5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 Auction : ട്രെൻ്റ് ബോൾട്ട് മുംബൈയിൽ, ആർച്ചർ രാജസ്ഥാനിൽ; പ്രീമിയം പേസർമാർക്ക് ഹോം കമിങ്

IPL 2025 Auction Trent Boult Jofra Archer : ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ട്രെൻ്റ് ബോൾട്ടും ജോഫ്ര ആർച്ചറും തങ്ങളുടെ പഴയ തട്ടകത്തിൽ തിരികെയെത്തിയതാണ് ശ്രദ്ധേയം. ഇത് മാത്രമല്ല, ഇരു താരങ്ങൾക്കും ലഭിച്ച വിലയും മുൻ ടീമുകൾ ഇവർക്കായി വിളിച്ച തുകയുമെല്ലാം ഒരുപോലെ.

IPL 2025 Auction : ട്രെൻ്റ് ബോൾട്ട് മുംബൈയിൽ, ആർച്ചർ രാജസ്ഥാനിൽ; പ്രീമിയം പേസർമാർക്ക് ഹോം കമിങ്
ട്രെൻ്റ് ബോൾട്ട്, ജോഫ്ര ആർച്ചർ (Image Courtesy – Social Media)
abdul-basith
Abdul Basith | Published: 24 Nov 2024 21:30 PM

ഐപിഎൽ ലേലം പുരോഗമിക്കുമ്പോൾ വാശിയേറിയ ലേലം വിളിയാണ് നടക്കുന്നത്. റെക്കോർഡുകൾ ഭേദിക്കുന്ന ലേലം വിളികൾക്കിടെ ചില പ്രമുഖർ പഴയ ടീമിലേക്ക് തിരികെയെത്തി. ഈ പട്ടികയിൽ ജോഫ്ര ആർച്ചറും ട്രെൻ്റ് ബോൾട്ടുമാണ് ശ്രദ്ധേയമായ ഹോം കമിങ് നടത്തിയത്. ഇരുവരും തങ്ങളുടെ പഴയ ടീമുകളിലേക്ക് തിരികെയെത്തി.

ജോഫ്ര ആർച്ചറും ട്രെൻ്റ് ബോൾട്ടും ഇരു ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട താരങ്ങളാണ്. ആരാധകർക്കും ഫ്രാഞ്ചൈസിക്കും വൈകാരികമായ അടുപ്പവും ഈ താരങ്ങളോടുണ്ട്. ബോൾട്ടിനെ ടീമിലെടുക്കണമെന്ന് മുംബൈ ആരാധകർ ആഗ്രഹിച്ചിരുന്നു. സമീപകാലത്ത് പരിക്കിൻ്റെ പിടിയിലായ ആർച്ചറിനോട് രാജസ്ഥാൻ റോയൽസ് ആരാധകർക്ക് ആ അടുപ്പമില്ലെങ്കിലും മാനേജ്മെൻ്റിന് താരത്തിൽ ഏറെ പ്രതീക്ഷയുണ്ട്.

2015-16 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി ഐപിഎൽ കരിയർ ആരംഭിച്ച ബോൾട്ട് പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായും കളിച്ചു. 2020 സീസണിൽ മുംബൈയിലെത്തിയ ബോൾട്ട് ജസ്പ്രീത് ബുംറയ്ക്കൊപ്പം ചേർന്ന് തകർപ്പൻ പ്രകടനങ്ങൾ നടത്തി. സീസണിൽ കിരീടം നേടാനും മുംബൈക്ക് സാധിച്ചു. 2022ൽ ബോൾട്ടിനെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. ആ സമയത്ത് തന്നെ ബോൾട്ടിനെ റിലീസ് ചെയ്തതിൽ മുംബൈ മാനേജ്മെൻ്റ് വിമർശിക്കപ്പെട്ടിരുന്നു. രാജസ്ഥാന് വേണ്ടി അസാമാന്യ പ്രകടനങ്ങൾ നടത്തിയ ബോൾട്ട് ടീമിൻ്റെ സമീപകാല പ്രകടനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, ഈ സീസണിൽ ബോൾട്ടിനെ രാജസ്ഥാൻ റിട്ടെയ്ൻ ചെയ്തില്ല. തുടർന്നാണ് ലേലത്തിൽ 12.50 കോടി രൂപ മുടക്കി മുംബൈ ബോൾട്ടിനെ തിരികെ എത്തിച്ചത്. 12.25 കോടി വരെ രാജസ്ഥാൻ വിളിച്ചെങ്കിലും മുംബൈ വിട്ടുകൊടുത്തില്ല.

