5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 Auction : പതുങ്ങിയിരുന്ന് കിടിലൻ ടീം അണിയിച്ചൊരുക്കി ആർസിബി; ഈ സാല കപ്പെങ്കിലും?

IPL 2025 Auction Royal Challengers Bangalore : ആദ്യ ദിനം വിമർശനങ്ങൾ കേട്ടെങ്കിലും രണ്ടാം ദിനത്തിൽ ചില നല്ല പർച്ചേസുകൾ നടത്തി ആർസിബി. കഴിഞ്ഞ സീസണിലേതുപോലെ വൻ പേരുകൾക്ക് പിന്നാലെ പോകാതെ തങ്ങൾക്കാവശ്യമുള്ളത് മനസിലാക്കി ഇടപെടാൻ ആർസിബിയ്ക്ക് കഴിഞ്ഞു.

IPL 2025 Auction : പതുങ്ങിയിരുന്ന് കിടിലൻ ടീം അണിയിച്ചൊരുക്കി ആർസിബി; ഈ സാല കപ്പെങ്കിലും?
ആർസിബി (Image Courtey - Social Media)
abdul-basith
Abdul Basith | Published: 25 Nov 2024 19:17 PM

ഇന്നലെ ലേലം പൊടിപൊടിയ്ക്കുമ്പോൾ നിർവികാരരായി ഇരുന്ന ആർസിബിയ്ക്കെതിരെ ആരാധകരും പഴയ താരങ്ങളുമൊക്കെ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടിരുന്നു. കെഎൽ രാഹുൽ, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ താരങ്ങളെ വിട്ടുകളഞ്ഞ മാനേജ്മെൻ്റിനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും ആർസിബിയുടെ മുൻ ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസ്സനും അടക്കമുള്ളവർ രംഗത്തുവന്നു. എന്നാൽ, ഇന്ന് ലേലത്തിൽ സമർത്ഥമായി ഇടപെട്ട് ഒരു മികച്ച ടീമിനെ ആർസിബി അണിയിച്ചൊരുക്കിയിരിക്കുകയാണ്.

ഇന്നലെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണെ മാത്രമാണ് ആർസിബി ടീമിലെത്തിച്ചത്. 8.75 കോടി രൂപയ്ക്ക് ലിവിങ്സ്റ്റണെ സ്വന്തമാക്കിയത് മികച്ച നീക്കമായി. ചിന്നസ്വാമിയിൽ തകർത്തടിയ്ക്കാൻ കഴിവുള്ള ലിവിങ്സ്റ്റണ് ഒന്നോ രണ്ടോ ഓവറുകളും എറിയാനാവും. ഈ വിലയ്ക്ക് എന്തുകൊണ്ടും മികച്ച താരം.

Also Read : IPL 2025 Auction : ലേലത്തിൽ മറ്റ് ഫ്രാഞ്ചൈസികൾക്ക് പണികൊടുക്കുന്ന ചാണക്യൻ; ആരാണ് ഡൽഹിയുടെ കിരൺ കുമാർ ഗ്രാന്ധി?

