IPL 2025 Auction : ഐപിഎൽ ലേലത്തിലെ ഏറ്റവും വിലകൂടിയ താരങ്ങൾ ഇതുവരെ
IPL 2025 Auction Most Expensive Players : 2025 ഐപിഎൽ താരലേലത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ എന്ന പട്ടികയെടുക്കുമ്പോൾ അതിനൊപ്പം ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിച്ച താരങ്ങളെന്ന പട്ടികയിലും ഇവർ ഉൾപ്പെടും. ഈ താരങ്ങൾ ആരൊക്കെയാണ്?
ഇക്കൊല്ലത്തെ ഐപിഎൽ ലേലം പുരോഗമിക്കുകയാണ്. രണ്ട് തവണയാണ് ഇതുവരെ ഐപിഎൽ ലേല റെക്കോർഡുകൾ തകർന്നത്. നാളെ ഒരു ദിവസം കൂടി ലേലം തുടരുമെങ്കിലും ഇന്നത്തെ റെക്കോർഡുകൾ നാളെ തകരാനിടയില്ല. ഋഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന നേട്ടത്തിലെത്തിയപ്പോൾ തൊട്ടുപിന്നാലെ ശ്രേയാസ് അയ്യരുണ്ട്. ലേലത്തിൽ ഇതുവരെ ഏറ്റവും വിലകൂടിയ താരങ്ങൾ ആരൊക്കെയെന്ന് പരിശോധിക്കാം.
ഋഷഭ് പന്ത്
27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ ജയൻ്റ്സിലെത്തിയ ഋഷഭ് പന്ത് ഐപിഎൽ ലേല റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. അരങ്ങേറിയതുമുതൽ ഇത് വരെ ഡൽഹി ഫ്രാഞ്ചൈസിയിൽ കളിച്ചിരുന്ന പന്ത് കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ചിരുന്നു. ലേലത്തിന് മുൻപ് പന്തിനെ ഡൽഹി റിലീസ് ചെയ്യുകയായിരുനു.
ശ്രേയാസ് അയ്യർ
26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ച ശ്രേയാസ് അയ്യരാണ് പട്ടികയിൽ രണ്ടാമത്. ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരങ്ങളിൽ രണ്ടാമതാണ് ശ്രേയാസ്. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ച് കിരീടം നേടിക്കൊടുത്ത ശ്രേയാസ് പ്രതിഫലത്തർക്കത്തെ തുടർന്നാണ് ടീം വിട്ടത്.
വെങ്കിടേഷ് അയ്യർ
23.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തിരികെയെത്തിയ വെങ്കിടേഷ് അയ്യർ ലേലത്തിലെ സർപ്രൈസ് പിക്ക് ആയി. കഴിഞ്ഞ ഏതാനും സീസണുകളിൽ കൊൽക്കത്തയ്ക്കായി കളിച്ചിരുന്ന വെങ്കി 2024 സീസണിൽ തകർപ്പൻ പ്രകടനങ്ങൾ നടത്തിയിരുന്നു. ലേലത്തിന് മുൻപ് വെങ്കിടേഷ് അയ്യരെ കൊൽക്കത്ത റിലീസ് ചെയ്യുകയായിരുന്നു.
യുസ്‌വേന്ദ്ര ചഹൽ
18 കോടി രൂപ നേടിയ യുസ്‌വേന്ദ്ര ചഹൽ ആണ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന സ്പിന്നർ. പഞ്ചാബ് കിംഗ്സാണ് ഇത്രയും ഉയർന്ന വിലനൽകി 34കാരനായ ചഹലിനെ ടീമിലെത്തിച്ചത്. രാജസ്ഥാൻ റോയൽസിൻ്റെ പ്രധാന താരമായിരുന്ന ചഹലിനെ ഫ്രാഞ്ചൈസി നിലനിർത്തിയിരുന്നില്ല.
അർഷ്ദീപ് സിംഗ്
അർഷ്ദീപിനും ലഭിച്ചു 18 കോടി. അർഷ്ദീപിനെയും പഞ്ചാബ് കിംഗ്സ് തന്നെയാണ് ടീമിലെത്തിച്ചത്. ഹൈദരാബാദ് 15.75 കോടി വിളിച്ചപ്പോൾ പഞ്ചാബ് ആർടിഎം ഉപയോഗിച്ചു. ആർടിഎം ടൈബ്രേക്കറിൽ 18 കോടി രൂപയായിരുന്നു ഹൈദരാബാദിൻ്റെ ഓഫർ. ഇത് നൽകാമെന്നറിയിച്ചതോടെ അർഷ്ദീപ് പഞ്ചാബിലേക്ക്.