IPL 2025 Auction : ഒരോവറിൽ ആറ് സിക്സ്, തീപ്പൊരി ബാറ്റർ; പഞ്ചാബും ആർസിബിയും മത്സരിച്ച് വിളിച്ച പ്രിയാൻഷ് ആര്യയെപ്പറ്റി
IPL 2025 Auction Who Is Priyansh Arya : ഇത്തവണത്തെ ലേലത്തിൽ ആർസിബിയും പഞ്ചാബും ചേർന്ന് മത്സരിച്ച് ലേലം വിളിച്ചൊരു താരമുണ്ട്. പ്രിയാൻഷ് ആര്യ. ഒടുവിൽ 3.8 കോടി രൂപയ്ക്ക് പഞ്ചാബ് തന്നെ പ്രിയാൻഷിനെ ടീമിലെത്തിക്കുകയും ചെയ്തു. ആരാണ് പ്രിയാൻഷ് ആര്യ എന്ന് നോക്കാം.
ഐപിഎൽ ലേലം നടക്കുമ്പോൾ ചില അറിയപ്പെടാത്ത താരങ്ങൾക്കായി ബിഡിങ് വാർ നടക്കാറുണ്ട്. ഇത്തവണയും അങ്ങനെയൊരു മത്സരം നടന്നു. പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചേർന്നാണ് ബിഡിങ് വാറിൽ ഏർപ്പെട്ടത്. ഡൽഹി ഓൾറൗണ്ടർ പ്രിയാൻഷ് ആര്യക്കായി മത്സരിച്ച് ലേലം വിളിച്ച പഞ്ചാബ് കിംഗ്സ് ഒടുവിൽ 3.8 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി. 30 ലക്ഷം രൂപ മാത്രം അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിന് ലഭിച്ചത് 12 ഇരട്ടിയിലധികം വില.
ഇടങ്കയ്യൻ ബാറ്ററായ പ്രിയാൻഷ് ആര്യ ഈ വർഷം നടന്ന ഡൽഹി പ്രീമിയർ ലീഗിലാണ് ശ്രദ്ധിക്കപ്പെടുന്നത്. സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിൻ്റെ താരമായിരുന്ന പ്രിയാൻഷ് നോർത്ത് ഡെൽഹി സ്ട്രൈക്കേഴ്സിനെതിരെ ഒരു ഓവറിൽ ആറ് സിക്സറുകൾ നേടിയിരുന്നു. 10 വീതം ബൗണ്ടറിയും സിക്സറും സഹിതം 120 റൺസ് അടിച്ചുകൂട്ടിയ പ്രിയാൻഷ് വെറും 40 പന്തിലാണ് സെഞ്ചുറി തികച്ചത്. പ്രിയാൻഷിൻ്റെ തീപ്പൊരി ഇന്നിംഗ്സിൻ്റെ മികവിൽ സൗത്ത് ഡെൽഹി സൂപ്പർ സ്റ്റാർസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 308 റൺസെന്ന പടുകൂറ്റൻ സ്കോറിലെത്തിയിരുന്നു. സീസണിൽ വീണ്ടും ഒരു തവണ കൂടി പ്രിയാൻഷ് സെഞ്ചുറി നേടി.
HISTORY BY PRIYANSH ARYA. 🤯🔥
– Priyansh has hit 6 sixes in a single over in Delhi T20 league, A player to watch out in SMAT & IPL auction.pic.twitter.com/oe3VMsZ9t6
— Johns. (@CricCrazyJohns) August 31, 2024
2023- 24 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയുടെ ഏറ്റവും ഉയർന്ന റൺ സ്കോററായിരുന്നു പ്രിയാൻഷ്. ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് 166.91 സ്ട്രൈക്ക് റേറ്റിൽ, 31.71 ശരാശരിയിൽ 222 റൺസാണ് സീസണിൽ പ്രിയാൻഷ് സ്വന്തമാക്കിയത്. അക്കൊല്ലത്തെ സീസണിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും താരം അൺസോൾഡ് ആവുകയായിരുന്നു. ഇക്കൊല്ലത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഉത്തർ പ്രദേശിനെതിരെ 43 പന്തിൽ 102 റൺസ് നേടി തകർപ്പൻ ഫോമിലാണ് താരം. ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ പ്രിയാൻഷിനെ പലതവണ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്.
ഇന്ത്യ അണ്ടർ 19 ടീമിൽ യശസ്വി ജയ്സ്വാളിനും രവി ബിഷ്ണോയ്ക്കും ഒപ്പം കളിച്ചിട്ടുള്ള താരമാണ് പ്രിയാൻഷ്. 2021 ലാണ് പ്രിയാൻഷ് ജനിച്ചത്.
റിക്കി പോണ്ടിംഗിൻ്റെ മേൽനോട്ടത്തിൽ മികച്ച പ്രകടനമാണ് പഞ്ചാബ് ലേലത്തിൽ നടത്തിയത്. ശ്രേയാസ് അയ്യരിൽ ഒരു മികച്ച ക്യാപ്റ്റനെ എത്തിച്ച പഞ്ചാബ് നേഹൽ വധേര, വിഷ്ണു വിനോദ്, കുൽദീപ് സെൻ, വിജയകുമാർ വൈശാഖ് തുടങ്ങി മികച്ച ആഭ്യന്തര താരങ്ങളെ ടീമിലെത്തിച്ചു. ഗ്ലെൻ മാസ്ക്‌വൽ, മാർക്കസ് സ്റ്റോയിനിസ്, അസ്മതുള്ള ഒമർസായ്, ജോഷ് ഇംഗ്ലിസ്, മാർക്കോ യാൻസൻ, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹൽ, ലോക്കി ഫെർഗൂസൻ, യാഷ് താക്കൂർ തുടങ്ങി മികച്ച രാജ്യാന്തര താരങ്ങളെയും പഞ്ചാബ് പാളയത്തിലെത്തിച്ചു. 65 ലക്ഷം രൂപയാണ് പഞ്ചാബ് കിംഗ്സിന് ബാക്കിയുള്ളത്. ബാക്കിയുള്ള സ്ലോട്ട് കേവലം ഒന്ന്. അതുകൊണ്ട് തന്നെ വളരെ മികച്ച ഇടപെടലുകളാണ് പഞ്ചാബ് ഇത്തവണ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണുകളിലൊക്കെ ലേലത്തിൽ തന്നെ പരാജയപ്പെടുമായിരുന്ന പഞ്ചാബ് ഇത്തവണ അത് തിരുത്തി. അതിൽ റിക്കി പോണ്ടിംഗിൻ്റെ മത്സരപരിചയവും ഐപിഎലിലെ കോച്ചിംഗ് പരിചയവുമൊക്കെ പഞ്ചാബിനെ സഹായിച്ചു.