5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025 Auction : 13 വയസുകാരൻ വൈഭവ് സൂര്യവൻശി ഈ സീസണിൽ രാജസ്ഥാനിൽ കളിക്കും; ടീമിലെത്തിയത് 1.1 കോടി രൂപയ്ക്ക്

IPL 2025 Auction Vaibhav Suryavanshi : ഐപിഎൽ ലേലചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 13 വയസുകാരനായ വൈഭവ് സൂര്യവൻശി. വൈഭവ് ലേലത്തിൽ രജിസ്റ്റർ ചെയ്തത് തന്നെ ചർച്ചയായിരുന്നു. ഇപ്പോൾ 1.10 കോടി രൂപയ്ക്ക് വൈഭവിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരിക്കുകയാണ്.

IPL 2025 Auction : 13 വയസുകാരൻ വൈഭവ് സൂര്യവൻശി ഈ സീസണിൽ രാജസ്ഥാനിൽ കളിക്കും; ടീമിലെത്തിയത് 1.1 കോടി രൂപയ്ക്ക്
വൈഭവ് സൂര്യവൻശി (Image Credits – PTI)
abdul-basith
Abdul Basith | Published: 25 Nov 2024 21:44 PM

ഇത്തവണത്തെ ഐപിഎൽ ലേലത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരുകളിലൊന്നായിരുന്നു വൈഭവ് സൂര്യവൻശി. വെറും 13 വയസുള്ള വൈഭവ് ഐപിഎൽ ലേലത്തിലെത്തിയത് തന്നെ ചർച്ചയായി. ഐപിഎൽ ലേലചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. ബീഹാർ താരമായ വൈഭവ് ഇതിനകം പല റെക്കോർഡുകളും തൻ്റെ പേരിൽ കുറിച്ചിട്ടുണ്ട്. ലേലത്തിൽ 30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവിനെ ഒടുവിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവിനായി ആദ്യ ഘട്ടം മുതൽ രാജസ്ഥാൻ റോയൽസ് രംഗത്തുണ്ടായിരുന്നു. രാജസ്ഥാനൊപ്പം ഡൽഹി ക്യാപിറ്റൽസും വാശിയോടെ ലേലം വിളിച്ചു. എന്നാൽ, ഒരു കോടിയിൽ ഡൽഹി പിന്മാറി. ഇതോടെ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് വൈഭവിനെ ടീമിലെത്തിക്കുകയായിരുന്നു.

വലം കയ്യൻ ബാറ്ററും ലെഫ് ആം സ്പിന്നറുമായി സൂര്യവൻശി രഞ്ജി ട്രോഫി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 12ആം വയസിൽ മുംബൈയ്ക്കെതിരെ ബീഹാറിനായി അരങ്ങേറിയ വൈഭവ് സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കിയിരുന്നു. പിന്നാലെ 13ആം വയസിൽ ഇന്ത്യ അണ്ടർ 19 ടീമിലെത്തിയ വൈഭവ് ഒസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ചതുർദിന മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി. വെറും 58 പന്തിലായിരുന്നു വൈഭവിൻ്റെ സെഞ്ചുറി. 14 ബൗണ്ടറിയും നാല് സിക്സറും സഹിതം മൂന്നക്കം കടന്ന വൈഭവ് അണ്ടർ 19 ടെസ്റ്റിൽ ഏറ്റവും വേഗം കൂടിയ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമായി.’

Also Read : IPL 2025 Auction : ഒരോവറിൽ ആറ് സിക്സ്, തീപ്പൊരി ബാറ്റർ; പഞ്ചാബും ആർസിബിയും മത്സരിച്ച് വിളിച്ച പ്രിയാൻഷ് ആര്യയെപ്പറ്റി

2011ലാണ് വൈഭവ് ജനിക്കുന്നത്. നാലാം വയസിൽ തന്നെ വൈഭവിൻ്റെ പ്രതിഭ മനസിലാക്കിയ പിതാവ് സഞ്ജീവ് വീടിൻ്റെ പിന്നിൽ ഒരു ചെറിയ കളിക്കളമുണ്ടാക്കി. 9ആം വയസിൽ വൈഭവിനെ പിതാവ് സമസ്തിപൂരിലെ ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു. 12ആം വയസിൽ ബീഹാറിനായി വിനൂ മങ്കാദ് ട്രോഫി കളിച്ച വൈഭവ് അഞ്ച് മത്സരങ്ങളിൽ നിന്ന് 393 റൺസാണ് അടിച്ചുകൂട്ടിയത്. 78.60 ആയിരുന്നു ശരാശരി. ഇതോടെ താരം രഞ്ജി ടീമിൽ ഉൾപ്പെടുകയായിരുന്നു. രഞ്ജിയിൽ ഇതുവരെ ശ്രദ്ധേയമായ പ്രകടനം നടത്താൻ വൈഭവിന് സാധിച്ചില്ല. രഞ്ജിയ്ക്ക് മുൻപ് ഇന്ത്യ ബി അണ്ടർ 19 ടീമിൽ കളിച്ച താരം അണ്ടർ 19 ചതുർ രാഷ്ട്ര പരമ്പരയിലും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ആറ് ഇന്നിംഗ്സിൽ നിന്ന് രണ്ട് ഫിഫ്റ്റിയടക്കം 177 റൺസ് ആണ് വൈഭവ് നേടിയത്.

ലേലത്തിൽ താരതമ്യേന മോശം പ്രകടനം നടത്തിയ ടീമാണ് രാജസ്ഥാൻ റോയൽസ്. നിതീഷ് റാണ, വനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ആകാശ് മധ്‌വൾ എന്നീ മികച്ച താരങ്ങളെ മാത്രമാണ് രാജസ്ഥാന് ടീമിലെത്തിക്കാനായത്. ജോഫ്ര ആർച്ചറെ സ്വന്തമാക്കാനായെങ്കിലും താരം ഫോമിലല്ലെന്നത് തിരിച്ചടിയാണ്. തുഷാർ ദേശ്പാണ്ഡെ, ഫസലുൽ ഹഖ് ഫറൂഖി, യുദ്ധ്‌വീർ ചരക്, കുമാർ കാർത്തികേയ, ശുഭം ദുബേ എന്നീ താരങ്ങളെയും രാജസ്ഥാൻ ടീമിലെത്തിച്ചു.

സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംറോൺ ഹെട്മയർ എന്നിവരെയാണ് രാജസ്ഥാൻ നിലനിർത്തിയത്. 2.4 കോടി രൂപ പഴ്സിൽ ബാക്കിനിൽക്കെ രാജസ്ഥാന് പരമാവധി ടീമിലെത്തിക്കാവുന്ന താരങ്ങളുടെ എണ്ണം എട്ടാണ്.

Latest News