IPL 2025 Auction Live Streaming : ഐപിഎൽ ലേലമഹാമഹം നാളെ മുതൽ; എപ്പോൾ, എവിടെ, എങ്ങനെ കാണാം?
IPL 2025 Auction Date, Time: ഐപിഎൽ മെഗാലേലം ഈ മാസം 24, 25 തീയതികളിലാണ്. ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നതിനിടയിലാണ് ലേലം. എന്നാൽ, ടെസ്റ്റും ലേലവും ഒരു സമയത്ത് നടക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ ബിസിസിഐ നടത്തിയിട്ടുണ്ട്. ഐപിഎൽ ലേലം എപ്പോൾ, എങ്ങനെ, എവിടെ വച്ച് കാണാമെന്ന് നോക്കാം.
ഐപിഎൽ മെഗാലേലം ഈ മാസം 24, അഥവാ നാളെയാണ് ആരംഭിക്കുക. 24, 25 തീയതികളിലായി സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ലേലത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞു. വരുന്ന സീസണിലേക്കുള്ള ടീം രൂപീകരണത്തിനായി വിവിധ തന്ത്രങ്ങൾ മെനഞ്ഞ് ടീമുകൾ എത്തുമ്പോൾ ലേലം ആവേശകരമാവും. ഐപിഎൽ ലേലം എവിടെ, എങ്ങനെ, എപ്പോൾ കാണാമെന്നറിയാം.
ലേലം എപ്പോൾ
ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണി മുതലാണ് ലേലം ആരംഭിക്കുക. സൗദി സമയമനുസരിച്ച് ഉച്ചയ്ക്ക് 12.30 ആണ് ലേലം ആരംഭിക്കുന്ന സമയം. ഇന്ത്യൻ സമയത്തിൽ ഇത് വൈകുന്നേരം മൂന്ന് മണിയാണ്. ബെഞ്ച്മാർക്ക് അറീന എന്നറിയപ്പെടുന്ന അബാദി അൽ ജോഹർ അറീനയിലാണ് ലേലം നടക്കുക എന്ന് ചില റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമില്ല.
എവിടെ കാണാം?
ടെലിവിഷനിലും ഒടിടിയിലും ലേലം തത്സമയം കാണാനാവും. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് ആണ് ഐപിഎലിൻ്റെ ടെലിവിഷൻ ബ്രോഡ്കാസ്റ്റ് പാർട്ണർ. അതുകൊണ്ട് തന്നെ ടിവിയിൽ സ്റ്റാർ സ്പോർട്സ് ചാനലിലൂടെ ലേലം തത്സമയം കാണാം. ഒടിടി റൈറ്റ്സ് വാങ്ങിയത് റിലയൻസ് ആണ്. ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും ഒടിടിയിലൂടെ തത്സമയം ലേലം ആസ്വദിക്കാം.
ലേല വിവരങ്ങൾ
ആകെ 576 താരങ്ങളാണ് ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 574 ആയിരുന്നെങ്കിലും പിന്നീട് ഇംഗ്ലണ്ടിൻ്റെ ജോഫ്ര ആർച്ചർ, യുഎസ്എയുടെ അമേരിക്കൻ വംശജനായ പേസർ സൗരഭ് നേത്രാവൽകർ എന്നിവരെയും കൂടി പട്ടികയിൽ ഉൾപ്പെടുത്തി.
എല്ലാ ടീമുകളിലുമായി 20 താരങ്ങൾക്കാണ് ഒഴിവുള്ളത്. 12 മാർക്വീ താരങ്ങൾ ആദ്യ ദിനം തന്നെ ലേലത്തിനെത്തും. രണ്ട് സെറ്റുകളായാവും മാർക്വീ താരങ്ങളുടെ ലേലം. ആദ്യ സെറ്റിൽ ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അര്‍ഷ്ദീപ് സിംഗ്, ജോസ് ബട്ട്‌ലര്‍, കഗീസോ റബാഡ, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരാണുള്ളത്. രണ്ടാം സെറ്റിൽ യുസ്വേന്ദ്ര ചഹല്‍, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മില്ലര്‍ എന്നിവരും ഹാമ്മറിന് കീഴിലെത്തും. 1.5 കോടി രൂപ അടിസ്ഥാനവിലയുള്ള ഡേവിഡ് മില്ലർ ഒഴികെ മറ്റ് മാർക്വീ താരങ്ങളുടെ അടിസ്ഥാന വില 2 കോടി രൂപയാണ്.
മാർക്വീ താരങ്ങൾക്കൊപ്പം രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള മറ്റ് താരങ്ങളുണ്ട്. ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, വെങ്കിടേഷ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ഈ പട്ടികയിലെ ഇന്ത്യൻ താരങ്ങൾ. ക്വിൻ്റൺ ഡികോക്ക്, എയ്ഡന്‍ മാര്‍ക്രം, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്‌റ്റോ, ഗ്ലെന്‍ മാക്‌സ്വെല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവർ ഈ പട്ടികയിലെ വിദേശതാരങ്ങളാണ്.
23 പേരെ ടീമിലെത്തിക്കാവുന്ന പഞ്ചാബ് കിംഗ്സാണ് ലേലത്തിൽ ഏറ്റവും കൂടുതൽ സ്ലോട്ടുകളുമായി എത്തുന്നത് 22 പേർക്കുള്ള സ്ലോട്ട് ഒഴിവാക്കിയിട്ട റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്. ഡൽഹി ക്യാപിറ്റൽസ് 21 സ്ലോട്ടുകളുമായി മൂന്നാമതുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, ലക്നൗ സൂപ്പർ ജയൻ്റ്സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് 20 പേരെ വീതം ടീമിലെത്തിക്കാം. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ 19 സ്ലോട്ടുകളുമായി അവസാന സ്ഥാനത്താണ്.