IPL 2025 Auction : ‘ഋഷഭ് പന്തിൻ്റെ പ്രശ്നം പണം തന്നെയായിരുന്നു’; ടീം ഉടമയെ തള്ളി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ
IPL 2025 Auction Rishabh Pant : ഋഷഭ് പന്ത് ടീം വിടാൻ കാരണം പണം തന്നെയെന്ന് ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ ഹേമങ് ബദാനി. പണം കാരണമല്ല താരം ടീം വിട്ടതെന്ന് നേരത്തെ ടീം സഹ ഉടമ പാർത്ഥ് ജിൻഡാൽ പറഞ്ഞിരുന്നു. ഋഷഭ് പന്തും ഇക്കാര്യം അറിയിച്ചിരുന്നു. ഇത് രണ്ടും തള്ളിക്കൊണ്ടാണ് ബദാനിയുടെ പ്രസ്താവന.
ഋഷഭ് പന്ത് ടീം വിടാൻ കാരണം പണമല്ലെന്ന ഡൽഹി ക്യാപിറ്റൽസ് സഹ ഉടമ പാർത്ഥ് ജിൻഡാലിൻ്റെ പ്രസ്താവന തള്ളി പരിശീലകൻ ഹേമങ് ബദാനി. ലേലത്തിൽ പോയാൽ കൂടുതൽ പണം ലഭിക്കുമെന്ന് പറഞ്ഞാണ് താരം ടീം വിട്ടതെന്ന് ബദാനി പറഞ്ഞു. മുൻ ഇന്ത്യൻ താരം എസ് ബദരിനാഥിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ബദാനി. നേരത്തെ, താൻ ടീം വിടാൻ കാരണം പണമല്ലെന്ന് ഋഷഭ് പന്തും പറഞ്ഞിരുന്നു.
“ഞങ്ങൾ നിലനിർത്താത്തതല്ല. അദ്ദേഹത്തിന് ടീമിൽ തുടരാൻ താത്പര്യമില്ലായിരുന്നു. ലേലത്തിൽ പോകണമെന്നാവശ്യപ്പെട്ടു. ലേലത്തിൽ പോയാൽ തനിക്ക് നല്ലതാവുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് തൻ്റെ മാർക്കറ്ററിയണം. ഒരു താരത്തെ നിലനിർത്താൻ താരവും മാനേജ്മെൻ്റും തയ്യാറാവണം. മാനേജ്മെൻ്റ് ഒരുപാട് തവണ സംസാരിച്ചു. ഋഷഭ് പന്ത് പറഞ്ഞത്, ഒന്നാമതായി നിലനിർത്തുന്ന താരത്തിന് ലഭിക്കുന്ന തുകയേക്കാൾ അധികം തുക ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്നാണ്. കാരണം 18 കോടിയാണ് ഒന്നാമതായി നിലനിർത്തുന്ന താരത്തിന് ലഭിക്കുന്ന തുക. അതിലും കൂടുതൽ കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയായി. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.”- ബദാനി പ്രതികരിച്ചു.
“Rishab Said It Not About The Money” But The Head Coach Of @DelhiCapitals Said “Rishab Pant Wanted More Money Than The 1st Retention, We Tried Our Best, We Called & Messaged Him May Times But He Was Keen On Going To Auction To Get More Money”#IPLAuction
VC: @s_badrinath YTC. pic.twitter.com/P8d2StRYcK
— SURENDER SINGH 💗 (@Surende26790545) December 7, 2024
കഴിഞ്ഞ സീസണുകളിൽ താരത്തിൻ്റെ മോശം പ്രകടനത്തെക്കുറിച്ച് അഭിപ്രായമറിയിച്ചതിനാലാണ് പന്ത് ടീം വിട്ടതെന്നായിരുന്നു പാർത്ഥ് ജിൻഡാലിൻ്റെ വെളിപ്പെടുത്തൽ. റെവ്സ്പോർട്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിൻഡാൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണുകളിൽ താരത്തിൽ നിന്ന് പ്രതീക്ഷിച്ചത് തങ്ങൾക്ക് ലഭിച്ചിരുന്നില്ല. ഇക്കാര്യം തങ്ങൾ പന്തിനെ അറിയിച്ചു. സത്യസന്ധമായ അഭിപ്രായം പറഞ്ഞു. എന്നാൽ, തങ്ങൾ പ്രതീക്ഷിച്ചതുപോലെ അദ്ദേഹം ഈ അഭിപ്രായ പ്രകടനങ്ങൾ സ്വീകരിച്ചില്ല. താനും സഹ ഉടമ കിരൺ കുമാർ ഗ്രാന്ധിയും ചേർന്ന് പന്തിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അദ്ദേഹം ഇക്കാര്യത്തിൽ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. ലേലത്തിൽ തിരികെ പിടിക്കാൻ ശ്രമിക്കില്ലെന്ന് വാക്കുകൊടുത്തെങ്കിലും പന്തിൻ്റെ പേര് ലേലത്തിലെത്തിയപ്പോൾ ബിഡ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ, അവസാനം അദ്ദേഹത്തിന് ലഭിച്ച തുക വളരെ വലുതായിരുന്നു. അത് നൽകാൻ നമ്മുടെ കയ്യിലുണ്ടായിരുന്നില്ല എന്നും ജിൻഡാൽ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിനെ തള്ളിയാണ് ഇപ്പോൾ ഹേമൻ ബദാനി രംഗത്തുവന്നത്.
സൗദി അറേബ്യയിലെ ജിദ്ദയിലെ അബാദി അൽ-ജോഹർ അരീനയിൽ നടന്ന മെഗാ ലേലത്തിൽ 27 കോടി രൂപയാണ് ഋഷഭ് പന്തിന് ലഭിച്ചത്. ലക്നൗ സൂപ്പർ ജയൻ്റ്സാണ് ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുക നൽകി പന്തിനെ സ്വന്തമാക്കിയത്. 26.75 രൂപ നൽകി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മുൻ ക്യാപ്റ്റൻ ശ്രേയാസ് അയ്യരെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ റെക്കോർഡ് തകർത്ത് ലക്നൗവിൻ്റെ രംഗപ്രവേശം. കഴിഞ്ഞ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി രൂപ മുടക്കി മിച്ചൽ സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. എന്നാൽ, ഈ ലേലം അവസാനിച്ചതോടെ സ്റ്റാർക്ക് പട്ടികയിൽ മൂന്നാമതായി. ഈ പട്ടികയില്‍ നാലാമതുള്ളത് കൊൽക്കത്തയുടെ തന്നെ വെങ്കടേഷ് അയ്യരാണ്. താരലേലത്തിൽ 23.75 കോടി രൂപയ്ക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ പ്രധാന താരമായിരുന്നു വെങ്കി.