IPL 2025 Auction : ആദ്യ ദിനം ലേലത്തിൽ സ്കോർ ചെയ്ത് ഡൽഹിയും ഹൈദരാബാദും; രാജസ്ഥാന് മുന്നിലുള്ളത് കടുത്ത കടമ്പ
IPL 2025 Auction Delhi Capitals Sunrisers Hyderabad : ഐപിഎലിൻ്റെ ആദ്യ ദിനത്തിൽ കളം പിടിച്ച് ഡൽഹി ക്യാപിറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും. മികച്ച താരങ്ങളെ, കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവർക്ക് സാധിച്ചു. രാജസ്ഥാൻ റോയൽസാണ് ആദ്യ ദിനം നിരാശപ്പെടുത്തിയത്.
ഐപിഎൽ ലേലത്തിൻ്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ സ്കോർ ചെയ്തത് ഡൽഹി ക്യാപിറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും. പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നിവരും ലേലത്തിൽ മികച്ചുനിന്നു. ആകെ മൂന്ന് താരങ്ങളെ മാത്രം ടീമിലെത്തിച്ച രാജസ്ഥാൻ റോയൽസിന് മുന്നിലുള്ളത് വലിയ കടമ്പയാണ്.
കൃത്യമായ പ്ലാനിംഗോടെ എത്തിയ ഡൽഹി ക്യാപിറ്റൽസ് മികച്ച താരങ്ങളെ കുറഞ്ഞ വിലയിൽ ടീമിലെത്തിച്ചു. കെഎൽ രാഹുലിനെ 14 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഡൽഹി അവിടെത്തന്നെ ആറ് കോടി രൂപയ്ക്ക് മുകളിൽ സുരക്ഷിതമാക്കി. ഹാരി ബ്രൂക്കിനെ വെറും 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയതും വലിയ നേട്ടമാണ്. യുവതാരമായ ബ്രൂക്ക് നിലവിലെ യുവതാരങ്ങളിൽ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിലാണുള്ളത്. 9 കോടിയ്ക്ക് ജേക്ക് ഫ്രേസർ മക്കർക്കിനെ ടീമിൽ തിരികെയെത്തിച്ച ഡൽഹി, അശുതോഷ് ശർമ്മയ്ക്ക് നൽകിയത് വെറും 3.8 കോടി. കഴിഞ്ഞ സീസണിൽ പഞ്ചാബിനായി വിസ്ഫോടനാത്മക പ്രകടനം നടത്തിയ താരമാണ് അശുതോഷ്. മിച്ചൽ സ്റ്റാർക്കിനെ 11.75 കോടി രൂപയ്ക്കും ടി നടരാജനെ 10.75 കോടി രൂപയ്ക്കും മോഹിത് ശർമ്മയെ 2.2 കോടി രൂപയ്ക്കും ടീമിലെത്തിച്ച ഡൽഹി ബൗളിംഗ് നിരയിലും വൈവിധ്യം കൊണ്ടുവന്നു. നടരാജൻ – മോഹിത് കോമ്പോ ഡെത്ത് ഓവറുകളിൽ എതിരാളികളുടെ പേടിസ്വപ്നമാവും. 95 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ സമീർ റിസ്‌വിയും മികച്ച താരമാണ്.
