5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 Auction : ആദ്യ താരത്തിൽ തന്നെ ആർടിഎമ്മിലെ പുതിയ നിയമം പ്രയോഗിച്ച് ഹൈദരാബാദും പഞ്ചാബും; ലേലത്തിന് ആവേശത്തുടക്കം

IPL 2025 Auction Arshdeep Singh : ഐപിഎൽ 2025 ലേലത്തിലെ ആദ്യ താരത്തിൽ തന്നെ ആർടിഎമ്മിലെ പുതിയ നിയമം ഉപയോഗിച്ച് സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും. ഒടുവിൽ 18 കോടി രൂപയ്ക്കാണ് അർഷ്ദീപിനെ പഞ്ചാബ് ടീമിൽ നിലനിർത്തിയത്.

IPL 2025 Auction : ആദ്യ താരത്തിൽ തന്നെ ആർടിഎമ്മിലെ പുതിയ നിയമം പ്രയോഗിച്ച് ഹൈദരാബാദും പഞ്ചാബും; ലേലത്തിന് ആവേശത്തുടക്കം
അർഷ്ദീപ് സിംഗ് (Image Credits - PTI)
abdul-basith
Abdul Basith | Published: 24 Nov 2024 16:28 PM

ഐപിഎൽ മെഗാലേലത്തിലെ ആദ്യ താരത്തിൽ തന്നെ പുതിയ നിയമം ഉപയോഗിച്ച് സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും. ആദ്യ താരമായി അർഷ്ദീപ് സിംഗാണ് ഹാമ്മറിന് കീഴിലെത്തിയത്. വാശിയേറിയ ലേലത്തിനൊടുവിൽ പഞ്ചാബ് കിംഗ്സ് റൈറ്റ് ടു മാച്ച് കാർഡ് (ആർടിഎം) ഉപയോഗിച്ച് അർഷ്ദീപിനെ ടീമിൽ നിലനിർത്തി. 15.75 കോടി രൂപയ്ക്ക് ആർടിഎം ഉപയോഗിച്ച പഞ്ചാബ് പിന്നെ എങ്ങനെ 18 കോടി രൂപയ്ക്ക് അർഷ്ദീപിനെ നിലനിർത്തി എന്നറിയാം.

ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ ആണ് അർഷ്ദീപിൻ്റെ നറുക്കെടുത്തത്. രണ്ട് കോടി രൂപ അടിസ്ഥാനവിലയിൽ മല്ലിക സാഗർ വിളിച്ചുതുടങ്ങിയപ്പോൾ ആദ്യ ഘട്ടത്തിൽ പാഡിലുകളുയർന്നില്ല. ചെന്നൈ സൂപ്പർ കിംഗ്സാണ് ലേലം വിളി ആരംഭിച്ചത്. ചെന്നൈയ്ക്കൊപ്പം ഡൽഹി ആദ്യ ഘട്ടത്തിൽ വിളിച്ചു. 7.25 കോടിയിൽ ചെന്നൈ വിളി അവസാനിപ്പിച്ചു. പിന്നീട് ഗുജറാത്ത് ടൈറ്റൻസ് – ഡൽഹി ക്യാപിറ്റൽസ് പോര്. 9.75 കോടിയിൽ വിളി അവസാനിപ്പിച്ച ഡൽഹിയ്ക്ക് പകരം ആർസിബി കളത്തിൽ. 11 കോടിയിൽ രാജസ്ഥാൻ രംഗത്തുവന്നതോടെ ആർസിബി പിന്മാറി. 12.25 കോടിയിൽ ആർസിബിയും വിളി അവസാനിപ്പിച്ചു. പിന്നീട് 15.75 കോടിയിൽ രാജസ്ഥാൻ പിന്മാറി. ഇതോടെ പഞ്ചാബ് ആർടിഎം ഉപയോഗിച്ചു. പിന്നീടാണ് പുതിയ നിയമം പ്രയോഗിച്ചത്.