Also Read : IPL Auction 2025: താരലേലത്തിൽ കോടികളുടെ ‘അയ്യരു കളി’! മാർക്വീ താരങ്ങളെ സ്വന്തമാക്കിയത് ഈ ടീമുകൾ

2018 സീസണിൽ രാജസ്ഥാൻ റോയൽസിലൂടെയാണ് ജോഫ്ര ആർച്ചർ ഐപിഎലിലെത്തുന്നത്. രാജസ്ഥാനായി തുടരെ മികച്ച പ്രകടനങ്ങൾ നടത്തിയ താരം ടീമിൻ്റെ പ്രധാന താരമായിരുന്നു. 2021ൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ജോഫ്രയെ രാജസ്ഥാൻ കൈവിട്ടു. തുടർന്ന് 2023 സീസണിൽ മുംബൈ ഇന്ത്യൻസ് ആർച്ചറെ ടീമിലെത്തിച്ചു. അപ്പോഴും പരിക്കിലായിരുന്ന ആ സീസണിൽ ജോഫ്ര ആർച്ചർ കളിച്ചില്ല. പിന്നീട് വീണ്ടും പരിക്കേറ്റ ആർച്ചറെ മുംബൈയും കൈവിട്ടു. നിലവിൽ പരിക്കിൽ നിന്ന് മുക്തനായ താരം ഫോമിലേക്കെത്തിയിട്ടില്ല. ഇതിനിടെയാണ് 12.50 കോടി രൂപയ്ക്ക് രാജസ്ഥാൻ ആർച്ചറെ തിരികെയെത്തിച്ചത്. ബോൾട്ടിന് വേണ്ടി രാജസ്ഥാൻ ശ്രമിച്ചത് പോലെ ആർച്ചറിനായി 12.25 കോടി വരെ മുംബൈയും ശ്രമിച്ചു. എങ്കിലും രാജസ്ഥാൻ വിട്ടുകൊടുത്തില്ല.

ആദ്യ ഘട്ടത്തിൽ ലേലത്തിൽ കാര്യമായി പങ്കെടുക്കാതിരുന്ന മുംബൈയും രാജസ്ഥാനും അവസാനത്തിലേക്കടുക്കുമ്പോൾ കളത്തിലുണ്ട്. ട്രെൻ്റ് ബോൾട്ടിനെ മാത്രമാണ് വാങ്ങിയതെങ്കിലും മറ്റ് പലർക്കുമായി മുംബൈ ശ്രമിച്ചിരുന്നു. രാജസ്ഥാനാവട്ടെ മഹീഷ് തീക്ഷണ, വനിന്ദു ഹസരങ്ക എന്നിവരെ ടീമിലെത്തിച്ചു. തീക്ഷണയെ 4.40 കോടി രൂപയ്ക്കും ഹസരങ്കയെ 5.25 കോടി രൂപയ്ക്കുമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയൻ്റ്സിലെത്തിയ ഋഷഭ് പന്താണ് ഈ ലേലത്തിലെയും ഐപിഎൽ ചരിത്രത്തിലെയും ഏറ്റവും വിലകൂടിയ താരം. 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ച ശ്രേയാസ് അയ്യരാണ് പട്ടികയിൽ രണ്ടാമത്. ഐപിഎൽ ചരിത്രത്തിലും ശ്രേയാസ് തന്നെ രണ്ടാം സ്ഥാനത്ത്.

Latest News