IPL 2025 Auction : ആദ്യ ഘട്ടത്തിൽ തന്നെ തകർന്നത് രണ്ട് റെക്കോർഡുകൾ; പുതിയ നിയമം ഉപയോഗിച്ചത് രണ്ട് തവണ
IPL 2025 Auction Two Records Broken : ഐപിഎൽ ലേലത്തിൻ്റെ ആദ്യ ദിനത്തിലെ ആദ്യ സെറ്റ് അവസാനിക്കുമ്പോൾ തകർന്നത് രണ്ട് റെക്കോർഡുകൾ. ആർടിഎം ടൈബ്രേക്കർ എന്ന പുതിയ നിയമം ആദ്യ സെറ്റിൽ തന്നെ രണ്ട് തവണ ഉപയോഗിച്ചു. ഗുജറാത്ത് ആണ് ഇതുവരെ മികച്ച പർച്ചേസുകൾ നടത്തിയത്.
ഐപിഎൽ ലേലത്തിൻ്റെ ആദ്യ ഘട്ടത്തിൽ തന്നെ തകർന്നത് രണ്ട് റെക്കോർഡുകൾ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി ആദ്യം ശ്രേയാസ് അയ്യരും പിന്നീട് അത് തകർത്ത് ഋഷഭ് പന്തും റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചു. ആർടിഎമ്മിലെ പുതിയ നിയമമായ ടൈ ബ്രേക്കർ ആദ്യ ഘട്ടത്തിൽ തന്നെ രണ്ട് തവണ ഉപയോഗിച്ചു.
Also Read : IPL Auction 2025: പൊന്നും വില പ്രതീക്ഷിച്ചിട്ടും കിട്ടിയത് 14 കോടി! കെ എൽ രാഹുൽ ഇനി പുതിയ തട്ടകത്തിൽ
ആദ്യം ശ്രേയാസ് അയ്യരാണ് റെക്കോർഡിട്ടത്. ശ്രേയാസിനെ പഞ്ചാബ് കിംഗ്സ് 26.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ഇതോടെ കഴിഞ്ഞ സീസണിൽ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന് ലഭിച്ച 24.75 കോടി പഴങ്കഥയായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് സ്റ്റാർക്കിനെ കഴിഞ്ഞ തവണ സ്വന്തമാക്കിയത്. പിന്നാലെ ഋഷഭ് പന്ത് ഈ റെക്കോർഡ് തകർത്തു. ശ്രേയാസിന് നൽകിയതിനെക്കാൾ 25 ലക്ഷം രൂപ അധികം നൽകി 27 കോടി രൂപയ്ക്കാണ് ലക്നൗ പന്തിനെ സ്വന്തമാക്കിയത്. 20.75 കോടിയിൽ ലക്നൗ പന്തിനെ സ്വന്തമാക്കിയിരുന്നു. ഡൽഹി ആർടിഎം കാർഡ് ഉപയോഗിച്ചതോടെ ടൈ ബ്രേക്കറിൽ 27 കോടി രൂപ എന്ന് ലക്നൗവിൻ്റെ മറുപടി. ഈ തുകയ്ക്ക് ആർടിഎം ഉപയോഗിക്കാൻ ഡൽഹി തയ്യാറായില്ല. ഇതോടെയാണ് റെക്കോർഡ് തുകയ്ക്ക് പന്ത് ലക്നൗവിലെത്തിയത്.
ആർടിഎം ടൈബ്രേക്കർ ഉപയോഗിച്ച രണ്ടാമത്തെ ടീം പഞ്ചാബ് കിംഗ്സ് ആയിരുന്നു. ലേലത്തിലെ ആദ്യ താരമായ അർഷ്ദീപ് സിംഗിന് വേണ്ടിയാണ് പഞ്ചാബ് ടൈ ബ്രേക്കർ ഉപയോഗിച്ചത്. പഞ്ചാബ് 15.75 കോടി രൂപയായിരുന്നു ലേലത്തിൽ അർഷ്ദീപിന് ലഭിച്ചത്. ഇതേ തുടർന്ന് പഞ്ചാബ് ആർടിഎം കാർഡ് ഉപയോഗിച്ചു. തുടർന്ന് ടൈബ്രേക്കറിൽ 18 കോടി രൂപയാണ് ഹൈദരാബാദ് ടേബിളിൽ വച്ചത്. ഇത് നൽകാമെന്ന് പഞ്ചാബ് അറിയിച്ചു. ഇതോടെ അർഷ്ദീപ് പഞ്ചാബിലേക്ക്.
