IPL 2025 Auction : ടീമിൽ വന്നിട്ട് ഇനി മുങ്ങില്ല; അടുത്ത മൂന്ന് സീസൺ മുഴുവൻ ഐപിഎൽ കളിക്കുമെന്ന് വിദേശതാരങ്ങൾ
IPL 2025 Auction Foreign Players Confirm Full Availibility : അടുത്ത മൂന്ന് ഐപിഎൽ സീസണുകൾ മുഴുവൻ കളിക്കുമെന്ന് ഉറപ്പുനൽകി വിദേശതാരങ്ങൾ. വിവിധ ക്രിക്കറ്റ് ബോർഡുകൾ ഇക്കാര്യം ബിസിസിഐയോട് സ്ഥിരീകരിച്ചു. ഈ മാസം 24, 25 തീയതികളിലാണ് താരലേലം.
അടുത്ത മൂന്ന് സീസൺ മുഴുവൻ ഐപിഎൽ കളിക്കുമെന്ന് ഉറപ്പുനൽകി വിദേശതാരങ്ങൾ. ലേലത്തിൽ ടീമിലിടം നേടിയതിന് ശേഷം സീസണിൽ നിന്ന് താരങ്ങൾ വിട്ടുനിൽക്കുന്നതും സീസണിടയിൽ മുങ്ങുന്നതും പല ഫ്രാഞ്ചൈസികൾക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിനെതിരെ പലതവണ ഫ്രാഞ്ചൈസികൾ രംഗത്തുവരികയും ചെയ്തു. ഇക്കാര്യത്തിലാണ് ഇപ്പോൾ ഏറെക്കുറെ തീരുമാനമായിരിക്കുന്നത്.
അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ താങ്ങളാണ് 2025, 2026, 2027 സീസണുകൾ പൂർണമായും കളിക്കുമെന്ന് ഉറപ്പുനൽകിയത്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൻ്റെ സെൻട്രൽ കരാറിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങളും അടുത്ത മൂന്ന് സീസണുകൾ പൂർണ്ണമായി കളിക്കും. ഷാക്കിബ് അൽ ഹസൻ ഒഴികെ ബംഗ്ലാദേശ് താരങ്ങൾ പൂർണമായി ലഭ്യമാവില്ല. ശ്രീലങ്കൻ താരങ്ങളുടെ കാര്യത്തിലാണ് സംശയമുള്ളത്. ചില ഓസ്ട്രേലിയൻ താരങ്ങളുടെ കാര്യത്തിലും സംശയമുണ്ട്. 2027 സീസണിലാണ് ഓസീസ് താരങ്ങളുടെ പങ്കാളിത്തത്തിൽ സംശയമുള്ളത്.
കഴിഞ്ഞ സീസണിൻ്റെ അവസാന സമയത്ത് താരങ്ങളെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിൻവലിച്ചത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പല ഫ്രാഞ്ചൈസികളും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ വിമർശിച്ചു. ചില ഇംഗ്ലണ്ട് താരങ്ങളും ബോർഡിനെ വിമർശിച്ചു. ഇക്കാര്യത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെ നിലവിൽ നിലപാടറിയിച്ചു.
Also Read : IPL Mega Auction 2025: വൈൽഡ് കാർഡ് എൻട്രിയായി ആർച്ചറും നേത്രവൽകറും; അവസാന സമയത്തുള്ള മാറ്റത്തിന് കാരണമെന്ത്?
ഈ ടീമുകളിൽ നിന്ന് തന്നെ 2025 സീസണിൽ ഭാഗികമായി മാത്രം കളിക്കുന്ന താരങ്ങളുണ്ട്. മാത്യു ഷോർട്ട് (ഓസ്ട്രേലിയ, സീസണിൻ്റെ 50 ശതമാനം ലഭ്യമാവും), റിലീ റുസോ (ദക്ഷിണാഫ്രിക്ക, 50 ശതമാനം ലഭ്യമാവും), വിൽ യങ് (ന്യൂസീലൻഡ്, 50 ശതമാനം), മാർക്ക് ചാപ്മൻ (ന്യൂസീലൻഡ്, 55 ശതമാനം), നാന്ദ്രേ ബർഗർ (ദക്ഷിണാഫ്രിക്ക, 75 ശതമാനം), ഡിയോൺ മയേഴ്സ് (സിംബാബ്‌വെ, 85 ശതമാനം) എന്നിവരാണ് ഈ താരങ്ങൾ.
ശ്രീലങ്കൻ താരങ്ങൾ 2025 സീസണിൽ പൂർണമായി ലഭ്യമാവും. 2026, 2027 സീസണുകളിലേക്കുള്ള താരങ്ങളുടെ അവൈലബിലിറ്റി പിന്നീട് അറിയിക്കാമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട്. സീസണുകളിൽ നിലനിർത്തുന്ന താരങ്ങൾ പൂർണമായി കളിക്കും. 2025, 2026 സീസണിൽ ഓസീസ് താരങ്ങൾ പൂർണമായി കളിക്കും. 2027ൽ, ടെസ്റ്റ് ക്രിക്കറ്റിൻ്റെ 150 വർഷം ആഘോഷിക്കാൻ ഇംഗ്ലണ്ടുമായി നടക്കുന്ന മത്സരത്തിൽ ചില താരങ്ങൾ കളിക്കും. ഈ താരങ്ങൾ ആ സമയത്ത് ഐപിഎലിൽ കളിക്കില്ല.
ഐപിഎൽ മെഗാലേലം ഈ മാസം 24, 25 തീയതികളിലായി സൗദി അറേബ്യയിലെ ജിദ്ദയിലാണ് നടക്കുക. ലേലത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞു. ആകെ 576 താരങ്ങളാണ് ലേലത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 574 ആയിരുന്നെങ്കിലും പിന്നീട് ഇംഗ്ലണ്ടിൻ്റെ ജോഫ്ര ആർച്ചറെയും യുഎസ്എയുടെ അമേരിക്കൻ വംശജനായ പേസർ സൗരഭ് നേത്രാവൽകറെയും വൈൽഡ് കാർഡ് എൻട്രിയായി ടീമിൽ ഉൾപ്പെടുത്തി. 12 മാർക്വീ താരങ്ങൾ ആദ്യ ദിനം തന്നെ ലേലത്തിനെത്തും. മാർക്വീ താരങ്ങളുടെ ലേലം രണ്ട് സെറ്റുകളായാവും നടക്കുക. ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണി മുതലാണ് ലേലം ആരംഭിക്കുക. ടിവിയിൽ സ്റ്റാർ സ്പോർട്സും ഒടിടിയിൽ ജിയോ സിനിമയും ലേലം തത്സയം സംപ്രേഷണം ചെയ്യും.