IPL 2025: ഇംപാക്ട് സബ് രോഹിത്; പാനൽ ചർച്ചയിൽ പരസ്പരം തർക്കിച്ച് റായുഡുവും ബംഗാറും
Rayudu And Bangar Clash Over Rohit: പാനൽ ചർച്ചയ്ക്കിടെ പരസ്പരം ഏറ്റുമുട്ടി സഞ്ജയ് ബംഗാറും അമ്പാട്ടി റായുഡുവും. രോഹിത് ശർമ്മയെ ഇംപാക്ട് സബ് ആയി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും തർക്കിച്ചത്.

രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് ഇംപാക്ട് സബ് ആയി ഉപയോഗിക്കുന്നതിൽ പരസ്പരം തർക്കിച്ച് മുൻ ഇന്ത്യൻ താരങ്ങളായ അമ്പാട്ടി റായുഡുവും സഞ്ജയ് ബംഗാറും. ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോയുടെ പാനൽ ചർച്ചയിലാണ് മുൻ താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്. മുംബൈ ഇന്ത്യൻസ് മുൻ താരമായ രോഹിത് ശർമ്മ ഈ സീസണിൽ എല്ലാ കളിയും ഇംപാക്ട് സബ് ആയാണ് കളിച്ചത്. താരം ഇതുവരെ ഒരു നല്ല ഇന്നിംഗ്സ് കളിച്ചിട്ടില്ല.
രോഹിത് ശർമ്മ ഫീൽഡിൽ ഇല്ലാത്തത് ഒരു ക്യാപ്റ്റനെന്ന നിലയിൽ ഹാർദ്ദിക്കിന് തിരിച്ചടിയാവുന്നുണ്ടെന്ന് ബംഗാർ പറഞ്ഞതാണ് തർക്കത്തിന് തുടക്കമിട്ടത്. ഹാർദ്ദികിന് സഹായമൊന്നും വേണ്ടെന്നും ക്യാപ്റ്റനെന്ന നിലയിൽ വെറുതെ വിട്ടാൽ മതിയെന്നും റായുഡു മറുപടി നൽകി. ഇന്ത്യൻ ക്യാപ്റ്റനായിരിക്കുമ്പോൾ രോഹിതിന് ആരുടെയും സഹായം വേണ്ടാത്തതുപോലെ ഇവിടെ ഹാർദ്ദിക്കിനും അത് വേണ്ട എന്നും റായുഡു പറഞ്ഞു. സ്പെഷ്യലിസ്റ്റുകളെയാണ് ഇംപാക്ട് സബായി ഇറക്കുക എന്ന് ബംഗാർ തുടർന്നു. പന്തെറിയാത്ത നമൻ ധിറും തിലക് വർമ്മയും ഉണ്ട്. താങ്കൾ ഒരു ഐപിഎൽ ടീമിനെ നയിച്ചിട്ടില്ലാത്തതുകൊണ്ടാവും ഇങ്ങനെ തോന്നുന്നത്. പക്ഷേ, രോഹിതിന് ഒന്നിലധികം ഐപിഎൽ കിരീടങ്ങളുണ്ട് എന്നും ബംഗാർ പറഞ്ഞു.
ഇതിപ്പോൾ ഹാർദ്ദിക്കിൻ്റെ ടീം ആണെന്നായിരുന്നു ഇതിന് റായുഡിവിൻ്റെ മറുപടി. രോഹിത് നല്ല ക്യാപ്റ്റനാണ്. പക്ഷേ, ഇപ്പോൾ ഹാർദിക് ആണ് ഈ ടീമിനെ നയിക്കുന്നത്. അദ്ദേഹം എന്താണ് വേണ്ടതെന്നതനുസരിച്ച് ചെയ്യും. രോഹിതിന് പറയേണ്ടത് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ വന്ന് പറഞ്ഞോളും അതിന് രോഹിത് ക്രീസിൽ വേണമെന്നില്ല എന്നും റായുഡു പറഞ്ഞു. എന്നാൽ, മുൻ ക്യാപ്റ്റനിൽ നിന്നല്ല മാനേജ്മെൻ്റിൽ നിന്നാണ് അത്തരം സന്ദേശങ്ങൾ വരുന്നതെന്ന് ബംഗാർ പറഞ്ഞു.
അഞ്ച് മത്സരങ്ങൾ കളിച്ച മുംബൈ വെറും ഒരു ജയം സഹിതം രണ്ട് പോയിൻ്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ്.