ശ്രേയാസും പന്തും റെക്കോർഡ് തുക സ്വന്തമാക്കിയപ്പോൾ ലേലത്തിൽ 20 കോടിയ്ക്ക് മുകളിൽ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന കെഎൽ രാഹുലിനെ 14 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് റാഞ്ചി. ആർസിബി രാഹുലിനായി ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും 10.50 കോടിയിൽ അവർ ലേലം വിളി അവസാനിപ്പിച്ചു. ചെന്നൈയുമായി മത്സരിച്ചാണ് വെറും 14 കോടി രൂപയ്ക്ക് ഡൽഹി രാഹുലിനെ സ്വന്തമാക്കിയത്.
രാഹുലിനൊപ്പം ലിയാം ലിവിങ്സ്റ്റണെ 8.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ആർസിബിയും മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്ക് ടീമിലെത്തിച്ച സൺറൈസേഴ്സും തകർപ്പൻ തന്ത്രമാണ് നടപ്പിലാക്കിയത്.
ആദ്യ ഘട്ടത്തിൽ വിവിധ ടീമുകളിലെത്തിയവർ ഇവർ
അർഷ്ദീപ് സിംഗ് (ഇന്ത്യ- പേസർ) :18 കോടി രൂപയ്ക്ക് പഞ്ചാബിൽ
ശ്രേയാസ് അയ്യർ (ഇന്ത്യ- ബാറ്റർ) : 26.75 കോടി രൂപയ്ക്ക് പഞ്ചാബിൽ
ജോസ് ബട്ട്ലർ (ഇംഗ്ലണ്ട്- വിക്കറ്റ് കീപ്പർ) : 15.75 കോടി രൂപയ്ക്ക് ഗുജറാത്തിൽ
ഋഷഭ് പന്ത് (ഇന്ത്യ- വിക്കറ്റ് കീപ്പർ) : 27 കോടി രൂപയ്ക്ക് ലക്നൗവിൽ
മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ- പേസർ) : 11.75 കോടി രൂപയ്ക്ക് ഡൽഹിയിൽ
കഗീസോ റബാഡ (ദക്ഷിണാഫ്രിക്ക- പേസർ) : 10.75 കോടി രൂപയ്ക്ക് ഗുജറാത്തിൽ
മുഹമ്മദ് ഷമി (ഇന്ത്യ- പേസർ) : 10 കോടി രൂപയ്ക്ക് ഹൈദരാബാദിൽ
ഡേവിഡ് മില്ലർ (ദക്ഷിണാഫ്രിക്ക- ബാറ്റർ) : 7.50 കോടി രൂപയ്ക്ക് ലക്നൗവിൽ
യുസ്‌വേന്ദ്ര ചഹൽ (ഇന്ത്യ- സ്പിന്നർ) : 18 കോടി രൂപയ്ക്ക് പഞ്ചാബിൽ
മുഹമ്മദ് സിറാജ് (ഇന്ത്യ- പേസർ) : 12.25 കോടി രൂപയ്ക്ക് ഗുജറാത്തിൽ
ലിയാം ലിവിങ്സ്റ്റൺ (ഇംഗ്ലണ്ട്- ഓൾറൗണ്ടർ) : 8.75 കോടി രൂപയ്ക്ക് ബെംഗളൂരുവിൽ
കെഎൽ രാഹുൽ (ഇന്ത്യ- വിക്കറ്റ് കീപ്പർ) : 14 കോടി രൂപയ്ക്ക് ഡൽഹിയിൽ