വെടിക്കെട്ട് ബാറ്റിംഗ് നിരയിൽ ഒഴിഞ്ഞുകിടന്ന മൂന്നാം നമ്പരിലേക്ക് ഇഷാൻ കിഷനെ കണ്ടെത്തിയതിൽ തുടങ്ങുന്നു ഹൈദരാബാദിൻ്റെ കൗശലം. 11.25 കോടി രൂപ നൽകേണ്ടിവന്നെങ്കിലും ഹൈദരാബാദ് നിരയിലെ തീ അണയാതെ സൂക്ഷിക്കാൻ പറ്റിയ താരമാണ് കിഷൻ. അഭിനവ് മനോഹർ (3.2 കോടി), അഥർവ തായ്ഡെ (30 ലക്ഷം) എന്നിവരും ബാറ്റർമാരായി ടീമിലെത്തി. ബൗളിംഗ് നിരയിൽ ഹർഷൽ പട്ടേലിനെ എട്ട് കോടി രൂപയ്ക്ക് സ്വന്തമാക്കിയത് ഒരു പരിധി വരെ ഡെത്ത് ഓവറിൽ ഗുണം ചെയ്യും. മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്ക് എത്തിക്കാനായത് നേട്ടമാണ്. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ തകർത്തെറിയാൻ ഷമിക്ക് സാധിക്കും. സിമർജീത് സിംഗിനെ വെറും ഒന്നരക്കോടി രൂപയ്ക്കും ആദം സാമ്പയെ വെറും 2.4 കോടി രൂപയ്ക്കും വാങ്ങാൻ കഴിഞ്ഞതും ലേലത്തിൽ ഹൈദരാബാദിൻ്റെ മിടുക്കാണ്. 3.2 കോടി രൂപയ്ക്ക് ടീമിലെത്തിയ രാഹുൽ ചഹാറും നല്ല താരമാണ്.
ഡേവിഡ് മില്ലർ (ഏഴരക്കോടി), എയ്ഡൻ മാർക്രം (2 കോടി), ഋഷഭ് പന്ത് (27 കോടി), അബ്ദുൽ സമദ് (4.2 കോടി), മിച്ചൽ മാർഷ് (3.4 കോടി) ഇങ്ങനെ ലക്നൗ ടീമിലെത്തിച്ച, ഫസ്റ്റ് ഇലവനിൽ ഇടം പിടിക്കാവുന്ന ബാറ്റിംഗ് ഓപ്ഷനുകളൊക്കെ നല്ല താരങ്ങളാണ്. ഋഷഭ് പന്തിന് 27 കോടി നൽകിയത് വലിയ തുകയാണെങ്കിലും മറ്റ് പർച്ചേസുകളിൽ അവർ അത് നികത്തി. 9.75 കോടി രൂപ മുടക്കിയ ആവേശ് ഖാൻ്റെ പ്രകടനം കണ്ടറിയണം.
26.75 കോടി രൂപ നൽകിയെങ്കിലും ശ്രേയാസ് അയ്യരിലൂടെ ഒരു മികച്ച ക്യാപ്റ്റനെ പഞ്ചാബിന് ലഭിച്ചു. വെറും 4.2 കോടി രൂപയ്ക്ക് നേഹൽ വധേരയെ സ്വന്തമാക്കാനായി. മലയാളി താരം വിഷ്ണു വിനോദിനെ വെറും 95 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചതും നേട്ടമാണ്. ഗ്ലെൻ മാക്സ്‌വൽ (4.2 കോടി), മാർക്കസ് സ്റ്റോയിനിസ് (11 കോടി) എന്നീ പർച്ചേസുകളും ലാഭമാണ്. ഇതിൽ മാക്സ്‌വെലിൻ്റെ പർച്ചേസിൽ ആറ് കോടി രൂപയെങ്കിലും പഞ്ചാബ് ലാഭിച്ചിട്ടുണ്ട്. യഷ് താക്കൂർ (1.6 കോടി), വിജയകുമാർ വൈശാഖ് (1.8 കോടി) എന്നിവർ അർഷ്ദീപ് സിംഗ് (18 കോടി), യുസ്‌വേന്ദ്ര ചഹൽ (18 കോടി) എന്നിവർക്കൊപ്പം ചേരുന്നതോടെ പഞ്ചാബിൻ്റെ ബൗളിംഗ് അതിശക്തമാവുന്നു. ഹർപ്രീത് ബ്രാറും (ഒന്നരക്കോടി) നല്ല പർച്ചേസാണ്.