ഇന്ന് ലേലത്തിൽ ഫിൽ സാൾട്ടിനെയും ജോഷ് ഹേസൽവുഡിനെയും യഥാക്രമം 11.5 കോടി, 12.5 കോടി രൂപ മുടക്കി ടീമിലെത്തിച്ചതും മാസ്റ്റർ സ്ട്രോക്കായി. പവർപ്ലേയിൽ പന്തെറിയാൻ ഏറ്റവും വിശ്വസിക്കാവുന്ന താരമാണ് ഹേസൽവുഡ്. ഫിൽ സാൾട്ട് ആവട്ടെ, ഓപ്പണിംഗിൽ കോലിക്കൊപ്പം പൊളിച്ചടുക്കാൻ കഴിവുള്ള താരം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സിക്സർ മഴ പെയ്യിക്കാൻ സാൾട്ടിന് സാധിക്കും. ഹേസൽവുഡിൻ്റെ ഓപ്പണിംഗ് പാർട്ണറായി ഭുവനേശ്വർ കുമാർ എത്തുമ്പോൾ പവർപ്ലേയിലും ഡെത്തിലും രണ്ട് വീതം ഓവറുകൾ കവറാവുകയാണ്. 10.75 കോടി രൂപയാണ് ഭുവിയ്ക്ക് ആർസിബി നൽകിയത്. റാസിഖ് ദർ സലാം ആണ് പേസർമാരിൽ ഇന്ന് ടീമിലെത്തിയ അവസാനത്തെ പേര്. കഴിഞ്ഞ സീസണിൽ ഡൽഹിയ്ക്കായി ഡെത്ത് ഓവറുകളിൽ തകർപ്പൻ പ്രകടനം നടത്തിയ റാസിഖ് ഭുവിയ്ക്കൊപ്പം ചേരുമ്പോൾ വലിയ ഒരു തലവേദന ഒഴിയും. വെറും ആറ് കോടി രൂപയാണ് റാസിഖിനായി ആർസിബി ചിലവഴിച്ചത്.

വെറും 2.6 കോടി രൂപയ്ക്ക് സുയാഷ് ശർമ്മയെന്ന യുവതാരത്തെ സ്വന്തമാക്കാനായതും ആർസിബിയുടെ തന്ത്രങ്ങളുടെ വിജയമാണ്. സ്പിന്നർമാരുടെ ശവപ്പറമ്പായ ചിന്നസ്വാമിയിൽ വേരിയേഷനുകളുള്ള സുയാഷ് നല്ല പ്രകടനം നടത്തിയേക്കുമെന്നതാവും പ്രതീക്ഷ. ക്രുണാൽ പാണ്ഡ്യ ചിന്നസ്വാമിയിൽ ഏറ്റവും കുറഞ്ഞ എക്കോണമിയുള്ള താരമാണ്. 5.75 കോടി രൂപ മുടക്കിയ ക്രുണാലിന് ലോവർ ഓർഡറിൽ ചില കൂറ്റൻ ഷോട്ടുകൾ കളിക്കാനും കഴിയും. നുവാൻ തുഷാര (1.6 കോടി), റൊമാരിയോ ഷെപ്പേർഡ് (1.5 കോടി), ടിം ഡേവിഡ് (3 കോടി) എന്നിവരും മികച്ച പർച്ചേസുകൾ തന്നെ. ജിതേഷ് ശർമ്മ നല്ല താരമാണെങ്കിലും 11 കോടി രൂപ അധികമാണ്.

ഈ താരങ്ങൾക്കൊപ്പം വിരാട് കോലി, രജത് പാടിദാർ, യഷ് ദയാൽ എന്നിവർ കൂടി ചേരുമ്പോൾ ഒരുപക്ഷേ, ആർസിബിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബാലൻസ്ഡായ ഒരു സ്ക്വാഡായി 2025 മാറുകയാണ്. പഴ്സിൽ ഇനി ഏഴരക്കോടി രൂപയും സ്ലോട്ടിൽ 10 ഇടങ്ങളും ബാക്കിയുള്ളതിനാൽ ബാക്കപ്പുകളെ കണ്ടെത്താൻ ആർസിബിയ്ക്ക് അനായാസം സാധിക്കും.

വിരാട് കോലി, ഫിൽ സാൾട്ട്, രജത് പാടിദാർ, ജിതേഷ് ശർമ്മ, ലിയാം ലിവിങ്സ്റ്റൺ, ക്രുണാൽ പാണ്ഡ്യ, ടിം ഡേവിഡ്/റൊമാരിയോ ഷെപ്പേർഡ്, ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, യഷ് ദയാൽ, സുയാഷ് ശർമ്മ, റാസിഖ് സലാം (ഇംപാക്ട്) എന്ന് മികച്ച ഒരു ടീമിനെ അണിനിരത്താൻ ആർസിബിയ്ക്ക് സാധിക്കും.