെ താരമായിരുന്ന വിഗ്നേഷ് വെറും മൂന്ന് മത്സരങ്ങളിലേ കളിച്ചിട്ടുള്ളൂ. ഈ മത്സരങ്ങളിൽ നിന്ന് കിട്ടിയത് വെറും രണ്ട് വിക്കറ്റ്.

Also Read : IPL Auction 2025 : മുംബൈ ലക്ഷ്യംവെക്കുന്ന ഈ മലയാളി താരം ഇതുവരെ കേരളത്തിനായി കളിച്ചിട്ടില്ല; 19കാരൻ ഐപിഎൽ ലേലപ്പട്ടികയിൽ എങ്ങനെ എത്തി?

കേരള ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടെ പല ഐപിഎൽ ഫ്രാഞ്ചൈസികളുടെയും ടാലൻ്റ് സ്കൗട്ട് മത്സരങ്ങൾ കാണാനെത്തിയിരുന്നു. ഇങ്ങനെ വന്നവരിൽ മുംബൈ ഇന്ത്യൻസ് സ്കൗട്ടും ഉണ്ടായിരുന്നു. ലീഗ് അവസാനിച്ചപ്പോൾ ഇവരിൽ പലരെയും പല ടീമുകളും ട്രയൽസിന് ക്ഷണിച്ചു. കേരള ടീമിൽ നിന്ന് ഷോൺ റോജർ അടക്കമുള്ളവരെ ടീമുകൾ ട്രയൽസിനായി ക്ഷണിച്ചു. ഈ കൂട്ടത്തിൽ വിഗ്നേഷും ഉൾപ്പെട്ടു. മുംബൈ ഇന്ത്യൻസാണ് വിഗ്നേഷിനെ ട്രയൽസിന് ക്ഷണിച്ചത്. മൂന്ന് തവണ വിഗ്നേഷ് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്ന ട്രയൽസിൽ പങ്കെടുത്തു. മാച്ച് സിമുലേഷനുകളാണ് നടത്തിയത്. അവസാന ട്രയൽസ് നടന്നത് ഈ മാസം ആദ്യം. ഒടുവിൽ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച വിഗ്നേഷിനെ മുംബൈ ടീമിലെത്തിക്കുകയും ചെയ്തു.

ലോക ക്രിക്കറ്റിൽ തന്നെ അപൂർവമായ ചൈനമാൻ അല്ലെങ്കിൽ ലെഫ്റ്റ് ആം അൺ ഓർത്തഡോക്സ് സ്പിന്നറാണ് 19 വയസുകാരനായ വിഗ്നേഷ് പുത്തൂർ. നിലവിൽ ലോക ക്രിക്കറ്റിൽ സജീവമായി കളിക്കുന്ന ചൈനമാൻ ബൗളർമാർ വെറും മൂന്ന് പേർ മാത്രമാണ്. അതിൽ ഒരാളാണ് ഇന്ത്യയുടെ കുൽദീപ് യാദവ്. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയും ചൈനമാൻ ബൗളറാണ്. ഈ പട്ടികയിലാണ് വിഗ്നേഷ് ഉൾപ്പെട്ടിരിക്കുന്നത്. ലോവർ ഓർഡറിൽ തരക്കേടില്ലാത്ത ബാറ്റ് ചെയ്യാനും വിഗ്നേഷിന് സാധിക്കും.

ഐപിഎൽ ലേലം അവസാനിക്കുമ്പോൾ 27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയൻ്റ്സിലെത്തിയ ഋഷഭ് പന്ത് ആണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം. 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സിലെത്തിയ ശ്രേയാസ് അയ്യർ പട്ടികയിൽ തൊട്ടുപിന്നിലുണ്ട്.

Related Stories
IPL Auction 2025: ആദ്യഘട്ടത്തില്‍ ആരുമെത്തിയില്ല, ഒടുവില്‍ ദേവ്ദത്തിനെ സ്വന്തമാക്കി ആര്‍സിബി, ഐപിഎല്ലിലെ മലയാളി പ്രാതിനിധ്യം ഇങ്ങനെ
IPL MEGA AUCTION 2025: ദേശ്പാണ്ഡെയ്ക്ക് 6.5 കോടി, മഫാക്കയ്ക്ക് ഒന്നരക്കോടി, രാജസ്ഥാന്റെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ തീരുമാനം; എയറില്‍ക്കേറ്റി ആരാധകര്‍
IPL 2025 Auction : ആദ്യ ഘട്ടത്തിൽ ടീമിലെടുത്തില്ല; അവസാന റൗണ്ടിൽ അർജുൻ തെണ്ടുൽക്കർ മുംബൈയിൽ തിരികെ
IPL Auction 2025: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക്‌ ഒരു ഒന്നൊന്നര തിരിച്ചുവരവ്, സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സില്‍
IPL 2025 Auction : 13 വയസുകാരൻ വൈഭവ് സൂര്യവൻശി ഈ സീസണിൽ രാജസ്ഥാനിൽ കളിക്കും; ടീമിലെത്തിയത് 1.1 കോടി രൂപയ്ക്ക്
IPL 2025 Auction : ഒരോവറിൽ ആറ് സിക്സ്, തീപ്പൊരി ബാറ്റർ; പഞ്ചാബും ആർസിബിയും മത്സരിച്ച് വിളിച്ച പ്രിയാൻഷ് ആര്യയെപ്പറ്റി
കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം
അടുത്ത വര്‍ഷം വിവാഹം; വരനെ അപ്പോള്‍ പറയാമെന്ന് ആര്യ
പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്