IPL 2025 Auction : പണപ്പെട്ടി തകർത്ത് ഋഷഭ് പന്ത്; ലക്നൗ റാഞ്ചിയത് 27 കോടിയുടെ റെക്കോർഡ് തുകയ്ക്ക്
IPL 2025 Auction Rishabh Pant : ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം തുക നേടുന്ന താരമെന്ന റെക്കോർഡ് ഇനി ഋഷഭ് പന്തിന്. തൊട്ടുമുൻപ് 26.75 കോടി രൂപയ്ക്ക് ശ്രേയാസ് അയ്യർ കുറിച്ച റെക്കോർഡാണ് പന്ത് തകർത്തത്. പഞ്ചാബ് കിംഗ്സാണ് ശ്രേയാസിനെ ടീമിലെത്തിച്ചത്.
ഐപിഎൽ ലേലത്തിൽ റെക്കോർഡുകൾ തകർത്ത് ആദ്യ ദിനം പുരോഗമിക്കുന്നു. ഇത്തവണ ലേലത്തിൽ ഏറ്റവുമധികം തുക ലഭിയ്ക്കുമെന്ന് കരുതപ്പെട്ടിരുന്ന ഋഷഭ് പന്ത് ആ പ്രതീക്ഷകൾ നിലനിർത്തി. 27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയൻ്റ്സ് ടീമിലെത്തിച്ചതോടെ പന്ത് ഐപിഎൽ ചരിത്രത്തിൽ തന്നെ ലേലത്തിൽ ഏറ്റവുമധികം തുക നേടുന്ന താരമെന്ന റെക്കോർഡ് സ്ഥാപിച്ചു. തൊട്ടുമുൻപ് 26.75 കോടി രൂപയ്ക്ക് ശ്രേയാസ് അയ്യർ സ്ഥാപിച്ച റെക്കോർഡാണ് പന്ത് തകർത്തത്. പഞ്ചാബ് കിംഗ്സാണ് ശ്രേയാസിനെ ടീമിലെത്തിച്ചത്. അർഷ്ദീപ് സിംഗിൻ്റെ കാര്യത്തിലെന്നതുപോലെ പന്തിൻ്റെ ലേലത്തിലും പുതിയ ആർടിഎം നിയമം ഉപയോഗിക്കപ്പെട്ടു.
രണ്ട് കോടി രൂപയുടെ ആദ്യ ഘട്ടം മുതൽ ലക്നൗ പന്തിനു വേണ്ടി കളത്തിലുണ്ടായിരുന്നു. കെഎൽ രാഹുലിനെ റിലീസ് ചെയ്ത സാഹചര്യത്തിൽ ഒരു ക്യാപ്റ്റനെ തേടുകയായിരുന്ന ലക്നൗ പന്തിനെ വിടാതെ പിടിച്ചു. 11 കോടി രൂപ വരെ ആർസിബിയും അതിന് ശേഷം ഹൈദരാബാദും ലക്നൗവിനോട് മത്സരിച്ചു. ഒടുവിൽ 20.75 കോടിയിൽ ലക്നൗ പന്തിനെ സ്വന്തമാക്കി. ആർടിഎം ഉണ്ടായിരുന്ന ഡൽഹി ക്യാപിറ്റൽസ് ആർടിഎം കാർഡ് ഉപയോഗിച്ചു. ഇതോടെ പന്തിന് എത്ര തുക വരെ നൽകാമെന്നായി ലക്നൗവിനോടുള്ള ചോദ്യം. 27 കോടി രൂപ എന്ന് ലക്നൗവിൻ്റെ മറുപടി. ഈ തുകയ്ക്ക് ആർടിഎം ഉപയോഗിക്കാൻ ഡൽഹി തയ്യാറായില്ല. റെക്കോർഡ് തുകയ്ക്ക് പന്ത് ലക്നൗവിലേക്ക്.
അർഷ്ദീപിനായി രണ്ട് കോടി രൂപ അടിസ്ഥാനവിലയിൽ മല്ലിക സാഗർ വിളിച്ചുതുടങ്ങിയപ്പോൾ ആദ്യ ഘട്ടത്തിൽ പാഡിലുകളുയർന്നില്ല. ചെന്നൈ സൂപ്പർ കിംഗ്സാണ് ആദ്യം അർഷ്ദീപിനായി രംഗത്തുവന്നത്. പിന്നാലെ ഡൽഹി ചെന്നൈയ്ക്കൊപ്പം മത്സരിച്ചു. 7.25 കോടിയിൽ ചെന്നൈ വിളി അവസാനിപ്പിച്ചു. ഇതോടെ ഗുജറാത്ത് ടൈറ്റൻസ് കളത്തിലെത്തി. 9.75 കോടിയിൽ വിളി അവസാനിപ്പിച്ച ഡൽഹിയ്ക്ക് പകരം ആർസിബി ലേലത്തിലേക്ക് വന്നു. പിന്നാലെ ആർസിബിയ്ക്ക് പകരം 11 കോടിയിൽ രാജസ്ഥാൻ രംഗത്തുവന്നു. 12.25 കോടിയിൽ ആർസിബിയും 15.75 കോടിയിൽ രാജസ്ഥാനും പിന്മാറി. ഇതോടെ പഞ്ചാബ് ആർടിഎം ഉപയോഗിച്ചു. പിന്നീടാണ് പുതിയ നിയമം പ്രയോഗിച്ചത്. പുതിയ നിയമപ്രകാരം 18 കോടി രൂപയാണ് ഹൈദരാബാദ് നൽകിയ ഓഫർ. ഇത് നൽകാമെന്ന് പഞ്ചാൻ അറിയിച്ചു. ഇതോടെ അർഷ്ദീപ് പഞ്ചാബിലേക്ക്.
ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡയെ 10.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. ശ്രേയാസ് അയ്യരെ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ടീമിൽ എത്തിച്ചു. ജോസ് ബട്ട്ലറെ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് റാഞ്ചിയപ്പോൾ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. കഴിഞ്ഞ ലേലത്തിൽ 24.75 കോടി രൂപ നേടി റെക്കോർഡിട്ട താരമാണ് സ്റ്റാർക്ക്. മുഹമ്മദ് ഷമിയെ10 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് റാഞ്ചി. ഷമിക്കായി 9.75 കോടി രൂപ വരെ കൊൽക്കത്ത ഉണ്ടായിരുന്നെങ്കിലും ഹൈദരാബാദ് 10 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കുകയായിരുന്നു. ആർടിഎം കാർഡ് ഉപയോഗിക്കാൻ ഗുജറാത്ത് തയ്യാറായതുമില്ല.