Also Read : IPL 2025 Auction: താരലേലത്തിലെ ടീമുകളുടെ തുറുപ്പുചീട്ടായ ‘അൽ ആർടിഎം’.. അറിയാം നിയമത്തെ കുറിച്ച്

പുതിയ നിയമപ്രകാരം ഉപയോഗിച്ചാലും ആർടിഎം തുകയ്ക്ക് മുകളിൽ എതിരാളിയ്ക്ക് ഒരു തുക പറയാം. ഈ തുക പഴയ ടീം നൽകിയാൽ അവർക്ക് താരത്തെ ലഭിക്കും. ഇത് നൽകാൻ തയ്യാറല്ലെങ്കിൽ എതിരാളിയ്ക്ക് തങ്ങൾ പറയുന്ന വിലയിൽ താരത്തെ ടീമിലെത്തിക്കാം. ഇവിടെ പഞ്ചാബ് 15.75 കോടി രൂപയിൽ ആർടിഎം ഉപയോഗിച്ചതോടെ പുതിയ നിയമപ്രകാരം 18 കോടി രൂപയാണ് ഹൈദരാബാദ് ടേബിളിൽ വച്ചത്. ഇത് നൽകാമെന്ന് പഞ്ചാൻ അറിയിച്ചു. ഇതോടെ അർഷ്ദീപ് പഞ്ചാബിലേക്ക്.

രണ്ടാമതായി ഹാമ്മറിന് കീഴിലെത്തിയ ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡയെ 10.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു. മൂന്നാമതെത്തിയ ഇന്ത്യൻ താരം ശ്രേയാസ് അയ്യർക്കായി ആദ്യ ഘട്ടത്തിൽ കഴിഞ്ഞ സീസണിലെ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് പാഡിലുയർത്തിയത്. പഴയ ക്യാപ്റ്റനെ തിരികെയെത്തിക്കാൻ ശ്രമിച്ചെങ്കിലും പഞ്ചാബും ഡൽഹിയും മത്സരിച്ച് വിളിച്ചതോടെ കൊൽക്കത്ത പിന്മാറി. പിന്നീട് 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് താരത്തെ ടീമിൽ എത്തിച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയാണിത്. കഴിഞ്ഞ സീസണിൽ മിച്ചൽ സ്റ്റാർക്കിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കുയ 24.75 കോടി രൂപയാണ് പഴങ്കഥയായത്.

ഇന്ന് 84 താരങ്ങളാണ് ലേലത്തിലെത്തുക. ആദ്യ 12 സെറ്റുകളിലായാണ് മാർക്കീ താരങ്ങൾ ഉൾപ്പെടെ 84 താരങ്ങൾ ഹാമ്മറിന് കീഴിലെത്തുക. വൈകുന്നേരം 3.30ന് ലേലം ആരംഭിച്ചു. മല്ലിക സാഗറാണ് ഓക്ഷനീയർ. മാർക്കീ താരങ്ങൾ ഉൾപ്പെടുന്ന രണ്ട് സെറ്റ് ലേലം വിളി അവസാനിക്കുമ്പോൾ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയെടുക്കും. പിന്നീട് രാജ്യാന്തര തലത്തിലെ ബാറ്റർമാർ, ഓൾറൗണ്ടർമാർ, വിക്കറ്റ് കീപ്പർമാർ എന്നിവർ ഹാമ്മറിന് കീഴിലെത്തും. പിന്നീട് ഒരു 15 മിനിട്ട് ബ്രേക്ക്. പിന്നാലെ രാജ്യാന്തര ബൗളർമാരെ വിളിച്ചതിന് ശേഷം വീണ്ടും ഒരു 10 മിനിട്ട് ഇടവേള. ഇന്നത്തെ അവസാന സെറ്റ് ഏഴ് താരങ്ങളുടെ അൺകാപ്പ്ഡ് സെറ്റാണ്. ബാക്കിയുള്ള താരങ്ങളൊക്കെ നാളെയാവും ലേലത്തിനെത്തുക.